Pages

Monday 8 August 2011

വെന്ററുടെ സുവിശേഷം


Dr Craig Venter
ക്രെഗ് വെന്റര്‍ (Craig Venter-1946-) ജനിതകശാസ്ത്രജ്ഞരിലെ ഒറ്റയാനാണ്. 'ദൈവം കളിക്കാന്‍ ശ്രമിക്കുന്നവന്‍' (one who tries ‘to play god’)എന്നുവരെയുള്ള ആരോപണം അദ്ദേഹത്തിനെതിരെ ഉയരണമെങ്കില്‍ ആള് ചില്ലറക്കാരനല്ലെന്ന് കാണണം. പരിണാമസിദ്ധാന്തത്തിന്റെ ശക്തനായ വക്താവായിരിക്കെതന്നെ പരിണാമസിദ്ധാന്തത്തില്‍ നിലവില്‍ സ്വീകാര്യമായ 'പൊതുപൂര്‍വികത്വം'(common descent) സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമുള്ളയാള്‍ എന്നനിലയിലും വെന്റര്‍ ശ്രദ്ധേയനാണ്. ഹ്യൂമന്‍ ജിനോം പ്രോജക്റ്റിന്റെ (Human Geneome Project)ഭാഗമായി മനുഷ്യ ജിനോം അടുക്കിയെടുത്ത (to sequence)ആദ്യത്തെ വ്യക്തികളില്‍ ഒരാളായിട്ടാണ് ശാസ്ത്രലോകത്ത് അദ്ദേഹം കൂടുതലും അറിയപ്പെട്ടിരുന്നത്. മഹാപ്രതിഭാശാലിയും വിവാദപുരുഷനുമായ ഈ ശാസ്ത്രകാരന്‍ ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലാണ്. പഠിക്കുന്ന കാലത്ത്‌ താനൊരിക്കലും ഗൗരവക്കാരനായ ഒരു വിദ്യാര്‍ത്ഥിയേ ആയിരുന്നില്ലെന്നാണ് ‘Life Decoded’ എന്ന വിശ്രുത ആത്മകഥയില്‍ വെന്റര്‍ പറയുന്നത്. വിയറ്റ്‌നാം യുദ്ധത്തിന് എതിരായിട്ടുകൂടി യുദ്ധത്തില്‍ പരിക്കേറ്റ അമേരിക്കന്‍ സൈനികരെ പരിചരിക്കാന്‍ അദ്ദേഹം പോയി. യുദ്ധരംഗത്തെ ഈ ദൗത്യം വെന്ററുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു. 

ഇത്രയും സ്ഥിരോല്‍സാഹിയായ ബഹുമുഖവ്യക്തിത്വങ്ങള്‍ ശാസ്ത്രലോകത്ത് അപൂര്‍വമാണെന്ന് പറയാം. ശാസ്ത്രത്തെ കച്ചവടച്ചരക്കാക്കുന്നുവെന്ന പഴിയും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കാരണം അദ്ദേഹം ഒരേസമയം ഒരു ശാസ്ത്രജ്ഞനും സംരഭകനുമാണ്. ലോകത്ത് ആദ്യമായി കൃത്രിമ ജീനോം ഉപയോഗിച്ച് ഒരു ജീവിയെ വികസിപ്പിച്ചെടുക്കുന്നതില്‍ വെന്ററുടെ നേതൃത്വത്തിലുള്ള ഒരു സംഘം 2010 മേയില്‍ വിജയം വരിക്കുകയുണ്ടായല്ലോ. അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (AAASA)ആസ്ഥാനത്ത് 2010 മേയ് 20 ന് വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിലാണ് വെന്റര്‍ പ്രസ്തുത വാര്‍ത്ത പുറത്തുവിട്ടത.ഈ പ്രഖ്യാപനമാകട്ടെ പോയവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായി ഗണിക്കപ്പെടുന്നു.
ജനിതകഘടന കൃത്രിമമായി അടുക്കിയെടുത്തതിനാല്‍(sequenced) വെന്റര്‍ സൃഷ്ടിച്ച ജീവി ആദ്യത്തെ കൃത്രിമജീവിയാണെന്ന് സാങ്കേതികമായി പറയാം. പക്ഷെ യാഥാര്‍ത്ഥ്യമതല്ല. ജീനോം മാത്രമെ മനുഷ്യനിര്‍മ്മിതമായിട്ടുള്ളു. അത് പുന:സ്ഥാപിച്ച കോശം പ്രകൃതിദത്തമായിരുന്നു. നിര്‍മ്മിക്കപ്പെട്ട ജനിതക ഘടന വെന്റര്‍ സ്വയം കണ്ടെത്തിയതാണെന്നും ധരിക്കരുത്. പ്രകൃതിയില്‍ നിലവിലുള്ള ഒരു ജനിതകഘടന അദ്ദേഹം പകര്‍ത്തുകയായിരുന്നു. ജീനോം പദാര്‍ത്ഥങ്ങളുടെ കാര്യത്തിലും പുതിയതായി ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. പരീക്ഷണശാലയില്‍ നാല് കുപ്പികളില്‍ തയ്യാറാക്കിയ രാസപദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണത് നിര്‍മ്മിച്ചത്. സൃഷ്ടി താത്വികമായി അസാധ്യമായതിനാല്‍ വെന്റര്‍ക്ക് അതിന് സാധിച്ചില്ലെന്ന് കണ്ടാല്‍ മതി. വെന്റര്‍ക്കല്ല, ആര്‍ക്കുമത് സാധിക്കില്ല. 
Venter's autobiography
പക്ഷ വേറൊരു രീതിയില്‍ ഒന്നു ചിന്തിച്ചുനോക്കൂ, ജനിതകപദാര്‍ത്ഥമില്ലാത്ത കോശം അസാധുവാണ്. കോശമില്ലാതെ ജനിതകപദാര്‍ത്ഥത്തിന് പ്രവര്‍ത്തിക്കാനുമാകില്ല. വെന്ററും കൂട്ടരും പുതിയ ജീവന്‍ സൃഷ്ടിച്ചെന്നോ ഇല്ലെന്നോ പറയുന്നത് സാങ്കേതികമായ തര്‍ക്കം മാത്രമാണ്. ഇനി, ഒരു പുതിയ കോശവും നവീന ജനിതകപദാര്‍ത്ഥവും കൃത്രിമമായി നിര്‍മ്മിക്കുകയും ആ കോശത്തെ ഇരട്ടിപ്പിക്കുകയും ചെയ്‌തെന്നിരിക്കട്ടെ. എങ്കില്‍ മനുഷ്യന്‍ ജീവന്‍ സൃഷ്ടിച്ചുവെന്ന് പറയാനാവുമോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ പുതിയ ജീവനുണ്ടാക്കിയെന്ന് പറയുന്നതില്‍ തെറ്റില്ലെന്നാണ് വെന്ററുടെ നേട്ടത്തോട് ശാസ്ത്രലോകം പൊതുവില്‍ പ്രതികരിച്ചത്. ഇത് ശരിയാണോ? തീര്‍ച്ചയായും അല്ല. കാരണം കോശം കൃത്രിമമായി സൃഷ്ടിക്കാനാവില്ല. കോശത്തിന്റെ ഘടകപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് ഒന്നിപ്പിച്ച് കോശമാക്കി മാറ്റുന്ന സംഘാടനം(assembly) മാത്രമെ ആര്‍ക്കും സാധ്യമാകൂ. അത് ഈ പ്രപഞ്ചം അടിച്ചേല്‍പ്പിക്കുന്ന പരിമിതിയാണ്. കൃത്രിമകോശം എന്നുപറയുമ്പോള്‍ ഈ പരിമിതി എപ്പോഴും മനസ്സില്‍ വെക്കണമെന്നപേക്ഷ.

ശാസ്ത്രം ഒരു നൈരന്തര്യമാണ്. 
ഇടയ്ക്കിടെ തിരിച്ചടികളും കുതിച്ചുചാട്ടങ്ങളും ഉണ്ടായേക്കാമെങ്കിലും കൃത്യമായ ഒരു പരിണാമതാളം ശാസ്ത്രചരിത്രത്തില്‍ കണ്ടെത്താനാവും. ഒരു സുപ്രഭാതത്തില്‍ കൃത്രിമജീന്‍ അഥവാ സിന്തറ്റിക് ജീന്‍ ഉണ്ടാക്കി അന്യകോശത്തില്‍ സ്ഥാപിച്ച് പുതിയജീവിയെ ഉണ്ടാക്കുകയല്ല വെന്റര്‍ ചെയ്തത്. വിന്‍ഡോസ് എക്‌സ്.പി യില്‍ (Windows XP) പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പ്യൂട്ടറില്‍നിന്ന് അത് പൂര്‍ണ്ണമായും നീക്കംചെയ്തശേഷം പകരം വിന്‍ഡോസ് 98 (Windows-98) ഓപ്പറേറ്റിംഗ് പ്രോഗ്രാമായി സ്ഥാപിക്കുന്നതിന് സമാനമായ പ്രക്രിയയാണ് സിന്തറ്റിക്ക് ജീനോമിന്റെ കാര്യത്തില്‍ വെന്ററും സംഘവും സാധിതമാക്കിയത്. പക്ഷെ വിന്‍ഡോസ് 98 ന്റെ അസ്സല്‍ സി.ഡി ഉപയോഗിച്ചിട്ടില്ല. പകരം ആ പ്രോഗ്രാം മുഴുവനും കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. കോശത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറായ ഡി.എന്‍.എ ഘടകം(ജീനോം) തന്നെയാണ് കോശത്തില്‍ ജീവന്‍ കുത്തിവെക്കുന്ന ബൂട്ടിംഗ് ഏജന്റായി(Booting agent)ആയി വര്‍ത്തിക്കുന്നത്.

ഡി.എന്‍.എ കൃത്രിമമായി നിര്‍മ്മിക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ 25 വര്‍ഷമായി ഏറിയും കുറഞ്ഞും നാമത് ചെയ്യുന്നുണ്ട്. ചെറിയ ശൃംഖലകളോ ഭാഗങ്ങളോ മാത്രമായിരുന്നു ഇതുവരെ പൂര്‍ത്തീകരിച്ചത്. ആദ്യമായാണ് ഒരു ജീവിയുടെ പൂര്‍ണ്ണമായ ജനിതകപാദര്‍ത്ഥം കമ്പ്യൂട്ടര്‍ സഹായത്തോടെ പിഴവില്ലാതെ നിര്‍മ്മിച്ചെടുക്കുന്നത്. മാത്രമല്ല, മറ്റൊരു കോശത്തില്‍ അത് സ്ഥാപിച്ച് ആ കൃത്രിമജീനോമിന്റെ നിയമാവലിക്കനുസരണമായി ആതിഥേയകോശത്തെ പ്രവര്‍ത്തിപ്പിക്കുവാനും(functionalize) ദശകോടിക്കണക്കിന് ഇരട്ടിപ്പിക്കലുകള്‍ക്കതിനെ (replications)വിധേയമാക്കാനും വെന്ററിനും സംഘത്തിനുമായി. വെന്ററുടെ നേട്ടം ശാസ്ത്ര ചരിത്രത്തിലെ ഐതിഹാസികമായ ഒരു ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നതിന് കാരണമിതാണ്. ശാസ്ത്രത്തിന് അറിയാത്ത ഒരു കാര്യം കണ്ടെത്തുകയായിരുന്നില്ല വെന്റര്‍ ചെയ്തത് മറിച്ച്  
വാഗ്ദത്തമായ ഒരു ശാസ്ത്രസ്വപ്നം സാക്ഷാത്ക്കരിക്കുകയായിരുന്നു. സാങ്കേതികവിദ്യയില്‍ ഉണ്ടായ സമുജ്ജ്വലമായ നേട്ടമായി (A great technological breakthrough ) കൂടി ഇത് വിലയിരുത്തപ്പെടുന്നതിന് കാരണവുമതുതന്നെ.

ജീവന്‍ ഒരു രാസപ്രവര്‍ത്തനമാണ്. കോശമാണ് അതിന്റെ അടിസ്ഥാന ഘടകം. അതിസങ്കീര്‍ണ്ണമായ ഒരു പ്രകൃതിദത്ത ലബോറട്ടറിയാണ് ഓരോ കോശവും. ഡി.എന്‍.എ പദാര്‍ത്ഥങ്ങള്‍ ക്രോമോസോം വഴിയാണ് പുതുതലമുറകളിലേക്ക് കൈമാറപ്പെടുന്നത്. പക്ഷെ ജീവനുള്ള അവസ്ഥയില്‍ മാത്രമേ ക്രോമസോം നിലനില്‍ക്കുന്നുള്ളു. അതുപോലെ തന്നെ ക്രോമസോം ഉള്ളപ്പോഴേ ജീവനും സക്രിയമാകുകയുള്ളു. ഇവിടെയാണ് വെന്ററും സംഘവും ചെയ്തതെന്തെന്ന് വിശദമായി പരിശോധിക്കേണ്ടി വരുന്നത്.

എന്താണദ്ദേഹം ചെയ്തത്? മൈക്കോപ്‌ളാസ്മ മൈക്കോയിഡസ് (Mycoplasma Mycoides)എന്ന ഒരിനം ബാക്റ്റീരിയുയുണ്ട്. അതിന്റെ ജീന്‍ഘടനയില്‍ ലഘുഭേദഗതി വരുത്തിയശേഷം സമാനഗോത്രത്തില്‍പ്പെട്ട മൈക്കോപ്‌ളാസ്മ കാപ്രിക്കോളം (Mycoplasma Capricolumn)എന്ന ബാക്റ്റീരിയുടെ കോശത്തിന്റെ സൈറ്റോപ്‌ളാസത്തിലേക്ക് കുത്തിവെക്കുന്നു. ജനിതകപദാര്‍ത്ഥം കുത്തിവെച്ചതിനൊപ്പം എം.കാപ്രിക്കോളത്തില്‍ തനത്  
ജിനോമിന്റെ പ്രഭാവം നശിപ്പിക്കുന്നുമുണ്ട്. തുടര്‍ന്ന് പ്രസ്തുത എം. കാപ്രിക്കോളം കോശം വന്നുകയറിയ എം.മൈക്കോയിഡ് ജീനോമിന്റെ സ്വഭാവവും ജീവതചര്യയും ആര്‍ജ്ജിക്കുന്നു. ശരിക്കും കൂടുവിട്ട് കൂടുമാറുന്ന പരവിദ്യതന്നെ! എന്നാല്‍ പൂര്‍ണ്ണമായും മുമ്പുണ്ടായിരുന്ന എം.മൈക്കോയിഡസ് ബാക്റ്റീരിയ ആയിരുന്നില്ല അവിടെ പുനര്‍ജനിച്ചത്. അസ്സല്‍ ജീനോമില്‍ ലഘുഭേദഗതിവരുത്തിയാണ് പറച്ചുനട്ടതെന്ന് ആദ്യമേ സൂചിപ്പിച്ചത് മറക്കാതിരിക്കുക. അപ്പോള്‍ ഇന്നുവരെ മനുഷ്യന്‍ കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ ബാക്റ്റീരിയയെ വെന്ററും കൂട്ടരും സൃഷ്ടിച്ചെന്ന് ധൈര്യമായി പറയാം. അതായത് നവജീവി അസ്സല്‍ എം.മൈക്കോയിഡസുമായി വന്‍സാമ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ നേരിയതോതില്‍ ഭിന്നമാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു പുതിയ ജീവിയായി കാണേണ്ടതുണ്ട്. അതായത് വെന്റര്‍ എം.മൈക്കോയിഡിന്റെ ജീനോമെടുത്ത് എം.കാപ്രിക്കോളത്തിന്റെ കോശത്തില്‍ സ്ഥാപിച്ചപ്പോള്‍ കിട്ടിയ പരിണിതഫലം എം.മൈക്കോയിഡസുമല്ല, എം.കാപ്രിക്കോളവുമില്ല, ഒരു പുതിയ ജീവിയാണ്!

മൈക്കോപ്‌ളാസ്മ മൈക്കോയിഡസ് (Mycoplasma Mycoides) ബാക്റ്റീരിയുടെ 1.08 ദശലക്ഷം ബേസ്‌കൂട്ടായ്മകള്‍ ഉള്‍ക്കൊള്ളുന്ന ജനിതകഘടന കമ്പ്യൂട്ടര്‍സഹായത്തോടെ കണ്ടെത്തുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. തുടര്‍ന്ന് അതില്‍നിന്നും 14 ജീനുകള്‍ നീക്കംചെയ്യുകയും 5000 ബേസ്‌ജോടികളുടെ(base pairs) മേല്‍ ഒരു വാട്ടര്‍മാര്‍ക്ക് (Watermark) ചാര്‍ത്തികൊടുക്കുകയും ചെയ്തു. കോഡിനുള്ളിലെ കോഡ് രേഖപ്പെടുത്തിയ പുതിയ കോഡ് ്(‘a new code within the code within the code’) എന്നാണ് വെന്ററിതിനെ വിശേഷിപ്പിച്ചത്. വാട്ടര്‍മാര്‍ക്കെന്നത് വിന്ററും കൂട്ടരും കണ്ടെത്തിയ ഒരു പുതിയ രചനാസങ്കേതമാണ്. സത്യത്തില്‍ ഇത് ഇരട്ടബേസുകളുടെ ഒരു സവിശേഷ വിന്യാസരീതി മാത്രമാണ്. അല്ലാതെ പുറത്തുനിന്നും ഒന്നും ചേര്‍ക്കുന്നതല്ല. അതായത് ഒരു ഹോളില്‍ എല്ലാവരും ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ പത്തുപേരെ ഒരു പ്രത്യേകവിന്യാസക്രമത്തില്‍ എഴുന്നേറ്റു നിറുത്തുന്നതുപോലെ. ഭാരതീയം പോലുള്ള മാസ് ഡ്രില്ലില്‍ മേരാ ബാരത് മഹാന്‍ എന്നൊക്കെ എഴുതി കാണിക്കാറില്ലേ, അതുപോലെ!

ഇംഗ്‌ളീഷിലെ 26 അക്ഷരങ്ങളും പംങ്ചുവേഷന്‍ ചിഹ്നങ്ങളും (Punctuation marks)എണ്ണല്‍ സംഖ്യകളും അടങ്ങുന്ന അക്ഷരങ്ങളാണ് സിന്തറ്റിക്ക് ജീനിന്റെ ഈ കോഡിനുള്ളിലെ കോഡ് നിര്‍മ്മിക്കാനായി ഉപയോഗിച്ചത്. പരീക്ഷണമാറ്റങ്ങള്‍ വ്യക്തമായ നിരീക്ഷിച്ചറിയുക എന്നതാണ് വാട്ടര്‍മാര്‍ക്കിംഗിന്റെ യാഥാര്‍ത്ഥലക്ഷ്യം. അതായത് റിച്ചാഡ് ലെന്‍സ്‌ക്കിയും മറ്റും പരീക്ഷണത്തില്‍ അഗാര്‍ക്കുഴമ്പ് മിശ്രിതം ഉപയോഗിച്ച് ഇ.കോളി ബാക്റ്റീരിയയെ പ്‌ളേറ്റ് ഔട്ട് ചെയ്തതുപോലെ. ബാക്റ്റീരയ പരീക്ഷണങ്ങളില്‍ ഇങ്ങനെ എന്തെങ്കിലും വ്യവസ്ഥ ഉണ്ടാക്കിയില്ലെങ്കില്‍ അവസാനം കാര്യങ്ങള്‍ ചക്ക കുഴയുന്നതുപോലെ കുഴയും; ആര്‍ക്കെന്തു സംഭവിച്ചെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിത്തീരും.

പുതുതായി ഉണ്ടാക്കിയ സിന്തറ്റിക് ജീനോമിന്റെ ജനിതകവിന്യാസം കൃത്യമായി ക്രമീകരിച്ചപ്പോള്‍ തന്നെ അതില്‍ കുറച്ച് കഥയും കാര്യവും തത്വചിന്തയുമൊക്കെ ഉള്‍പ്പെടുത്താനും വെന്റര്‍ സാഹസം കാട്ടി! 47 വിശ്വപ്രസിദ്ധ ശാസ്ത്രരചയിതാക്കളുടേയും വെന്ററുടെ സംരഭത്തിന് സഹായം നല്‍കിയ നിരവധിയാളുകളുടേയും പേരുകള്‍ക്കും പുറമെ 3 വെബ്‌സെറ്റുകളുടേയും പേരുകളും അതിലുണ്ട്.

ഒപ്പം വിശ്വപ്രസിദ്ധമായ മൂന്ന് ഉദ്ധരണികളും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വിഖ്യാത ഇംഗ്‌ളീഷ് നോവലിസ്റ്റ് ജയിംസ് ജോയ്‌സിന്റെ ദി പോര്‍ട്രയിറ്റ് ഓഫ് ആര്‍ട്ടിസ്റ്റ് ആസ് എ യംഗ് മാന്‍ (A Portrait of Artist as a Young man by James Joyce)എന്ന കൃതിയല്‍ നിന്നും ''ജീവിതത്തില്‍ തെറ്റുകള്‍ സഹജമാണ്. പക്ഷെ വീഴ്ചകള്‍ വിജയത്തിന് മുന്നോടിയാവുകയും ജീവനില്‍നിന്ന് പുതുജീവനുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'' (“To live, to err, to fall, to triumph, and to recreate life out of life”) എന്ന വാക്യമാണ് അതിലൊന്ന്. അണുബോംബിന്റെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പന്‍ഹീമറെപ്പറ്റിയുള്ള ദി അമേരിക്കന്‍ പ്രൊമത്യൂസ് (American Promotheus on J Robert Oppenheimer)എന്ന കൃതിയില്‍ കാണപ്പെടുന്ന "കാണപ്പെടുന്ന രീതിയിലല്ല മറിച്ച് കാണപ്പെടേണ്ട രീതിയിലാണ് വസ്തുക്കളെ മനസ്സിലാക്കേണ്ട''തെന്ന വരിയാണ് മറ്റൊന്ന്(“See things not as they are but as they might be”). ''എനിക്ക് നിര്‍മ്മിക്കാനാവാത്ത ഒന്ന് എനിക്കറിയാനുമാവില്ല'' (“What I can not build, I can not know”) എന്ന റിച്ചാഡ് ഫെയ്മാന്റെ (Richard Feynman) പ്രശസ്തമായ ഉദ്ധരണിയും ജനിതകകോഡിനിടയില്‍ വെന്ററും കൂട്ടരും മൂന്നാമതായി ഒളിപ്പിച്ച് വെച്ചു.

വെന്റര്‍ നടത്തിയത് ഏതാണ്ട് സമാനമായ ജീവികളില്‍ നടന്ന ജനിതകപദാര്‍ത്ഥ കൈമാറ്റമാണ്. വ്യത്യസ്ത സ്പീഷിസില്‍പെട്ട കോശങ്ങളില്‍ ഡി.എന്‍.എ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള സങ്കീര്‍ണ്ണത ഏറിയിരിക്കുമല്ലോ. മൊത്തം കോശത്തിന്റെ ഭാരത്തിന്റെ കേവലം ഒരു ശതമാനം ഭാരം മാത്രമാണ് ജീനോം പ്രതിനിധീകരിക്കുന്നത്. പക്ഷെ ഭാരത്തിന്റെ കണക്ക് മാത്രം പറയുന്നതില്‍ കഥയില്ല. എന്തെന്നാല്‍ ജീനോം ഇല്ലെങ്കില്‍ ജീവന്‍ ഇല്ല എന്നതുതന്നെ. ജീവന്റെ സോഫ്റ്റ്‌വെയറായ 
ജീനോം കോശത്തിന്റെ ബാക്കി 99 ശതമാനം ഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുവെന്നു മാത്രമല്ല സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നു.

വാസ്തവത്തില്‍ കൃത്രിമ ജീനോം നിര്‍മ്മാണശ്രമങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ടെന്ന് സൂചിപ്പച്ചല്ലോ. 1967 ല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ആര്‍തര്‍ കോണ്‍ബര്‍ഗ് (Arthur Konberg) ഇ.കോളി (E.coli) ബാക്റ്റീരിയയെ ആക്രമിക്കുന്ന Phi X 174 എന്ന പരാദ(page)ജീനോം പകര്‍ത്തിയെടുക്കാമെന്ന് തെളിയിക്കുകയുണ്ടായി. പക്ഷെ പേജ് ജീനോം കോപ്പി ചെയ്‌തെങ്കിലും അതിന്റെ ജീനോം വിന്യാസക്രമം തിരിച്ചറിയാന്‍ കോന്‍ബര്‍ഗിന് കഴിഞ്ഞിരുന്നില്ല. അതായത് പലരും ഇന്റര്‍നെറ്റില്‍ നിന്ന് കാര്യമറിയാതെ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യുന്നതുപോലെ. 1977 ല്‍ ഫ്രഡ് സാന്‍ഗര്‍ അത് കണ്ടെത്തിയപ്പോള്‍ വര്‍ഷം പത്ത് പിന്നിട്ടിരുന്നു.

യഥാര്‍ത്ഥത്തില്‍ വെന്ററും കൂട്ടരും സാധിതമാക്കിയത് ജീനോ സ്വീകന്‍സിംങ് സാങ്കേതികവിദ്യയിലെ ഒരു കുതിച്ചുചാട്ടം പോലുമല്ല. പക്ഷെ എങ്കിലുമത് മുന്നോട്ടുള്ള അതിശക്തമായ ഒരു ചുവടുവെയ്പ്പാണ്. ജനിതകപദാര്‍ത്ഥമായ ഡി.എന്‍.എ കൃത്രിമമായി നിര്‍മ്മിക്കാനാകുമെന്ന് നമുക്ക് പണ്ടേ അറിയാമായിരുന്നു. അതിന്റെ സാങ്കേതികവിദ്യയും തിരിച്ചറിഞ്ഞിരുന്നു. കമ്പ്യൂട്ടറിന്റെ വരവാണ് ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയത്. ഹ്യൂമന്‍ ജിനോം പ്രോജക്റ്റില്‍ മനുഷ്യന്റെ ഉള്‍പ്പടെ നിരവധി ജീവകളുടെ ജനിതകക്കുറിപ്പുകള്‍ വായിച്ചെടുക്കുന്നതില്‍ നാം വിജയിച്ചിരുന്നുവല്ലോ. ഡി.എന്‍.എ യുടെ ലഘുരൂപം (minimal DNA) മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കോശത്തില്‍ പറിച്ചുനട്ടിരിക്കുന്നത്. മിനിമല്‍ ഡി.എന്‍.എ എന്നാല്‍ അത്യാവശ്യംവേണ്ട ജനിതകപദാര്‍ത്ഥം എന്നു മനസ്സിലാക്കണം. അതായത് ഇരട്ടിക്കല്‍ (replication)ഉള്‍പ്പെടെയുള്ള അവശ്യംവേണ്ട കോശധര്‍മ്മങ്ങള്‍ മാത്രം നിര്‍വഹിക്കാനുള്ള ജനിതകക്കുറിപ്പുകള്‍ എന്നര്‍ത്ഥം. വെന്ററും കൂട്ടരും പതിനഞ്ച് വര്‍ഷമെടുത്താണ് ഈ മഹത്തായ നേട്ടം പൂര്‍ത്തിയാക്കിയത്.

അദ്ദേഹത്തിന്റെ സംഘത്തിലെ ഹാമില്‍ട്ടണ്‍ സ്മിത്തും(Hamilton Smith) ക്‌ളൈഡ് ഹച്ചിന്‍സണും(Clyde Hutchinson) 1995 ല്‍ തന്നെ സ്വയം ഇരട്ടിക്കാന്‍ ശേഷിയുള്ള രണ്ട് ജീനോമുകള്‍ കൃത്യമായി അടുക്കിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. ഹീമോഫിലസ് ഇന്‍ഫ്‌ളൂന്‍സയും (Haemophilus Influenzae) എം. ജനിറ്റാലിയവുമായിരുന്നു (M.genitalium)അവ. അതില്‍ എം.ജനിറ്റാലിയത്തില്‍ 6 ലക്ഷം ഇരട്ടബേസുകള്‍ രൂപംകൊടുക്കുന്ന ക്രോമസോമാണ് ഉണ്ടായിരുന്നത്. ഒരുപക്ഷെ സ്വയം ഇരട്ടിക്കാന്‍ ശേഷിയുള്ളവയില്‍ ഏറ്റവും ചെറുതും ലളിതവുമായ ജനിതകക്കുറിപ്പാണിത്. എങ്കിലും 485 പ്രോട്ടീന്‍ നിര്‍മ്മാണശേഷിയുള്ള ജീനുകളില്‍ (mRNA Protein coding genes)കുറഞ്ഞത് 100 എണ്ണമെങ്കിലും തീര്‍ത്തും അത്യന്താപേക്ഷിതമാണെന്നും തെളിഞ്ഞിരുന്നു. എം. ജനിറ്റാലിയമാണ് ഏറ്റവും ലളിതമായ ജീനോം ഘടനയുള്ളതെങ്കിലും അതിലും ലളിതവുമായ ജീന്‍ഘടനയുള്ള ഒരു ജനിതകക്കുറിപ്പ് തയ്യാറാക്കാനാവുമോ എന്നതായിരുന്നു വെന്ററും കൂട്ടരും നേരിട്ട നിര്‍ണ്ണായക പ്രശ്‌നം.

ഒരു ബാക്റ്റീരിയയുടെ മുഴുവന്‍ ജീനോം നിര്‍ധാരണം ചെയ്ത് കൃത്യമായി അടുക്കിയെടുക്കുകയും അത് ഒരു ഡോണര്‍ ബാക്റ്റീരിയയില്‍ പുന:സ്ഥാപിക്കുകയുമെന്ന കൃത്യമാണ് വെന്ററും സംഘവും ഏറ്റെടുത്തത്. സാങ്കല്‍പ്പികവും താത്ത്വികവുമായി ഇത് സാധ്യമാണെന്ന് പണ്ടേ കരുതപ്പെട്ടിരുന്നു. പക്ഷെ നടപ്പാക്കിയത് ഇപ്പോഴാണെന്ന് മാത്രം. ഈ പ്രയാണം തുടങ്ങിക്കിട്ടാന്‍ നീണ്ട 15 വര്‍മെടുത്തുവെങ്കിലും ഇന്ന് മനുഷ്യന്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ശേഷി നേടിയിരിക്കുകയാണെന്നാണ് കൃത്രിമ ജിനോം നിര്‍മ്മാണദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് പ്രഖ്യപിച്ച പത്രസമ്മേളനത്തില്‍ വെന്റര്‍ പറഞ്ഞത്.

പക്ഷെ ശ്രദ്ധിക്കുക, കോശം നിര്‍മ്മിക്കാനായില്ലെന്ന് മാത്രമല്ല ഏതൊക്കെ ജീനുകളാണ് കോശപ്രവര്‍ത്തനം തുടങ്ങിവെക്കുന്നതെന്ന് തിരിച്ചറിയാനും തങ്ങള്‍ക്കായില്ലെന്നും ഇതേ പത്രസമ്മേളനത്തില്‍ വെന്റര്‍ സമ്മതിക്കുകയുണ്ടായി. ഒരു പക്ഷെ സന്ദേശവാഹിയായ എം.ആ.എന്‍.എ (mRNA))നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഒരു കൊഴുപ്പ് തന്മാത്രയായിരിക്കാം (Lipid vesicle)എല്ലാം തുടങ്ങിവെക്കുന്നത്. പക്ഷെ അത് കൃത്യമായി തിരിച്ചറിയാന്‍ ഇനിയുമായിട്ടില്ല. വളരെ അത്യാവശ്യം വേണ്ടുന്ന ജീനുകള്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു ജനിതകക്കുറിപ്പ് ഉണ്ടാക്കിയെടുക്കാനായി നിലവിലുള്ള ഒരു ജനിതകപദാര്‍ത്ഥത്തില്‍ നിന്ന് ആവശ്യമില്ലാത്തവ നീക്കം ചെയ്തുനോക്കാന്‍ (delete) വെന്ററും കൂട്ടരും തുനിഞ്ഞില്ല. കാരണമെന്തെന്നല്ലേ? ഗാഢമായ പാരസ്പര്യം പുലര്‍ത്തുന്ന ജീനകുളില്‍ ചിലത് നീക്കം ചെയ്യുകയും ചിലത് നിലനിര്‍ത്തുകയും ചെയ്യുകയെന്നത് തീര്‍ത്തും ശ്രമകരമാണ്. ജീനുകളുടെ സംഘടിതപ്രഭാവം (Link effect) കൂടി പരിഗണിക്കേണ്ടതുണ്ടല്ലോ. ഒരു സമയം ഒരെണ്ണം(‘one at atime’) എന്നതോതിലേ അത് സാധിക്കുമായിരുന്നുള്ളു. അതുകൊണ്ടാണ് കൃത്രിമ ജീനോം തന്നെ നിര്‍മ്മിക്കാന്‍ വെന്ററും കൂട്ടരും ബാധ്യസ്ഥരായത്. മാത്രമല്ല ജീനോം പുതിയതായി നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ ഘടനയില്‍ ചില ലഘുഭേദഗതികള്‍ വരുത്തിക്കൊണ്ട് ജീവന്റെ ഉള്ളറകള്‍ കണ്ടെത്താനുള്ള ശ്രമം നടത്താമെന്നും അദ്ദേഹം കരുതി.

ഇവിടെ രസകരമായ മറ്റൊരു കാര്യം പരാമര്‍ശിക്കാതെ വയ്യ. വെന്റര്‍ സാധ്യമാക്കിയത് 2007 ല്‍ വെന്ററിന്റെതന്നെ സംഘാംഗമായ കരോള്‍ ലാര്‍റ്റിഗ്യൂവിന്റെ (Carole Lartigue)നേതൃത്വത്തില്‍ ഏകദേശം നിര്‍വഹിച്ചതാണ്. എം. മൈക്കോയിഡസിന്റെ പ്രോട്ടീന്‍രഹിതമായ ജനിതകപദാര്‍ത്ഥം മുഴുവനായെടുത്ത് എം.കാപ്രിക്കോളത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും അതവിടെ പ്രജനനം ആരംഭിക്കുകയും ചെയ്തിരുന്നു. അതായത് ജീനോമുകള്‍ വെച്ചുമാറുന്ന സാങ്കേതികത അന്നേ പരീക്ഷിച്ചുറപ്പിച്ചിരുന്നു. പക്ഷെ അവിടെ കൈമാറിയ ജനിതകപദാര്‍ത്ഥം എം.
മൈക്കോയിഡസില്‍ നിന്ന് പ്രകൃതിദത്തമായി ലഭ്യമായതായിരുന്നു. മനുഷ്യനിര്‍മ്മിതമായ ജീനോം നിര്‍മ്മിച്ച് കൈമാറി പുതിയ ജീവിയെ സൃഷ്ടിക്കാന്‍ ഏറെ ദൂരമില്ലെന്നാണ് വെന്ററും കൂട്ടരും അന്ന് കരുതിയത്. പക്ഷെ അത് സാധ്യമാകാന്‍ പിന്നെയും 2 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു.
Venter with Richard dawkins
in Munich, 2011


2008 ലാണ് വെന്ററിന്റെ സംഘം കൃത്രിമജീന്‍ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകനേട്ടം സ്വന്തമാക്കിയത്. ഏതാണ്ട് 5 ലക്ഷം ബേസ് ഇരട്ടകളുള്ള മുമ്പ് പരാമര്‍ശിച്ച എം. ജനിറ്റാലിയം (M. genitalium) എന്ന മൈക്രോബിന്റെ ജീനോം അവര്‍ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചു. ഈ കൃത്രിമജീനോമിനെ പ്രകൃതിദത്ത ജീനോമില്‍നിന്ന് തിരിച്ചറിയാനുള്ള വാട്ടര്‍മാര്‍ക്കും ചാര്‍ത്തി അവയെ ബാക്റ്റീരിയ കോളനികളില്‍ പ്രജനനത്തിനായി കയറ്റിവിട്ടു. അപ്പോള്‍ നല്‍കിയ വാട്ടര്‍മാര്‍ക്കില്‍ ചില ശാസ്ത്ര രചയിതാക്കളുടെ പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, കവിതയും ഉദ്ധരണികളുമൊന്നുമില്ലായിരുന്നു. എം. ജനിറ്റാലിയത്തിന്റെ ജീനോം ലഭ്യമായതില്‍വെച്ച് ഏറ്റവും ലളിതമാണെങ്കിലും അവറ്റയ്ക്ക് ഇരട്ടിക്കാന്‍ 6 ആഴ്ച വരെ ആവശ്യമുണ്ടെന്ന പ്രശ്‌നവുമുണ്ട്. കാത്തിരിപ്പ് മനുഷ്യന് പൊതുവെ ദുസ്സഹമാണല്ലോ.

പക്ഷെ മുഖ്യപ്രശ്‌നം മറ്റൊന്നായിരുന്നു. എം.ജനിറ്റാലിയത്തിന്റെ കൃത്രിമ ജനിതകപാദാര്‍ത്ഥം മറ്റൊരു മൈക്രോബിന്റ സൈറ്റോപ്‌ളാസത്തിലേക്ക് കയറ്റിവിട്ടെങ്കിലും അതിനവിടെ പ്രവര്‍ത്തിച്ച് തുടങ്ങാനായില്ല. നിയന്ത്രിക്കുന്ന എന്‍സൈമുകള്‍ അടക്കമുള്ള അന്യജനിതകപാദര്‍ത്ഥത്തെ പ്രതിരോധിക്കാന്‍ ഓരോ കോശവും ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ സംവിധാനമായിരുന്നു തടസ്സകാരണം. ഇത് പെട്ടെന്ന് തിരിച്ചറിയാനയത് വെന്ററും കൂട്ടര്‍ക്കും അനുഗ്രഹമായി. അവര്‍ കടത്തിവിട്ട കോശത്തിന് ന്യക്‌ളിയസുണ്ടായിരുന്നു. ഒപ്പം അന്യ ജീനോമുകളെ ആഹരിക്കുന്ന ഒരു പ്രതിരോധ എന്‍സൈമും (restrictive enzyme)ആ കോശത്തിലുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ ദീര്‍ഘകാലം കൊണ്ട് പ്രജനനം നടത്തുന്ന എം.ജനിറ്റാലിയത്തിന് പകരം ഏതാണ്ട് ഇരട്ടി ബേസ് ഇരട്ടകളുള്ള എം.മൈക്കോയിഡിന്റെ ജീനോ കൃത്രിമമായി നിര്‍മ്മിക്കാന്‍ തീരുമാനിക്കപ്പെട്ടു. കാരണമെന്തെന്നല്ലേ? എം.മൈക്കോയിഡസിന് വളര്‍ന്ന് പ്രജനനം നടത്താന്‍ 2-3 ദിവസം മാത്രമേ ആവശ്യമുള്ളു.

2009 ല്‍ തന്നെ എം.മൈക്കോയിഡസിന്റെ ക്രോമസോം അടര്‍ത്തിയെടുത്ത് യീസ്റ്റില്‍ (yeast)സൂക്ഷിക്കാനുള്ള സാങ്കേതികവൈഭവം കൈവരിച്ചിരുന്നു. യീസ്റ്റീല്‍ സൂക്ഷിക്കുന്ന ക്രോമസോമില്‍ ചില ചെറിയ ഭേദഗതികള്‍ വരുത്തി തിരിച്ചെടുത്ത് എം.കാപ്രിക്കോളത്തില്‍ പറിച്ചുനടാനുമുള്ള സാങ്കേതികവിദ്യ കൈവരിക്കാനായി അടുത്ത ശ്രമം. അതിലവര്‍ പെട്ടെന്ന് വിജയം കണ്ടു. പക്ഷെ പറയുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഇതിലേക്കായി നവീനമായ ചില സാങ്കേതികതന്ത്രങ്ങള്‍ പ്രയോഗിക്കപ്പെട്ടു. യീസ്റ്റിന് യൂക്കാരിയോട്ടിക്ക് കോശമാണുള്ളത്. അതില്‍നിന്നും ഒരു ബാക്റ്റീരിയയുടെ ജനിതകപദാര്‍ത്ഥം കുറ്റമറ്റരീതിയില്‍ തരംതിരിച്ചെടുക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ പലപ്പോഴും പ്രതിബന്ധഹേതുവായി. ഈ ഘട്ടം യീസ്റ്റില്‍നിന്നും തിരിച്ചെടുത്ത ക്രോമസോം പുതിയ കോശമായ എം.കാപ്രിക്കോളത്തിന്റെ കോശത്തില്‍ കടത്തിവിടുന്നതിലും വെല്ലുവിളികള്‍ നിറഞ്ഞതയാരുന്നു. താരതമ്യേന കൂടുതല്‍ ലളിതമായ എം.ജനാറ്റാലിയത്തിന്റെ കാര്യത്തില്‍പ്പോലും അക്കാര്യം വേണ്ടവണ്ണം നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നോര്‍ക്കണം.

ഇവിടെയാണ് നിര്‍ണ്ണായകമായ മറ്റൊരു കണ്ടെത്തല്‍ വഴിത്തിരിവായി മാറിയത്. ബാക്റ്റീരിയ കോശങ്ങളിലെ ക്രോമസോമുകള്‍ക്ക് മീഥേലിന്റെ (methyl)സംരക്ഷണകവചമുണ്ട്. കോശത്തിലെ കാവല്‍ഭടന്‍മാരായ പ്രതിരോധ എന്‍സൈമുകളില്‍ നിന്ന് അവയെ രക്ഷപ്പെടുത്തുന്നത് ഈ മീഥേല്‍ കവചമാണെന്ന് വെന്ററിന്റെ സംഘം കണ്ടെത്തി. അതായത് മീഥേല്‍ കവചം(Methylation) ഇല്ലായിരുന്നുവെങ്കില്‍ ഓരോ കോശവും സ്വന്തം ജനിതകപദാര്‍ത്ഥം ആഹരിച്ച് നശിപ്പിച്ചുകളയുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്യുമായിരുന്നു! അതുകൊണ്ട് പഴയ അബദ്ധം പിണയാതിരിക്കാനായി യീസ്റ്റില്‍നിന്നെടുത്ത എം.മൈക്കോയിഡസ് ക്രോമസോമിനെ മീഥേലില്‍ മുക്കിയാണ് പറിച്ച് നട്ടത്. അതോടെ ജനിതകപദാര്‍ത്ഥം സ്വീകരിച്ച കോശത്തിലെ പ്രതിരോധ എന്‍സൈമുകള്‍ നിഷ്പ്രഭമായി! അതായത് കോശത്തിലെ പ്രതിരോധസംവിധാനത്തിന് സ്വന്തം ക്രോമസോമെന്നോ അന്യ ക്രോമസോമെന്നോ ഉള്ള വ്യത്യാസമില്ലാതെയായി. മീഥേല്‍ കവചമുണ്ടോ അത് മാത്രമാണ് പ്രധാനം!

മൊത്തം അന്ധമായ ഒരു രാസപ്രവര്‍ത്തനം! ശരിയായ നിര്‍ദ്ദേശം കൊടുത്താല്‍ ശരിയായ പ്രവര്‍ത്തനം; അത്രതന്നെ. സ്വന്തം കോശമെന്നോ അന്യകോശമെന്നോ ഉള്ളത് അവിടെ പ്രശ്‌നമില്ല. സോഫ്റ്റ് വെയര്‍ ഏതായാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കും-കൃത്യമായ ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ കൂടെ കരുതണമെന്ന് മാത്രം. ജീവന്റെ ഗര്‍ഭരഹസ്യങ്ങള്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുകയാണിവിടെ. കൃത്യമായി രാസവസ്തുക്കള്‍ കണ്ടെത്തുക, പ്രവര്‍ത്തനരീതി തിരിച്ചറിയുക...ജീവന്‍ എന്ന മഹാത്ഭുതത്തിലേക്കുള്ള താക്കോല്‍ മനുഷ്യന് കൈവരുകയായി...

യീസ്റ്റില്‍ സൂക്ഷിച്ച എം.മൈക്കോയിഡ് ജീനോം അവിടെനിന്നും പറിച്ച്  മീഥേലേഷന്‍ നടത്തി എം.കാപ്രിക്കോളത്തിന്റെ കോശത്തില്‍ സ്ഥാപിക്കുന്നതില്‍ സംഘം ആദ്യശ്രമത്തില്‍ തന്നെ വിജയംവരിച്ചു. പക്ഷെ അപ്പോഴവിടെ സംഭവിച്ചത് കേവലം ക്രോമസോം കൈമാറ്റം മാത്രമായിരുന്നു. മനുഷ്യന്‍ എന്തെങ്കിലും പുതിയതായി നിര്‍മ്മിച്ചതായി പറയാനാവുമായിരുന്നില്ല. 2009 അവസാനത്തോടെ മനുഷ്യനിര്‍മ്മിത ക്രോമസോം തന്നെ മാറ്റിവെക്കാനുള്ള ശ്രമമാരംഭിച്ചു. കൃത്രിമ ജീനോം ഒരു ശതമാനംപോലും പിഴവില്ലാതെ നിര്‍മ്മിക്കുകയെന്നതായിരുന്നു ആ ഘട്ടത്തിലെ പ്രധാന വെല്ലുവിളി. വളരെ പെട്ടെന്ന് തന്നെ തരണംചെയ്യാമെന്ന് വെന്റര്‍ കരുതിയ ഈ ഘട്ടം പക്ഷെ നീണ്ടുപോയി.

സംഭവിച്ചതെന്തെന്നോ? കൃത്രിമ ജീനോം സ്വീക്വന്‍സ് ചെയ്യവെ ഒരു ദശലക്ഷം ബേസ് ഇരട്ടകള്‍ അടുക്കുമ്പോള്‍ ഒരെണ്ണത്തിന്റെ കാര്യത്തില്‍ തെറ്റുപറ്റി. ഉണ്ടാക്കിയെടുത്ത ജീനോമില്‍ ഒരു ബേസ് ജോഡി കാണാനില്ല! എന്തുചെയ്യും? അതോടെ സര്‍വതും തകിടം മറിഞ്ഞു. ജീനോമിന്റെ കാര്യത്തില്‍ രസകരമായ ചില സവിശേഷതകളുണ്ട്. പ്രപഞ്ചം ഏറെക്കുറെ ശൂന്യമാണെന്ന് പറയുന്നതുപോലെ തന്നെയാണ് ജീനോമിന്റെയും സ്ഥിതി. ഉദാഹരണമായി 23000-27000 വരെ ജീനുകളാണ് മനുഷ്യന്റെ ജീനോമിലുള്ളത്. പക്ഷെ ഇവയില്‍ മഹാഭൂരിപക്ഷവും ഉപയോഗശൂന്യമായ ജീനുകളാണ്. അവ ജീനോമില്‍ ഉണ്ടെങ്കിലും വിശേഷിച്ച് യാതൊരു ധര്‍മ്മവും നിര്‍വഹിക്കുന്നില്ല. മിക്ക ജീവികളിലും 80% ജീനുകളും ജങ്ക് ജീനുകളാണ്(junk genes). ഇവയൊക്കെ ഒന്നടങ്കം നീക്കം ചെയ്താല്‍പോലും കോശം പ്രവര്‍ത്തിക്കും. എന്നാല്‍ പ്രഭാവികളായ ജീനുകളുടെ കാര്യത്തിലാകട്ടെ, ഒരു ചെറിയൊരു പിഴവുപോലും സ്വീകാര്യവുമല്ല.

വെന്ററും സംഘവും വാട്ടര്‍മാര്‍ക്ക് കൊടുത്തത് ഏറെക്കുറെ ജങ്ക് ജീനുകള്‍ക്കാണ്. നിര്‍ണ്ണായകമായ ബേസ് ജോഡിയുടെ കാര്യത്തിലുണ്ടായ പിഴവ് കണ്ടെത്തി പരിഹരിക്കാന്‍. മൂന്ന് മാസമെടുത്തു. അതിനൊടൊപ്പം ഭാവിയില്‍ അങ്ങനെ സംഭവിക്കാതിരിക്കാനായി അസ്സല്‍ ജിനോമുമായി കൃത്രിമജീനോമിനുള്ള സമാനത സൂക്ഷ്മാശത്തില്‍തന്നെ പരിശോധിച്ചുറപ്പിക്കാന്‍ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും പരീക്ഷണസംഘം ഈ മൂന്ന് മാസത്തിനുള്ളില്‍ വികസിപ്പച്ചെടുത്തു. ഉര്‍വശീശാപം ഉപകാരം!

കൃത്രിമജിനോം വികസിപ്പെച്ചെടുത്തത് പടിപടിയായിട്ടാണ്. ആദ്യമായി എം.മൈക്കോയിഡസിന്റെ 1.08 ദശലക്ഷം ബേസ് ജോഡികള്‍ ചെറിയ കാസറ്റുകളിലായി അടുക്കും. എന്നിട്ടവ വലിയ ചങ്ങലകളാക്കി മാറ്റുകയും തുടര്‍ന്ന് ഈ ചങ്ങലകള്‍ കൂട്ടിച്ചേര്‍ത്ത് മുഴുവന്‍ ജീനോം ഉണ്ടാക്കുകയും ചെയ്യും. ക്ഷമിക്കണം, യീസ്റ്റിന് ബേസ് ജോഡികളെ കൂട്ടംചേര്‍ക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്ന കാര്യം പറയാന്‍ ഞാന്‍ വിട്ടുപോയി. ഒരു സമയം 25 ബേസ്‌ജോഡികളെ വരെ സംയോജിപ്പിക്കാന്‍ അതിന് കഴിയും. ആദ്യം പതിനായിരം ബേസ് ജോഡികളുള്ള 110 കാസറ്റുകള്‍ ഉണ്ടാക്കുകയും പിന്നീട് ഈ പതിനായരിത്തിന്റെ കാസറ്റുകളുടെ പത്തെണ്ണംവീതം കൂട്ടിയോജിപ്പിച്ച് പതിനൊന്ന് കൂട്ടങ്ങള്‍ നിര്‍മ്മിക്കുകയും ഇങ്ങനെ ലഭ്യമായ 11 വലിയ കൂട്ടങ്ങള്‍ ശൃംഖലയായി ഘടിപ്പിച്ച് 1.08 ദശലക്ഷം ബേസ്‌ജോടികളുടെ കൂട്ടം ശരിയാക്കി കൃത്രമജീനോം പൂര്‍ത്തിയാക്കുകയുമാണ് ചെയ്തത്.

ഈ പ്രക്രിയയിലുടനീളം യീസ്റ്റിലെ ഒരു ജീന്‍ വെക്റ്റര്‍ ഡി.എന്‍.എ (vector DNA)ആയി ഉപയോഗിച്ച് യീസ്റ്റ് സ്വന്തം ക്രോ
സോമിനെ പരിഗണിക്കുന്നതുപോലെ കൃത്രിമജീനോമിനെ പ്രജനനത്തിന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ യീസ്റ്റ് കൃത്രിമ ജീനോമിന്റെ വിവിധഘട്ടങ്ങളായി ഇരട്ടിക്കുകയും അതെല്ലാം വേര്‍തിരിച്ച് പൂര്‍ണ്ണ കൃത്രിമ ജീനോമിന്റെ ഓരോ കോപ്പികള്‍ വെന്ററും സംഘവും നിര്‍മ്മിക്കുകയും ചെയ്തു. അങ്ങനെ കൃത്രിമ ജീനോമിന്റെ നിരവധി പതിപ്പുകള്‍ അവര്‍ തയ്യാറാക്കി നിറുത്തി. ഒന്നു പരാജയപ്പെട്ടാല്‍ മറ്റൊന്ന് എന്ന മുന്‍കരുതലോടെ. ശരിക്കും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പണിയാണ് വെന്റര്‍ യീസ്റ്റിനെ ഉപയോഗിച്ച നടത്തിയത്!

യീസ്റ്റില്‍നിന്ന് വേര്‍തിരിച്ചെടുത്ത കൃത്രിമജീനോം എം.കാപ്രിക്കോളത്തില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ആ കോശത്തിലെ പ്രതിരോധ എന്‍സൈമുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിരുന്നു. ഇതിലൂടെ മീഥേല്‍ കവചംകൊടുക്കുന്നത് (Methylation)ഒഴിവാക്കാനുമായി. പ്രതീക്ഷിച്ചതുപോലെ മാറ്റിസ്ഥാപിച്ച കൃത്രിമ ജീനോം സന്ദശവാഹി ആര്‍.എന്‍.എ ആയി രൂപാന്തരിപ്പെട്ട് പ്രോട്ടീന്‍ ഉണ്ടാക്കാന്‍ തുടങ്ങി. എം. കാപ്രിക്കോളത്തിന്റെ ജീനോമും എം മൈക്കോയിഡസിന്റെ ജീനോമും ഒറ്റക്കോശത്തിലായി. ഒരു ഗുഹയില്‍ രണ്ട് സിംഹങ്ങള്‍!!

ഇവിടെ നിര്‍ണ്ണായകമായത് പ്രതിരോധ എന്‍സൈമുകളാണ്. 
എം മൈക്കോയിഡസിന്റെ  പ്രതിരോധ എന്‍സൈമുകള്‍ നീക്കം ചെയ്തിരുന്നില്ല. ഈ എന്‍സൈമുകള്‍ കാപ്രിക്കോളത്തിന്റെ ജീനോം ആഗീരണം ചെയ്തു. ശതകോടിക്കണക്കിന് ഇരട്ടിക്കലുകള്‍ നടന്നതോടുകൂടി കാപ്രിക്കോളത്തിന്റെ ജീനോമിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന നിലയായി. അവസാനം എം.കാപ്രിക്കോളം എന്ന മൈക്രോബ് പൂര്‍ണ്ണമായും എം.മൈക്കോയിഡസിന്റെ പിടിയിലായി. സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ട കാപ്രിക്കോളം പൂര്‍ണ്ണമായും നിഷ്‌ക്കാസിതമായി. എം. മൈക്കോയിഡസിന്റെ പഴയ പതിപ്പല്ല ബാക്കിയായതെന്നോര്‍ക്കണം. മൈക്കോയിഡസില്‍ നിന്നും 14 ബേസ് ജോടികള്‍ കുറവുള്ള വാട്ടര്‍മാര്‍ക്കോടെ നേരീയ മാറ്റങ്ങളുള്ള കൃത്രിമജീനോമില്‍നിന്നും പിറന്ന പുതിയ സ്പീഷീസ് തന്നെയാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കപ്പെട്ടത്. അപ്പോള്‍ നിയതമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെന്റര്‍ പുതിയ ജീവനുണ്ടാക്കിയില്ല, പക്ഷെ പുതിയ ജീവിയെ ഉണ്ടാക്കി!!!


പ്രതീക്ഷകള്‍, വെല്ലുവിളികള്‍, ആശങ്കകള്‍
40 മില്യണ്‍ ഡോളര്‍ ചെലവ് വന്ന ഈ ഭഗീരഥശ്രമം ഭാവിയില്‍ വ്യാവാസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കി തുടങ്ങുമ്പോള്‍ ഒരു ജനിതക അക്ഷരത്തിന് ഒരു ഡോളറെന്ന എന്നതോതില്‍ ചെലവ് വളരെ താഴോട്ട് വരുകതന്നെ ചെയ്യും. മിനിമല്‍ ജീനോം വികസിപ്പിച്ചെടുക്കുകയാണ് വെന്ററും സംഘവും ലക്ഷ്യമിടുന്നത്. ഒരു പക്ഷെ ഏതൊരു യൂക്കാരിയോട്ടിക് കോശത്തേയും സക്രിയമാക്കാന്‍ (boot up)ശേഷിയുള്ള ഒന്നായിരിക്കുമത്. തുടര്‍ന്ന് മിനിമല്‍ ജീനോമില്‍നിന്ന് മിനിമല്‍ കോശമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായിരിക്കും ശാസ്ത്രംലോകം കുതിക്കുക. ക്രിത്രിമകോശം സൃഷ്ടിക്കപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്രിമജീവനായി. കാരണം കോശം വിഭജിച്ച് ഇരട്ടിക്കും-അതിന്റെ സഹജമായ ശേഷിയാണത്. ഇപ്പോള്‍ ജിനോം കൈമാറ്റം ചെയ്തിരിക്കുന്നത് വളരെ സമാനമായ രണ്ട് സ്പീഷിസുകള്‍ക്കിടയിലാണെന്ന് പറഞ്ഞല്ലോ. വ്യത്യസ്ത സ്പീഷീസുകള്‍ക്കിടയിലുള്ള ജനിതകകൈമാറ്റമായിരിക്കും ശാസ്ത്രജ്ഞരെ കാത്തിരിക്കുന്ന യാഥാര്‍ത്ഥ വെല്ലുവിളി. എല്ലാ കോശവും അന്യജനിതകപാദാര്‍ത്ഥത്തെ പ്രതിരോധിക്കും. ഇവിടെയും അത് സംഭവിച്ചുവല്ലോ. മീഥേലേഷനും പ്രതിരോധ എന്‍സൈമുകളെ (restrictive enzymes)നീക്കംചെയ്യലുമൊക്കെ ഇത്തരം പ്രതിരോധം തകര്‍ക്കാനായി മനുഷ്യന്‍ കണ്ടെത്തിയ സാങ്കേതിക വിദ്യകളാണ്-അവ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടായി കാണാം.

കൂടുതല്‍ സങ്കീര്‍ണ്ണമായ കോശങ്ങളില്‍ ഈ പ്രതിരോധം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൂടെന്നില്ല; സങ്കീര്‍ണ്ണമായിക്കൊള്ളണമെന്ന് നിര്‍ബന്ധവുമില്ല. ഭാവിയില്‍ എല്ലാം നിര്‍ധാരണം ചെയ്ത് അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ യുക്തിസഹമായ ഉപയോഗമാണ് മനുഷ്യജീവിതത്തിന്റെ നാളെകളെ നിര്‍ണ്ണയിക്കുന്നത്. കൃത്രിമ ജീനുകളുപയോഗിച്ചുള്ള ഫ്‌ളൂവാക്‌സിന്‍ ഉടനടി യാഥാര്‍ത്ഥ്യമാകുമെന്നാണ് വെന്റര്‍ പറയുന്നത്. ഫ്‌ളൂ വാക്‌സിന്റെ (Flue vaccine) കൃത്രിമ ജിനോം നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കാന്‍ നോവിരിറ്റ്‌സും(Novarites) അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും (National Institute of Health)തയ്യാറായിട്ടുണ്ട്. വെന്ററും JCVI 
 (J. Craig Venter Instituteയുടേയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിന്തറ്റിക്ക് ജീനോമിക്‌സ് എന്നൊരു വാക്‌സിന്‍ കമ്പനിയും നിലവില്‍ വന്നിട്ടുണ്ട്. 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഫ്‌ളൂ വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഈ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 

ആഗോളതാപനത്തിന് ഹേതുവായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ (CO2 ) അന്തരീക്ഷത്തില്‍ നിന്നോ മറ്റ് സമാനകേന്ദ്രങ്ങളില്‍ നിന്നോ 
പിടിച്ചെടുത്ത് ഹൈഡ്രോകാര്‍ബണുകളാക്കുന്ന ആല്‍ഗകള്‍ വികസിപ്പിച്ചെടുക്കാമെന്ന് വെന്റര്‍ പറയുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന ഹൈഡ്രോ കാര്‍ബണുകള്‍ പെട്രോളിനും ഡീസലിനും  പകരം വെക്കാവുന്ന ജൈവ ഇന്ധനമായി (bio fuel) ഉപയോഗിക്കാം. ഔഷധരംഗത്തും ജൈവഇന്ധനരംഗത്തും വെന്ററും സംഘവും ലക്ഷ്യമിടുന്ന ഈ മുന്നേറ്റം മനുഷ്യസമൂഹത്തില്‍ വന്‍ പരിവര്‍ത്തനം ഉണ്ടാക്കാനിടയുണ്ട്. ആല്‍ഗകള്‍ കൃത്രിമമായി നിര്‍മ്മിക്കാനാവുമെന്ന പ്രതീക്ഷ ഈ രംഗത്തെ മറ്റു പല വിദഗ്ധരും പങ്കിടുന്നുവെന്നതും ശ്രദ്ധേയമാണ്. വെന്ററിന്റെ കീഴിലുള്ള സിന്തറ്റിക്ക് ജീനോമിക്‌സും (Synthetic Genomics)എക്‌സണ്‍ മൊബിലും(Exxon -Mobil) ചേര്‍ന്ന് ഇത്തരം ആല്‍ഗകകള്‍ നിര്‍മ്മിക്കാനുള്ള സംരംഭത്തിന് ഇതിനകം തുടക്കമിട്ടുകഴിഞ്ഞു.
ആഗോളതാപനംപോലെയുള്ള വന്‍പ്രതിസന്ധികള്‍ക്ക് ബയോജിനറ്റിക്‌സ് വഴി മാത്രമായി പരിപൂര്‍ണ്ണ പരിഹാരം പ്രയാസമാണ്. എങ്കിലും ഈ മേഖലയില്‍ ചില നിര്‍ണ്ണായക സംഭവനകള്‍ നല്‍കാനാവുമെന്ന് വെന്റര്‍ക്ക് പ്രത്യാശയുണ്ട്. കൃത്രിമജീവികള്‍ പരീക്ഷണശാലയില്‍ നിന്ന് പുറത്ത് ചാടിയാല്‍ വന്‍ദുരന്തമുണ്ടാകും എന്നൊക്കെയുള്ള പതിവ്  ഫ്രാങ്കെന്‍സ്റ്റൈന്‍ ആശങ്കകളും അസ്ഥാനത്താണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ജീനോമുകളില്‍ ആത്മഹത്യാ ജീനകള്‍ ഉള്‍പ്പെടുത്തിയോ ജീവിതദൈര്‍ഘ്യം മുന്‍കൂട്ടി ക്‌ളിപ്തപ്പെടുത്തിയോ ഇത്തരം ജീവികളെ നിസ്സാരമായി നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യാവുന്നതാണ്. കൃത്രിമജീനോമില്‍ സക്രിയമാക്കാനും നിഷ്‌ക്രിയമാക്കാനുമായി നിരവധി സ്വിച്ചുകള്‍ (switch) ഏര്‍പ്പെടുത്താനാവും. ഉദാഹരണമായി, പോഷകങ്ങളും (Nutrients) ഉദ്ദീപനങ്ങളും ( stimuli )നിയന്ത്രിച്ച് ജിനോമിന്റെ മുഴുവന്‍ പ്രവര്‍ത്തനവും പുറത്തുനിന്ന് നിയന്ത്രിക്കാം.
കൃത്രിമ ജിനോം നിര്‍മ്മിച്ച നേട്ടം ഒരിക്കലും നിസ്സാരമായി തള്ളാനാവില്ല. ഇതു പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ് എന്ന വാദം തല്‍ക്കാലമവിടെ നില്‍ക്കട്ടെ. ഒരുപക്ഷെ വെന്ററും കൂട്ടരും ഇപ്പോഴിത് ചെയ്തിരുന്നില്ലെങ്കില്‍ സൈദ്ധാന്തികമായി സാധ്യമെന്ന് കരുതിയിരുന്ന ഇക്കാര്യം പ്രായോഗികതലത്തില്‍ നിര്‍വഹിക്കാന്‍ ഇനിയും ദശകങ്ങള്‍ തന്നെ വേണ്ടിവന്നേനെ. എല്ലാം ശാസ്ത്രനേട്ടങ്ങളുടേയും കാര്യത്തില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും മതനേതൃത്വം മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വെറും ജീനോം മാത്രമേ കൃത്രിമമായി ഉണ്ടാക്കിയിട്ടുള്ളു കോശം നിര്‍മ്മിക്കാനുള്ള ശ്രമം ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്ന വാര്‍ത്തയിലാണ് മതശക്തികളുടെ ആശ്വാസം കുടികൊള്ളുന്നത്. മതം നിസ്സാരമായി കണ്ടെത്തിയ പരമാര്‍ത്ഥജ്ഞാനത്തെ അക്ഷീണമായ പരിശ്രമത്തിലൂടെ അട്ടിമറിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവരെ ആശങ്കപ്പെടുത്താതിരിക്കുന്നതെങ്ങനെ?

ജീവന്‍ ഉണ്ടാക്കാന്‍ മനുഷ്യന് സാധ്യമല്ലെന്ന നിലപാടില്‍ നിന്നും പുതിയ ജീവിവര്‍ഗ്ഗത്തെ ഉണ്ടാക്കാന്‍ മനുഷ്യന് അവകാശമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തടസ്സവാദമായി ഉന്നയിക്കാനും പതിവുപോലെ ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്രജ്ഞാനം മതത്തിന്റെ അടിത്തറ ഇളക്കുമോ എന്ന ഭീതി വാസ്തവത്തില്‍ നിരര്‍ത്ഥകമാണ്. തെളിവ് ശേഖരിച്ചോ യുക്തിപൂര്‍വം ചിന്തിച്ചുറപ്പിച്ചോ എത്തിച്ചേരുന്ന ഒരു തീരുമാനമല്ല മതവിശ്വാസം. അത് ബാല്യത്തിലേ അടിച്ചേല്‍പ്പക്കപ്പെടുന്ന ഒരു വൈകാരികനിക്ഷേപമാണ്. മനുഷ്യന്‍ കൃത്രിമ ജീവനുണ്ടാക്കിയാലോ നാളെ ഹാഡ്രോണ്‍ കൊളൈഡ് പരീക്ഷണങ്ങള്‍ പ്രപഞ്ചത്തിന്റെ നിര്‍മ്മാണരഹസ്യങ്ങള്‍ മുഴുവന്‍ കണ്ടെത്തിയാലോ അത് മതവിശ്വാസത്തെ കാര്യമായി സ്വാധീനിക്കുമെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ തെളിവും വിജ്ഞാനശേഖരവുമൊന്നും മതവിശ്വാസം രൂപംകൊള്ളുന്നതിലോ നിലനിറുത്തുന്നതിലോ നിര്‍ണ്ണായകമാകുന്നില്ല. വിശ്വാസത്തെ പിന്തുണയ്ക്കുന്ന അറിവുകള്‍ ആര്‍ത്തിയോടെ സ്വീകരിക്കാനും അല്ലാത്തവ പൂര്‍ണ്ണമായും ഒഴിവാക്കാനുമുള്ള പരിശീലനം മതം വിശ്വാസിക്ക് സമ്മാനിച്ചിട്ടുണ്ട്. തര്‍ക്കിച്ച് തോറ്റ് ആരെങ്കിലും മതം വിട്ടുപോയതായി കേട്ടിട്ടുണ്ടോ?! വികാരത്തിലൂടെ ഉറച്ച ഒന്നിനെ വിചാരത്തിലൂടെ നീക്കം ചെയ്യാനാവില്ല.

മനുഷ്യന്‍ ആദ്യത്തെ ജീവന്‍ അല്ലെങ്കില്‍ ജീവനുള്ള ആദ്യത്തെ കോശം ഉണ്ടാക്കുന്നത് എന്നാണെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു. ശാസ്ത്രം ഈ നിരക്കില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കഷ്ടിച്ച് 200 വര്‍ഷം-എന്നൊക്കെ പലരും ഊഹിക്കുന്നുണ്ട്. പക്ഷെ ശാസ്ത്രം എപ്പോഴും ഈ നിരക്കില്‍ മുന്നോട്ടുപോകുമെന്ന് പ്രപചിക്കാനാവില്ലല്ലോ. എറഥോതെനീസ് ബി.സി.ഇ മൂന്നാം നൂറ്റാണ്ടി ഭൂമിയെന്ന ഗോളത്തിന്റെ പെരിമീറ്റര്‍ അളന്നു തിട്ടപ്പെടുത്തിയതാണ്. എന്നിട്ടും പിന്നീടുവന്ന 1600 വര്‍ഷം ഭൂമി പരന്നുകിടന്നു; അല്ലെങ്കില്‍ മതം അതിനെ പരത്തിയിട്ടു. വീണ്ടും ഇരുണ്ടയുഗത്തെപ്പോലെ ഒരു മതാധിപത്യം ലോകത്തുണ്ടായാല്‍ ശാസ്ത്രം തീര്‍ച്ചയായും പിന്നോട്ടടിക്കപ്പെടും. ഇപ്പോള്‍ത്തന്നെ നമ്മുടെ ശാസ്ത്രം കുറഞ്ഞത് 1600 വര്‍ഷം വൈകിയോടുന്ന ഒരു തീവണ്ടിയാണ്. അതിന്റെ ചങ്ങല പിടിക്കാന്‍ ഇനിയും കരങ്ങളുയര്‍ന്നെന്ന് വരാം. അതേസമയം ശാസ്ത്രരംഗത്ത് ചിലപ്പോള്‍ ചില വന്‍കുതിച്ചുചാട്ടങ്ങളും (quantum leaps) സംഭവിക്കാം. 100 വര്‍ഷം കൊണ്ട് സാധ്യമാകുമെന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന അവസ്ഥയുണ്ടാകാം. കമ്പ്യൂട്ടറിന്റെ വികാസം അത്തരത്തിലൊരു വന്‍ കുതിച്ചുചാട്ടമാണ്. ശാസ്ത്രത്തിലെ കുതിച്ചുചാട്ടങ്ങളെക്കുറിച്ച് പ്രതീക്ഷ സൂക്ഷിക്കുന്നവര്‍ കൃത്രിമജീവന്റെ നിര്‍മ്മിതിയിലേക്ക് അര നൂറ്റാണ്ടിലധികം ദൂരമില്ലെന്ന് പറയും. എത്ര സമ്മോഹമനായ സ്വപ്നം അല്ലേ?! പക്ഷെ നിരാശപ്പെടരുത്, ശാസ്ത്രപ്രയാണം എപ്പോഴും അങ്ങനെയാണ്. പലപ്പോഴും അതിന്റെ തുടക്കം ഒരു സ്വപ്നത്തില്‍ നിന്നാണ്. ഇഷ്ടസ്വപ്നങ്ങളെ പിന്തുടരുന്നവരുടെ ആവേശം ഒരിക്കലും നേര്‍പ്പിക്കപ്പെടില്ലെന്നറിയുക.***



Reference
(1)en.wikipedia.org/wiki/Craig_Venter
(2)jcvi.org/cms/about/bios/jcventer/
(3)www.scientificamerican.com/blog/post.cfm?id=craig-venter
(4)www.sciencemag.org/lookup/resid/science.1190719?view=abstract
(5) 'A Lif Decoded ' by Craig Venter

Sunday 24 July 2011

സ്ഥൂലപരിണാമത്തിന്റെ രാജവീഥി

Dr.Richard Lenski
ബാക്റ്റീരിയ പരിണാമവാദികള്‍ക്ക് അമൂല്യസമ്മാനമായി മാറുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ഥൂലപരിണാമത്തിനനുകൂലമായി പുറത്തുവന്ന ഏറ്റവും ശക്തമായ തെളിവാണ് അമേരിക്കയിലെ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാക്റ്റീരിയോളജിസ്റ്റായ റിച്ചാഡ് ലെന്‍സ്‌കിയും (Richard Lenski) സഹപ്രവര്‍ത്തകരും ബാക്റ്റീരിയകളെ ഉപയോഗിച്ച് നടത്തിവരുന്ന സുദീര്‍ഘമായ പരീക്ഷണത്തിന്റെ ഫലം. 1988 ഫെബ്രുവരി 24 നാണ് ഈ പരീക്ഷണം തുടങ്ങിയത്. 2010 ഫെബ്രുവരിയില്‍ ബാക്റ്റീരിയകളുടെ 50000 തലമുറകള്‍ സൃഷ്ടിച്ച് പരീക്ഷണം തുടരുകയാണ്. വളരെ ബൃഹത്തായ ഈ പരീക്ഷണം ബാക്റ്റീരികളിലെ സ്പീഷിസ് മാറ്റം സംശയതീതമായി തെളിയിച്ചതിലൂടെയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 
പരിണാമനിരക്കിലുള്ള(rate of evolution) വ്യതിയാനങ്ങള്‍, സമാനപരിസ്ഥിതിയിലുള്ള വ്യത്യസ്ത പോപ്പുലേഷനുകളില്‍ സംഭവിക്കാവുന്ന ആവര്‍ത്തനസാധ്യത, ജീന്‍തലത്തിലും(genomic level) ഫീനോടെപ്പ് തലത്തിലും(phenotype level)അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അന്വേഷണമാണ് പരീക്ഷണം ലക്ഷ്യമിട്ടിരുന്നത്. പരീക്ഷണത്തിന്റെ ആരംഭത്തിലുള്ള ബാക്റ്റീരിയകളെ അപേക്ഷിച്ച് ആഹാരരീതി, വലുപ്പം, ജനിതകക്രമം(genome sequence), ജനിതക ഉള്ളടക്കം(genetic content) എന്നീ തലങ്ങളില്‍ പ്രകടമായ മാറ്റമുള്ള ബാക്റ്റീരിയകളെയാണ് പതിനായിരക്കണക്കിന് തലമുറകള്‍ക്ക് ശേഷം ലെന്‍സ്‌കിയും സംഘവും കണ്ടെത്തിയത്. സ്പീഷിസ് മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടുന്ന മാറ്റങ്ങളാണിവ. കേവലം മണിക്കൂറുകള്‍ക്കുള്ളില്‍-ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍-ഇരട്ടിച്ച് പുതുതലമുറകളെ ഉത്പ്പാദിപ്പിക്കുന്ന സൂക്ഷ്മജീവികളാണ് ബാക്റ്റീരിയകള്‍. അവയില്‍ സംഭവിക്കുന്ന പരിണാമം മൂന്നോനാലോ ദശകം പിന്തുടര്‍ന്നാല്‍ ലഭിക്കാനിടയുള്ള ഫലം വിസ്മയകരമായിരിക്കുമെന്ന പ്രവചനത്തിന് അക്ഷരാര്‍ത്ഥത്തില്‍ അടിവരയിടുന്നതാണ് ലെന്‍സ്‌കിയുടെ പരീക്ഷണഫലം. 




ബാക്റ്റീരിയകളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ ചില സാഹചര്യങ്ങളില്‍ അവയെ അനന്തമായി മരവിപ്പിച്ച് നിറുത്തുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യാമെന്നതാണ്. അപ്പോഴും ഒന്നും സംഭവിച്ചില്ലെന്നമട്ടില്‍ അവ പ്രജനനം തുടരും. പരിണാമശാസ്ത്രജ്ഞര്‍ക്ക് ജീവനുള്ള ഫോസിലുകളുടെ ശേഖരം സൃഷ്ടിക്കാനുള്ള അവസരവും ഇതുമൂലം ലഭ്യമാകുന്നു. ആവശ്യമുള്ള ഏതൊരു സമയത്തും പരിണാമപ്രക്രിയ എത്തിച്ചേരുന്നന്ന സൂക്ഷ്മഘട്ടങ്ങള്‍ ചിത്രീകരിച്ചുവെക്കുന്ന നിശ്ചലദൃശ്യബിന്ദുവാണ് ഈ ഫോസില്‍ശേഖരം. ഉദാഹരണമായി ഡോന്‍ ജോഹാന്‍സണ്‍ (Don Johanson) കണ്ടുപിടിച്ച ലൂസി എന്ന വശ്യസുന്ദരമായ മനുഷ്യഫോസിലിന്റെ കാര്യമെടുക്കുക. ശീതീകരിക്കപ്പെട്ട അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ലൂസിക്ക് അതേപടി പുതുജീവന്‍ നല്‍കുന്നതിനെപ്പറ്റി ഭാവനയില്‍ കാണുക. എന്നിട്ട് ഒരിക്കല്‍ക്കൂടി ലൂസിയുടെ വര്‍ഗ്ഗത്തെ പരിണമിക്കാന്‍ അനുവദിക്കുന്നതായും സങ്കല്‍പ്പിക്കുക! സത്യത്തില്‍ ഇഷെറിച്ചിയ കോളി (Escherichia.Coli) എന്ന ബാക്റ്റീരിയയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ലെന്‍സ്‌കിയും സഹപ്രവര്‍ത്തകരും സാധിച്ചെടുത്തത് ഇതൊക്കെയാണ്.പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ദ്ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിയ്ക്ക് ലഭിച്ചത്.

ഇ.കോളി ഒരു സാധാരണ ബാക്റ്റീരയയാണ്; വളരെ സാധരണമായ ഒന്ന്. ലോകത്തെമ്പാടും ഒരുസമയം കുറഞ്ഞത് നൂറ് ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ലെന്ന് മാത്രമല്ല പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്ക് ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഉല്‍പ്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ.കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടയ്ക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു ജീന്‍ ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ.കോളി ബാക്റ്റീരിയകളുടെ എണ്ണം അതിഭീമമായിതിനാല്‍ അതിന്റെ ജീനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവെച്ച് ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ 'പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണ്ണാവസരങ്ങളാ'ണത് പ്രദാനം ചെയ്യുന്നത്.

മനോഹരമായി അണിയിച്ചൊരുക്കിയ സമുജ്ജലമായ ആ പരീക്ഷണത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാം. വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി അതിസൂക്ഷ്മമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്. ഇ.കോളി ബാക്റ്റീരയകള്‍ ഇരട്ടിക്കുന്നത് അലൈംഗീക(asexual)മായാകുന്നു. തീര്‍ത്തും ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയൊരു പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്ന് സാരം. 1988 ഫെബ്രുവരിയില്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപ്പുലേഷന്‍ ശേഖരിച്ച് അവയെ സമാനമായ 12 ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യയളവില്‍ അവശ്യമായ ഗ്‌ളൂക്കോസുമുള്‍പ്പെടെയുള്ള പോഷകസൂപ്പ് (nutrient broth) കരുതിയിരുന്നു. ഈ 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്റ്റീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനായാണത് കമ്പനം ചെയ്തുകൊണ്ടിരുന്നത്. വാസ്തവത്തില്‍ 12 ഫ്‌ളസ്‌ക്കുകള്‍ രണ്ടു ദശകങ്ങളായി പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു. ഈ 12 ഫ്‌ളാസ്‌ക്കുകളെ ഇസ്രയേലിലെ 12 ജൂതഗോത്രങ്ങള്‍ക്ക് സമാനമായി പരിഗണിക്കാം. ഇസ്രയേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ പരസ്പരസങ്കലനം അനുവദനീയമായിരുന്നുവെന്ന ഏക വ്യത്യാസമേ ഈ താരതമ്യത്തിലുള്ളു.

ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്ന് കരുതരുത്. ഒരോ ഗോത്രത്തേയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ (infect) ബാക്റ്റീരിയെ അനുവദിക്കുകയെന്നതാണ് 'പകരുക' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒന്നു കണക്കുകൂട്ടിനോക്കൂ, ഓരോ ഗോത്രത്തിനും 7000 ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ട നിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍ നിന്നും ബാക്റ്റീരിയ കലര്‍ന്ന ദ്രാവകം ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക്. ഒരു സാമ്പിള്‍, കൃത്യമായി പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്റ്റീരിയ, മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍നിന്നും പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്റ്റീരിയ പുതിയ ഫ്‌ളാക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്‌ളൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്നുതന്നെ പെറ്റുപെരുകികൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്റ്റീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുവിധം വര്‍ദ്ധിക്കുന്നു. പക്ഷെ ഈ വര്‍ദ്ധനയ്ക്ക് തൊട്ടടുത്തദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കും. അതോടെ പട്ടിണി പിറക്കുകയും വര്‍ദ്ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയിലെത്തുകയും ചെയ്യും. പക്ഷെ അതിനിടെ നൂറിലൊരംശം തൊട്ടടുത്തദിവസം മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലേയും ബാക്റ്റീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ദ്ധിക്കുകയും വര്‍ദ്ധന പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേ പ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്തിരുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (high-speed equivalent) ഈ ബാക്റ്റീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമായിക്കൊണ്ടിരുന്നു. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടം (നൂറിലൊന്ന്) തെരഞ്ഞെടുക്കപ്പെട്ട് പുതിയ ഫ്‌ളാസ്‌ക്കിലെത്തും. ഇടവിട്ടുള്ള പട്ടിണിയും സമൃദ്ധിയും പ്രകൃതിനിയമമാണല്ലോ. മാറ്റപ്പെടുന്ന ബാക്റ്റീരിയകള്‍ക്കും വീണ്ടും താല്‍ക്കാലിക സമൃദ്ധി
യും പിറകെയെത്തുന്ന പട്ടിണിയും അനുഭവിക്കേണ്ടതായിട്ടുണ്ട്. പരിണാമത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണത്. 12 വ്യത്യസ്ത പരിണാമത്താവഴികളാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്രകാലത്തില്‍ (deep geological time) അനേകം തലമുറകള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്;വേഗത തീരെക്കുറവാണെന്നുമാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ; കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് ബാക്റ്റീരിയുടെ കാര്യത്തിലെന്നുമാത്രം.


ലെന്‍സ്‌കിയും സംഘവും തങ്ങളുടെ ഈ സവിശേഷ പരീ
ക്ഷണം 20 വര്‍ഷം തുടര്‍ന്നുകൊണ്ടുപോയി. അതായത് ഏകദേശം 7000 ബാക്റ്റീരിയ 'ഫ്‌ളാസ്‌ക്ക് തലമുറ'കളിലായി ബാക്റ്റീരിയകളുടെ ഏകദേശം 45000 നവതലമുറകളാണ് ഉത്പ്പാദിപ്പിക്കപ്പെട്ടത്. ശരാശരി ആറ്-ഏഴ് തലമുറകള്‍ ഓരോ ദിവസവും പിറവിയെടുക്കുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് 45000 എന്ന സംഖ്യയിലെത്തിച്ചേരുന്നത്. ഈപ്പറയുന്നത് ശരിയായ പശ്ചാത്തലത്തില്‍ വിലയിരുത്തണമെങ്കില്‍ മനുഷ്യന്റെ കാര്യം ചിന്തിച്ചാല്‍ മതിയാക്കാം. നമ്മുടെ 45000 തലമുറകള്‍ പിറകോട്ടുപോയാല്‍ ഏതാണ്ട് പത്തുലക്ഷം വര്‍ഷം പിന്നിലുള്ള ഹോമോ ഇറക്റ്റസിന്റെ(Homo Erectus) കാലഘട്ടത്തിലെത്താം. പത്ത് ലക്ഷം വര്‍ഷമെന്നത് മനുഷ്യപരിണാമത്തെ സംബന്ധിച്ചിടത്തോളം അത്ര ദൂരെയല്ല. ഇതേ പരീക്ഷണത്തില്‍ ലെന്‍സ്‌കിയും കൂട്ടരും പത്തുലക്ഷം വര്‍ഷങ്ങള്‍ നീട്ടിയാലുണ്ടാകുന്ന പരിണാമമാറ്റങ്ങളെ പറ്റി ആലോചിക്കുക. കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ പത്തുകോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സസ്തനങ്ങള്‍ കടന്നുപോകുന്ന തലമുറകളുടെ എണ്ണം സങ്കല്‍പ്പിച്ചുനോക്കുക. എന്നാല്‍ 10 കോടി വര്‍ഷമെന്നതുപോലും പരിണാമവുമായി ബന്ധപ്പെടുത്തുമ്പോള്‍ താരതമ്യേന 'അടുത്തിടെ'(recent) ആണെന്ന് പറയേണ്ടതുണ്ട്.


ഈ മുഖ്യ പരീക്ഷണത്തിനോടൊപ്പം മറ്റുചില പരീക്ഷണങ്ങള്‍ കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇല്യൂമിനേറ്റിംഗ് സ്പിന്‍-ഓഫ് എക്‌സ്പിരിമിന്റ് (Illuminating spin-off experiments) എന്നറിയപ്പെടുന്ന ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം ഭക്ഷണക്രമം മാറ്റികൊണ്ട് പരിണാമസാധ്യതകള്‍ പഠിക്കുക എന്നതായിരുന്നു. 2000 തലമുറകള്‍ക്കുശേഷം ആഹാരമായി കൊടുത്തുകൊണ്ടിരുന്ന ഗ്‌ളൂക്കോസിനു പകരം മറ്റൊരിനം പഞ്ചസാര, മല്‍ട്ടോസ്, എന്നിവ നല്‍കിയാണ് ഈ പരീക്ഷണം നടത്തിയത്. തല്‍ക്കാലം നമുക്കത് വിട്ടുകളയാം. ആദ്യാവസാനം ഗ്‌ളൂക്കോസ് മാത്രമുപയോഗിച്ച മുഖ്യപരീക്ഷണത്തില്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്. 20 വര്‍ഷങ്ങളിലായി കൃത്യമായ ഇടവേളകളിലൂടെ ഇ.കോളി ബാക്റ്റീരിയകളുടെ 12 ഗോത്രങ്ങളുടെ സാമ്പികളുകളാണല്ലോ ഉപയോഗപ്പെടുത്തിയത്. പരീക്ഷണത്തിനിടെയുള്ള വിവിധഘട്ടങ്ങളില്‍ അപ്പപ്പോള്‍ ലഭ്യമായ നവതലമുറകളുടെ ഒരു ഭാഗം ശീതികരിച്ച് (freeze) സൂക്ഷിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ചില നിര്‍ണ്ണായകഘട്ടങ്ങളിലെ പരിണാമനില പിന്നീട് പരിശോധിക്കാന്‍ സഹായിക്കുന്ന പുനരുജ്ജീവിപ്പിക്കാവുന്ന 'ഫോസിലുകളാ'യി(reauscitatable fossils) ഈ സാമ്പിളുകള്‍ നിലകൊണ്ടു. എത്ര സമുജ്ജലമായ ഭാവനയും രീതിശാസ്ത്രവുമാണ് ഈ പരീക്ഷണശൃംഖലയ്ക്ക് പിന്നിലുണ്ടായിരുന്നതെന്ന് ചിന്തിച്ചുനോക്കൂ!

പന്ത്രണ്ടു ഫ്‌ളാസ്‌ക്കുകളില്‍ ആദിമപോപ്പുലേഷന്‍ ശേഖരിച്ചതിനുശേഷം അതില്‍ നൂറിലൊരുഭാഗം ദിനംപ്രതി പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് മാറ്റുകയായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഒരോ പുതിയ തലമുറയും ആദ്യ പോപ്പുലേഷനിന്റെ ക്‌ളോണുകളെന്നപോലെ ജനിതകമായി സമാനമായിരുന്നു. എങ്കിലും തന്ത്രപരമായ ഒരു കാരണംമൂലം അത് പൂര്‍ണ്ണമായും വാസ്തവമായിരുന്നില്ല. Ara+, Ara - എന്നിങ്ങനെ രണ്ട് വകഭേദങ്ങളുള്ള 'അര'(ara) എന്ന ജീനിനെ ലെന്‍സ്‌കിയും കൂട്ടരും പരീക്ഷണശാലയില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക അത്ര എളുപ്പമല്ല. ബാക്റ്റീരിയ സാമ്പിളെടുത്ത് പോഷകസൂപ്പും ഷുഗര്‍ അരബിനോസും (sugar arabinose) ടെട്രാസോളിയം (tetrazolium) എന്നറിയപ്പെടുന്ന രാസ ഡൈയും അടങ്ങിയ ഒരു അഗാര്‍ പ്‌ളേറ്റില്‍ (agar plate) വെച്ച് സംസ്‌ക്കരിച്ചെങ്കിലേ(plating out) ഇവയെ വേര്‍തിരിച്ചറിയാനാവൂ. ഇത്തരം 'പ്‌ളേറ്റിംഗ് ഔട്ട്' ബാക്റ്റീരിയോളജിസ്റ്റുകള്‍ സാധാരണ നടത്തുന്നതാണ്. ബാക്റ്റീരിയ അടങ്ങുന്ന ദ്രാവകത്തിന്റെ ഒരു തുള്ളി അഗാര്‍ കുഴമ്പടങ്ങിയ ഷീറ്റ് പതിപ്പിച്ച ഒരു പ്‌ളേറ്റിലേക്ക് വീഴ്ത്തിയശേഷം അവയെ അവിടെ പരിപാലിച്ചാണ് (incubate) ഇത് നിര്‍വഹിക്കുന്നത്. ദ്രാവക തുള്ളിയില്‍നിന്നും ചെറു മായികവലയങ്ങളെപ്പോലെ പുറത്തേക്ക് വികസിക്കുന്ന വൃത്തങ്ങളായി ബാക്റ്റീരിയകളുടെ കോളനികള്‍ രൂപംകൊള്ളും. അഗാര്‍ കുഴമ്പില്‍ മിശ്രണംചെയ്ത പോഷകം ബാക്റ്റീരിയകള്‍ ആഹരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് അഗാര്‍മിശ്രിതത്തില്‍ അരബിനോസും ഇന്‍ഡിക്കേറ്റര്‍ ഡൈയും ഉണ്ടെങ്കില്‍ Ara+, Ara- എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവും. എങ്ങനെയെന്നല്ലേ? അദൃശ്യമായ ഏതോ മഷി ചൂടാക്കിയപോലെ ബാക്റ്റീരിയകള്‍ വെള്ളയും (Ara+) ചെമപ്പും (Ara-) നിറങ്ങളുള്ള കോളനികളായി പ്രത്യക്ഷപ്പെടും. ലെന്‍സ്‌കിയും സംഘവും ഈ നിറപ്രതിഭാസം ചിഹ്നം നല്‍കാനായി (labelling) പ്രയോജനപ്പെടുത്തി. മാത്രമല്ല മുമ്പ് നാം കണ്ട പന്ത്രണ്ട് ഗോത്രങ്ങളില്‍ 6 എണ്ണത്തിനെ Ara+ ആയും ബാക്കിയുള്ളവയെ Ara- ആയും മാറ്റി കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കി. അതായത് ബാക്റ്റീരിയയുടെ രണ്ട് കോളനികള്‍ തമ്മില്‍ നിറംകൊണ്ടുതന്നെ തിരിച്ചറിയാമെന്നായി. ഈ വര്‍ണ്ണാങ്കന (colour coding) സാങ്കേതികവിദ്യ ബാക്റ്റീരിയ കോളനികളെ വേറിട്ടറിയാന്‍ മാത്രമല്ല പരീക്ഷണത്തിലും ലബോറട്ടറി പ്രവര്‍ത്തനങ്ങളിലും പൊതുനിയന്ത്രണം കൊണ്ടുവരാനായും പ്രയോജനപ്പെടുത്തി. ഉദാഹരണമായി, ദിവസവും ഫ്‌ളാസ്‌ക്കുകളില്‍നിന്ന് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് ബാക്റ്റീരിയ കോളനികളെ പകരുമ്പോള്‍ ഈ നിറവ്യത്യാസം നോക്കിയാണ് കൃത്യത ഉറപ്പ് വരുത്തിയിരുന്നത്. ബാക്റ്റീരിയ പകര്‍ന്നിരുന്നത് Ara+, Ara- എന്നിങ്ങനെ ഒന്നിടവിട്ട രീതിയിലായിരുന്നു. കൈമാറ്റത്തിനിടയില്‍ ദ്രാവകം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പിപ്പറ്റുകളില്‍ നിന്ന് ദ്രാവകം തെറിച്ചുപോവുകയോ തെറ്റായ ദ്രാവകവുമായി അറിയാതെ സമ്പര്‍ക്കത്തില്‍ വരുകയോ ചെയ്യാമല്ലോ. എന്നാലങ്ങനെ സംഭവിച്ചാല്‍ പിന്നീട് നിറപരിശോധനയിലൂടെ അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ കണ്ടെത്താനാവും. നിറം അടയാളപ്പെടുത്തിയതോടെ ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമായിതീര്‍ന്നു എന്നര്‍ത്ഥം. പക്ഷിശാസ്ത്രജ്ഞര്‍ തിരിച്ചറിയല്‍ ചിഹ്നമായി പറവകളുടെ കാലില്‍ വര്‍ണ്ണവലയങ്ങള്‍ തീര്‍ക്കുന്നതു പോലെയായിരുന്ന ഈ 'വര്‍ണ്ണാങ്കനം'. ഉദാത്തമായ വൈഭവം അല്ലേ?! മാത്രമല്ല അത്യന്തം കണിശവും. ഒരുത്തമ ശാസ്ത്രജ്ഞനില്‍ ഈ രണ്ടുഗുണങ്ങളും സമജ്ഞസമായി സമ്മേളിക്കേണ്ടതുണ്ട്.

Ara+, Ara - എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം മാറ്റിവെക്കാം. 12 ഗോത്രങ്ങളിലുള്ള ബാക്റ്റീരിയകള്‍ ആദ്യം സ്വയവിഭജനത്തിലൂടെ സമാനമായ (identical) തുടര്‍ തലമുറകളെയാണ് ഉത്പ്പാദിപ്പിച്ചുകൊണ്ടിരുന്നത്. Ara+, Ara - ബാക്റ്റീരിയ കോളനികളില്‍ നിറത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊരു വ്യത്യാസവും പ്രഥമഘട്ടത്തില്‍ ദൃശ്യമായിരുന്നില്ല. നമുക്കിപ്പോള്‍ 12 ഗോത്രങ്ങളാണല്ലോ ഉള്ളത്. ഭൗമശാസ്ത്രകാലത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ പട്ടിണിയും സൂഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാനപരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്: ഈ തലമുറകള്‍ എക്കാലവും മുന്‍ഗാമികള്‍ക്ക് സമാനരായി തുടരുമോ? അതോ പരിണമിക്കുമോ? ഇനി അഥവാ പരിണമിക്കുമെങ്കില്‍ പന്ത്രണ്ട് ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്? അതോ അവ പരിണമിച്ച് വിഭിന്നമായിത്തീരുമോ? സൂപ്പില്‍ ഗ്‌ളൂക്കോസാണ് പ്രധാനമായും ഉള്ളതെന്ന് സൂചിപ്പിച്ചു. കേവലം ഭക്ഷണമായി മാത്രമല്ല ദിനംപ്രതി ഓരോ ഫ്‌ളാസ്‌ക്കിലേയും പ്രജനനത്തോത് ഉച്ചകോടിയിലെത്തുന്നത് തടയുന്ന നിയന്ത്രണവസ്തുവായി കൂടിയാണ് ഗ്‌ളൂക്കോസ് പ്രവര്‍ത്തിച്ചത്. ഇരട്ടിക്കല്‍മൂലം ബാക്റ്റീരിയകളുടെ എണ്ണം പരമകാഷ്ഠയിലെത്തുന്ന ഘട്ടം എന്നതാണ് ഉച്ചകോടി (Plateau) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരുതരത്തിത്തില്‍ പറഞ്ഞാല്‍ പരീക്ഷകര്‍ കൂടുതല്‍ അളവില്‍ ഗ്‌ളൂക്കോസ് ഫ്‌ളാസ്‌ക്കുകളില്‍ ഇട്ടുകൊടുത്തിരുന്നുവെങ്കില്‍ ദിനാന്ത്യമുള്ള പോപ്പുലേഷന്‍ ഉച്ചകോടി കുറേക്കൂടി ഉയരത്തിലാകുമായിരുന്നു. ദിനാന്ത്യത്തില്‍ ഗ്‌ളൂക്കോസിന്റെ അധിക തുള്ളികൂടി ഫ്‌ളാസ്‌ക്കിലിറക്കിയിരുന്നുവെങ്കില്‍ പ്രജനനം ഉച്ചകോടിയില്‍നിന്ന് രണ്ടാമതൊരു കുതിച്ചുകയറ്റം കൂടി നടത്തി കുറേക്കൂടി ശക്തമായ ഉച്ചകോടി സൃഷ്ടിക്കുമായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ ബാക്റ്റീരയകള്‍ ഏതെങ്കിലും ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമായാല്‍ ഗ്‌ളൂക്കോസ് ആഹരിക്കുന്ന കാര്യത്തില്‍ അധികമികവ് കാണിക്കുന്ന വ്യക്തഗത ബാക്റ്റീരിയകളെ പ്രകൃതിനിര്‍ധാരണം പിന്തുണയ്ക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുക. താമസിയാതെ അത്തരം ബാക്റ്റീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പ്പരിവര്‍ത്തനം വിധേയമാകത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്റ്റീരിയകളുടെ ഗോത്രത്തിന് ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇതുതന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്‌ളൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍ഗാമികളെക്കാള്‍ മികവ് (fitness) ഉള്ളവരായിത്തീര്‍ന്നു. ഈ പന്ത്രണ്ടു തലമുറകളും വ്യത്യസ്ത മാതൃകയിലുള്ള ഉല്‍പ്പരിവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് ഈ നില കൈവരിച്ചത്.

ഇതെങ്ങനെ ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലായി? പരിണമിക്കപ്പെട്ട തലമുറകളുടെ സാമ്പിള്‍ സമയാസമയം ശേഖരിച്ചതിലൂടെയാണ് അവരത് മനസ്സിലാക്കിയത്. പുതിയതായി ലഭിക്കുന്ന സാമ്പിളുകളെ തുടക്കത്തിലുണ്ടായിരുന്ന ബാക്റ്റീരിയ പോപ്പുലേഷന്റെ 'ഫോസിലു'കളുമായി താരതമ്യം ചെയ്ത് പുതുതലമുറയുടെ മികവ് തിരിച്ചറിഞ്ഞു. 'ഫോസിലു'കളെന്നുപറഞ്ഞാല്‍ ശീതികരിക്കപ്പെട്ട ബാക്റ്റീരിയ സാമ്പിള്‍ എന്നര്‍ത്ഥം. ഇത്തരം സാമ്പിളുകള്‍ എപ്പോള്‍വേണമെങ്കിലും പുനര്‍ജീവിപ്പിച്ച് ഇരട്ടിക്കല്‍ പ്രക്രിയ പുനരാരംഭിക്കാനാവുമെന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടാണല്ലോ നാമവയെ 'ജീവനുള്ള ഫോസിലുകള്‍'(living fossils) എന്ന് പരാമര്‍ശിച്ചത്. എങ്ങനെയാണ് ലെന്‍സ്‌കിയും സംഘവും ബാക്റ്റീരിയകള്‍ക്കിടയില്‍ അതിജീവന മികവ് സംബന്ധിച്ച താര്യതമ്യം നടത്തിയത്? എങ്ങനെയാണവര്‍ 'ആധുനിക'(modern) ബാക്റ്റീരിയകളെ 'ഫോസില്‍' ബാക്റ്റീരിയകളുമായി താരതമ്യം ചെയ്തത്? പുതിയതായി പരിണമിച്ച പോപ്പുലേഷനെ അവര്‍ ശുദ്ധിയോടെ പുതിയ ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളില്‍ സാമ്പിളായി ശേഖരിച്ചു. ശീതികരിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് വീണ്ടെടുത്ത ആദിമസാമ്പിള്‍ അതേ ഫ്‌ളാസ്‌ക്കിനുള്ളിലേക്ക് വ്യാപിക്കാന്‍ അനുവദിച്ചു. മരവിച്ച അവസ്ഥ ഇല്ലാതാക്കുന്നതോടെ ശീതികരിക്കപ്പെട്ട ഫോസിലുകള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റപോലെ ജീവിതം തുടരും. ഇങ്ങനെ മിശ്രിതപോപ്പുലേഷന്‍ നിറച്ച ഫ്‌ളാസ്‌ക്കുകള്‍ മുഖ്യപരീക്ഷണം നടത്തിയ 12 ഗോത്രങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാലപരീക്ഷണത്തിന്റെ പരിധിയില്‍നിന്നും മാറ്റി സൂക്ഷിച്ചു. അതായത്, ഈ ഫ്‌ളാസ്‌ക്കുകള്‍ പിന്നീട് ഒരു പ്രത്യേകവിഭാഗമാക്കി.

രണ്ട് പരീക്ഷണസാമ്പിളുകള്‍, 'ആധുനിക' സാമ്പിളുകളും 'ജീവിക്കുന്ന ഫോസിലു'കളും അടങ്ങിയ ഒരു സവിശേഷ മിശ്രിതമാണല്ലോ പുതിയ ഫ്‌ളാസ്‌ക്കില്‍ ലഭിച്ചിരിക്കുന്നത്. ഫ്‌ളാസ്‌ക്കുനുള്ളില്‍ ഇതിലേത് മറ്റേതിനെ പ്രജനനത്തിലൂടെ അധികരിക്കുമെന്നാണ് അറിയേണ്ടിയിരുന്നത്. പക്ഷെ രണ്ടും കൂട്ടിക്കലര്‍ത്തി കഴിഞ്ഞല്ലോ!? ഇനിയെങ്ങനെയാണ് തിരിച്ചറിയാനാവും? ഒരു 'മത്സരഫ്‌ളാസ്‌ക്കി'ല്‍ രണ്ടും ഇടകലര്‍ന്ന് ഇരട്ടിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് രണ്ടിനേയും വേര്‍തിരിക്കുന്നതെങ്ങനെ? അതിവിദഗ്ധമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് സൂചിപ്പിച്ചുവല്ലോ. കളര്‍ കോഡിംഗിന്റെ കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാവില്ലല്ലോ. Ara+ ന്റെ വെള്ളയും Ara-ന്റെ ചെമപ്പും ഓര്‍മ്മിയില്ലേ? ഇനിയിപ്പോള്‍ ആദിമപോപ്പുലേഷന്റെയേയും ആധുനികപോപ്പുലേഷന്‍ സാമ്പിളിന്റെയും(ഉദാഹരണമായി 
അഞ്ചാംഗോത്രത്തിന്റെ) ശേഷി നമ്മള്‍ താരതമ്യം ചെയ്യുന്നതിന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം. അഞ്ചാം ഗോത്രം Ara+ ആണെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ അതുമായി മിശ്രണം ചെയ്യാന്‍പോകുന്ന ആദിമ പോപ്പുലേഷന്‍ Ara- ആണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തന്നെ ആറാം ഗോത്രം Ara- ആണെങ്കില്‍ മിശ്രണത്തിന് തെരഞ്ഞടുക്കുന്ന ആദിമപോപ്പുലേഷന്‍ Ara+ തന്നെയാവണം. Ara+, Ara- എന്നിങ്ങനെയുള്ള ജീന്‍ വ്യത്യാസത്തിന് സ്വന്തംനിലയില്‍ പ്രജനനശേഷിയുടെ കാര്യത്തില്‍ കാര്യമായ പ്രഭാവമൊന്നുമില്ലെന്ന് ലെന്‍സ്‌കിയും കൂട്ടരും നേരത്തതന്നെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ രീതി മിശ്രിതത്തില്‍ ആദിമ-ആധുനിക പോപ്പുലേഷനുകളുടെ പരിണാമവികാസം രേഖപ്പെടുത്തി രണ്ടിനങ്ങളുടെ പ്രജനനശേഷി വേര്‍തിരിച്ചറിയാന്‍ സഹായകരമായ കളര്‍കോഡിംഗിനായി ഉപയോഗിക്കാം. ഇതിനായി അവര്‍ ചെയ്യേണ്ടിയിരുന്നത് വളരെ ലളിതമായ ഒരു കൃത്യം മാത്രം. അതായത് മിശ്രിത ബാക്റ്റീരിയ നിറഞ്ഞ ഫ്‌ളാസ്‌ക്കില്‍ നിന്ന് കുറച്ചെടുത്ത് അഗാര്‍ കുഴമ്പില്‍ ലയിപ്പിച്ച് പ്‌ളേറ്റ് ഔട്ട് ചെയ്യുക. മിശ്രിതത്തില്‍ വെള്ളയാണോ ചെമപ്പാണോ കൂടുതലെന്ന് അപ്പോഴറിയാം.

ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലേയും ബാക്റ്റീരിയയുടെ ശരാശരി മികവ് വര്‍ദ്ധിച്ചു. 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയകളും ഗ്‌ളൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കുന്തോറും 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയയുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ദ്ധിക്കുകയും ചെയ്തു. ഏതാണ്ട് 2000 തലമുറകള്‍ കഴിഞ്ഞതോടെയാണ് ശരീരവലുപ്പത്തില്‍ കൂടുതല്‍ വ്യത്യാസം കണ്ടുതുടങ്ങിയത്. അടുത്ത കൗതുകകരമായ ചോദ്യമിതാണ്: 12 ഗോത്രങ്ങളും ഒരു പ്രത്യേക പരിണാമകാലഘട്ടം മുതല്‍ ശരീരവലുപ്പം വര്‍ദ്ധിപ്പിച്ചെന്ന് അംഗീകരിക്കാം. പക്ഷെ അവയെല്ലാം സമാന മാറ്റം കൈവരിച്ചത് ഒരേ രീതിയിലാണോ? സമാനമായ ജനിതകവഴിയാണോ പ്രയോജനപ്പെടുത്തിയത്? അല്ല, അങ്ങനെയായിരുന്നില്ല സംഭവിച്ചത്. അതായിരുന്നു രസകരമായ മറ്റൊരു ഫലം. പന്ത്രണ്ട് തലമുറകളും വ്യതിരിക്തവും വ്യത്യസ്തവുമായ ഉന്നതികളാണ് (plateau) വര്‍ദ്ധനയുടെ കാര്യത്തില്‍ ഗ്രാഫില്‍ രേഖപ്പെടുത്തിയത്. ഓരോ ഫ്‌ളാസ്‌ക്കുകളിലും ദിനംപ്രതിയുണ്ടാകുന്ന ഉന്നതിയുമായി ഇതിനെ താരതമ്യപ്പെടുത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. തലമുറകള്‍ മൊത്തമായി പരിഗണിക്കണം.


ഈ പരിണാമ മാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്: ഭക്ഷണസമൃദ്ധിയും പട്ടിണിയും പ്രകൃതിയിലെ സ്വഭാവികമായ സ്ഥിതിവിശേഷമാണ്. ഗ്‌ളൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറിവരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളി നിറഞ്ഞ സവിശേഷപരിസ്ഥിതിയില്‍ 'ശരീരവലിപ്പം വര്‍ദ്ധിപ്പിക്കുക'എന്നത് അതിജീവനത്തിന് സഹായകരകമായ ഒരു മാറ്റമാണ്. ശരീരവലിപ്പം വര്‍ദ്ധിപ്പിക്കുന്നത് അതിജീവനത്തെ സഹായിക്കുന്നത് എന്തുകൊണ്ടെന്ന് ഊഹിച്ചുപറയാനാവില്ല. അതിന് നിരവധി കാരണങ്ങളുണ്ടാവാം. കാരണമെന്തായാലും ഒരു കാര്യമുറപ്പിക്കാം: അതങ്ങനെയാണ്. ആകെയുള്ള 12 ഫ്‌ളാസ്‌ക്കുകളിലും അതുതന്നെയാണ് സംഭവിച്ചത്. പക്ഷെ വലുതാകാന്‍ വ്യത്യസ്തമായ നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെട്ടു. അതായത് വിഭിന്നമായ മ്യൂട്ടേഷനുകള്‍ സംഭവിച്ചുവെന്ന് അനുമാനിക്കാം. വ്യത്യസ്തഗോത്രങ്ങള്‍ സമാനഫലത്തിലെത്താന്‍ വ്യത്യസ്തമായ പരിണാമമാര്‍ഗ്ഗങ്ങളാണ് നടപ്പില്‍വരുത്തിയതെന്നു സാരം. എന്നാല്‍ അതിലും കൗതുകരമായ വസ്തുതയെന്തെന്നാല്‍ ചിലപ്പോള്‍ ഒരു ജോഡി വ്യത്യസ്ത ഗോത്രങ്ങള്‍ ഒരേസമയം സമാനമായ പരിണാമശൈലി സ്വീകരിച്ചുവെന്നതാണ്. ലെന്‍സ്‌കിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അടങ്ങുന്ന മറ്റൊരു സംഘം ( Team B)ഈ പ്രതിഭാസം പഠിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് ഇരുപതിനായിരം തലമുറകളിലായി സമാനമായ പരിണാമഗതി പിന്തുടര്‍ന്നപോന്ന ഒരു ജോടി ഗോത്രങ്ങള്‍ തെരഞ്ഞെടുത്ത് അവയ്ക്ക് Ara+1, Ara -1 എന്നിങ്ങനെയുള്ള ലേബലുകള്‍ നല്‍കി. തുടര്‍ന്നവയുടെ ഡി.എന്‍.എ പരിശോധിച്ചു. അമ്പരപ്പിക്കുന്നതായിരുന്നു ഡി.എന്‍.എ പരിശോധനാഫലം. രണ്ടു ഗോത്രങ്ങളിലും 59 ജീനുകളുടെ പ്രഭാവനിലയ്ക്ക് (level of expression) ഗണ്യമായ മാറ്റം വന്നതായി കണ്ടെത്തി. 59 ജീനുകളും സമാനദിശയിലുള്ള മാറ്റമാണ് കാണിച്ചത്. പ്രകൃതിനിര്‍ധാരണമായിരുന്നില്ലെങ്കില്‍ 59 ജീനുകള്‍ ഒറ്റയടിക്ക് ഒരേ ദിശയില്‍ മാറാന്‍ തുടങ്ങിയെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകുമായിരുന്നു. അങ്ങനെ സംഭവിക്കാനുള്ള സാധ്യത സ്റ്റാറ്റിസ്റ്റിക്‌സ് ആധാരമാക്കി പരിശോധിച്ചിരുന്നുവെങ്കില്‍ തീര്‍ത്തും അസാധ്യമായി തോന്നിയേനെ. ഇത്തരം വാദങ്ങളാണല്ലോ സമാനസാഹചര്യങ്ങളില്‍ സൃഷ്ടിവാദക്കാര്‍ പൊതുവെ എഴുന്നള്ളിക്കാറുള്ളത്. യാദൃശ്ചികമായി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നവര്‍ ശാഠ്യംപിടിക്കും. പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തീര്‍ത്തും അസാധ്യമെന്ന് വാദിക്കാനിടയുള്ളത് തന്നെയായിരുന്നു. എന്നാല്‍ കേവലം യാദൃശ്ചികമായിട്ടല്ല അങ്ങനെ സംഭവിച്ചതെന്ന് പ്രകൃതിനിര്‍ധാരണം നമ്മെ ബോധ്യപ്പെടുത്തും. മറിച്ച് പടിപടിയായ ക്രമനിബദ്ധമായ മാറ്റങ്ങള്‍ സഞ്ചിതമാകുകയും പ്രകൃതിനിര്‍ധാരണം ഈ മാറ്റത്തെ, എല്ലാ അര്‍ത്ഥത്തിലും, പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് മാറ്റം സംഭവ്യമായത്. മാത്രമല്ല തികച്ചും സ്വതന്ത്രമായ മാര്‍ഗ്ഗത്തിലൂടെയും അനുകൂലമായ മാറ്റങ്ങള്‍ ഇരു ഗോത്രങ്ങളിലും സ്വീകരിക്കപ്പെട്ടത്.

കോശവലുപ്പത്തിലുള്ള, അതായത് ബാക്റ്റീരിയയുടെ ശരീരവലുപ്പം, ക്രമമായ വ്യതിയാനം തലമുറകള്‍ പിന്നിടുന്തോറും പരിണാമം ക്രമേണ (gradual)മുന്നേറുകയായിരുന്നവെന്ന് തെളിയിച്ചു. ശരിക്കും ക്രമനിബദ്ധമായ മാറ്റം തന്നെയായിരുന്നുവോ അത്? അതായത് ഓരോ പടവിലും പരിണാമത്തിന്റെ തൊട്ടടുത്ത പടി (step) സംഭവിക്കാനായി പോപ്പുലേഷന്‍ മുഴുവന്‍ കാത്തിരിക്കുകയായിരുന്നോ? അങ്ങനെയാവണമെന്ന് നിര്‍ബന്ധമില്ല. ഇതാകട്ടെ പലതരം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉള്‍പ്പെട്ടിട്ടുള്ള മ്യൂട്ടേഷനുകളുടെ എണ്ണം, ഓരോ മ്യൂട്ടേഷന്റെയും പ്രഭാവപരിധി, മേല്‍പ്പറഞ്ഞ 59 ജീനുകള്‍ ഒഴികെയുള്ള ജീനുകളുടെ സഹായത്തോടെ കോശവലുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങള്‍, എങ്ങനെയാണ് ബാക്റ്റീരിയ സാമ്പിള്‍ ശേഖരിച്ചത്...തുടങ്ങി നിരവധി വിഷയങ്ങള്‍ അവിടെ നിര്‍ണ്ണായകമാണ്. വലുപ്പം മാത്രമല്ല ബാക്റ്റീരിയകളുടെ അതിജീവന മികവും ഇതുപോലെയാണ് വര്‍ദ്ധിച്ചതെന്ന് കണ്ടെത്താനായി. നിരീക്ഷിക്കപ്പെട്ട പരിണാമമാറ്റങ്ങളൊക്കെ പടിപടിയായുള്ള ഉല്‍പ്പരിവര്‍ത്തനങ്ങളുടെ സഞ്ചിതഫലമാണെന്ന വസ്തുത സ്ഥിരീകരിക്കാന്‍ പരീക്ഷകര്‍ക്ക് സാധിച്ചു. പരിണാമം പ്രവര്‍ത്തിക്കുന്നതിന്റെ കമനീയ മാതൃകയായിരുന്നുവത്. ശരിക്കും കണ്‍മുമ്പില്‍ നടന്ന പരിണാമം! 12 വ്യത്യസ്ത താവഴികളെ പരസ്പരം താരതമ്യപ്പെടുത്തിയും അവയെ ജീവിക്കുന്ന ഫോസിലുകളുമായി താരതമ്യപ്പെടുത്തിയുമാണ് ഈ മാറ്റം തിരിച്ചറിയുന്നത്. ആരംഭത്തിലും അന്ത്യത്തിലുമുള്ള ഇ.കോളി ബാക്റ്റീരിയകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഈ ജീവനുള്ള ഫോസിലുകളാണ്. 'ജീവനുള്ള ഫോസില്‍' എന്നത് ആലങ്കാരികമായി മാത്രമല്ല വാച്യാര്‍ത്ഥത്തിലും ശരിയാണിവിടെ. എന്തെന്നാല്‍ അവ ഫോസിലുകളാണ്, ജീവനുമുണ്ട്. കൃത്യമായും ഭൂതകാലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

ഇനി കുറേക്കൂടി രസകരമായ മറ്റൊരു പഠനഫലത്തിലേക്ക് പോകാം. 12 ബാക്റ്റീരിയാ ഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത വര്‍ദ്ധിപ്പച്ചത് ഒരു പൊതു മാര്‍ഗ്ഗത്തിലൂടെ ആണെന്നാണല്ലോ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശാദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും മികവ് വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്തു. എന്നാല്‍ ഇതിന് അപവാദമെന്ന് പറയാവുന്ന ഒരു നാടകീയ സംഭവവികാസം ഈ ദീര്‍ഘപരീക്ഷണത്തിനിടയിലുണ്ടായി. 33000 തലമുറകള്‍ പിന്നിട്ടതോടെയാണത് സംഭവിച്ചത്. 12 ഗോത്ര താവഴികളിലൊന്നില്‍,ഒന്നില്‍ മാത്രം, പരിണാമനിരക്ക് വന്യമായി കുതിച്ചുകയറി. Ara-3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. പോപ്പുലേഷന്‍ സാന്ദ്രതയുടെ സൂചകം വഴി (Index of population density)ലെന്‍സ്‌കി അത് കൃത്യമായി ഒപ്പിയെടുത്തു. ശ്രദ്ധിച്ചാലും, ഏകദേശം 330000 തലമുറകള്‍ വരെ Ara-3 യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റ് 12 ഗോത്രങ്ങളുടേതിനൊപ്പം മുന്നോട്ടുനീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara-3 (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) അസാധാരണമായ ഒരു കുതിച്ചുകയറ്റം നടത്തി-ആറുമടങ്ങായിരുന്നു വര്‍ദ്ധന! ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായരീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കില്‍ മുന്നോട്ടുപോകുകയായിരുന്നു. Ara-3 യുടെ എല്ലാ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടരുകയും ചെയ്തു. Ara-3 യുടെ ഫ്‌ളാസ്‌ക്കില്‍ മാത്രം അധികം ഗ്‌ളൂക്കോസ് നിക്ഷേപിച്ചതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചതെന്നായിരിക്കും നമുക്ക് പെട്ടെന്ന് തോന്നുക. ക്ഷമിക്കണം, അങ്ങനെ യാതൊന്നും സംഭവിച്ചിരുന്നില്ല. 12 ഫ്‌ളാസ്‌ക്കുകളിലും ഒരേ അളവിലുള്ള ഗ്‌ളൂക്കാസാണ് വളരെ കണിശമായ അളവില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നത്.

പിന്നെന്താണ് സംഭവിച്ചത്? Ara-3 നുമാത്രം ഇത്രപെട്ടെന്ന് അപ്രതീക്ഷിതമാറ്റം സംഭവിക്കാന്‍ കാരണമെന്ത്? ലെന്‍സ്‌കിയും മറ്റ് രണ്ടു സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തുടരന്വേഷണങ്ങളിലൂടെള്‍ കാരണം കണ്ടെത്തുകതന്നെ ചെയ്തു. ഒന്നോര്‍ക്കുക, ഗ്‌ളൂക്കോസ് ഭക്ഷണം മാത്രമല്ല ഒരു നിയന്ത്രണശക്തി (controlling agent) കൂടിയാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ശേഷിയെ പിന്തുണയ്ക്കുന്ന ഒരു ഉല്‍പ്പരിവര്‍ത്തിത വ്യതിയാനത്തിന് പ്രകൃതിനിര്‍ധാരണപരമായി മുന്‍തൂക്കമുണ്ടാകുമല്ലോ. 12 ഗോത്രങ്ങളുടേയും കാര്യത്തില്‍ പൊതുവായി സംഭവിച്ചത് അതുതന്നെയാണ്. ഒപ്പംതന്നെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, അതായത് പോഷകസൂപ്പില്‍ ഗ്‌ളൂക്കോസ് മാത്രമല്ല ഉണ്ടായിരുന്നത്. അതിലെ മറ്റൊരു ഘടകം സിട്രേറ്റ് (citrate) ആയിരുന്നു(നാരങ്ങ പുളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വസ്തു). പോഷകസൂപ്പില്‍ ധാരാളം സിട്രേറ്റുണ്ടായിരുന്നു. എന്നാല്‍ ഇ.കോളി ബാക്റ്റീരിയകള്‍ക്ക് സാധാരണയായി സിട്രേറ്റ് ഉപയോഗിക്കാനുള്ള കഴിവില്ല;ജലത്തില്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടെങ്കില്‍ വിശേഷിച്ചും. ലെന്‍സ്‌കിയുടെ ഫ്‌ളാസ്‌ക്കുകളില്‍ ഓക്‌സിജന്റെ സാന്നിധ്യം സുലഭമായിരുന്നുവല്ലോ. അങ്ങനെയാണ് 12 ഗോത്രങ്ങളും ഗ്‌ളൂക്കോസ് മാത്രം സ്വീകരിച്ച് സമാനനിരക്കില്‍ പ്രജനനം നടത്തിപ്പോന്നത്. എന്നാല്‍ പെട്ടെന്ന് ഒരുഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു-ശരിക്കും ലോട്ടറിയടിച്ചതുപോല! അതെ, Ara-3 ഫ്‌ളാസ്‌ക്കില്‍ അതാണ് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം, പെട്ടെന്ന് ഗ്‌ളൂക്കോസിന് പുറമേ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും ഗ്‌ളൂക്കോസ് മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. അങ്ങനെ Ara-3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടതല്‍ ഉയരത്തിലെത്തി സ്ഥിരതയാര്‍ജ്ജിക്കുകയും ചെയ്തു. തികച്ചും അവിശ്വനീയം അല്ലേ? പക്ഷെ അതുതന്നെയാണ് സംഭവിച്ചത്.

Ara-3 ഗോത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ച സവിശേഷമായ മാറ്റത്തിന്റെ കാരണം ഗ്രഹിച്ചശേഷം ലെന്‍സ്‌കിയും സംഘവും കൂടുതല്‍ രസകരമായ ചോദ്യങ്ങളുടെ ഉത്തരംതേടാന്‍ തുടങ്ങി. 12 ഗോത്രങ്ങളിലും വളരെ അപൂര്‍വമായി മാത്രം സംഭവിക്കാനിടയുളള ഏതെങ്കിലുമൊരു നാടകീയമായ ഉല്‍പ്പരിവര്‍ത്തനം കാരണമാണോ സിട്രേറ്റ് ഉപയോഗിക്കാനുള്ള ശേഷി Ara-3 യിലെ ബാക്റ്റീരിയകള്‍ കണ്ടുപിടിച്ചത്? അതോ പടിപടിയായിട്ടുള്ള ഒരു വ്യതിയാനമായിരുന്നോ ഈ മാറ്റം കൊണ്ടുവന്നത്? ഇ.കോളി ബാക്റ്റീരിയ ജിനോമിന്റെ ഉല്‍പ്പരിവര്‍ത്തന നിരക്കിന്റെ ശരാശരി ലെന്‍സ്‌കി നേരത്തെ കണക്കാക്കിയിരുന്നു. അതനുസരിച്ച് ഏതെങ്കിലും ഒരോ ജീനിനും 12 താവഴികളിലും കൂടി ഒരു തവണയെങ്കിലും ഉല്‍പ്പരിവര്‍ത്തനം സംഭവിക്കാനായി മുപ്പതിനായിരം തലമുറകള്‍ മതിയായ കാലയളവാണെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയെങ്കില്‍ Ara-3 യില്‍ സംഭവിച്ചത് തീര്‍ത്തും അപൂര്‍വമായ ഒരു ഉല്‍പ്പരിവര്‍ത്തനമാകാന്‍ ഇടയില്ലെന്നും മറ്റ് ഗോത്രങ്ങളും ഇതു 'കണ്ടുപിടിച്ചി'ട്ടുണ്ടാകാനിടയുണ്ടെന്നും ലെന്‍സ്‌കി അനുമാനിച്ചു.

സിട്രേറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ജൈവരാസ മാന്ത്രികത കൈവരിക്കാന്‍ ഒരു ഉല്‍പ്പരിവര്‍ത്തനം മതിയോ? കുറഞ്ഞത് രണ്ടെണ്ണമെങ്കിലും(അതോ മൂന്നോ?) ആവശ്യമാണെന്ന് വന്നാലോ? ഇ.കോളി ജീനോമിന്റെ ശരാശരി ഉല്‍പ്പരിവര്‍ത്തനനിരക്ക് കണക്കിലെടുക്കുമ്പോഴാണ് ഇങ്ങനെ ആരായേണ്ടിവരുന്നത്. ഒന്നിനുപിറകെ ഒന്നായി സങ്കലനമാതൃകയില്‍ സംഭവിക്കാവുന്ന രണ്ടു ഉല്‍പ്പരിവര്‍ത്തനങ്ങളെ കുറിച്ചല്ല നാമിപ്പോള്‍ സംസാരിക്കുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ എപ്പോഴെങ്കിലും സംഭവിക്കുന്ന ആ രണ്ടെണ്ണം ഏതൊക്കെയെന്ന് കണ്ടെത്തിയാല്‍ മതിയായിരുന്നു. അതില്‍ ഏതെങ്കിലും ഒരെണ്ണം സ്വന്തംനിലയില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള പകുതിദൂരം പിന്നിടാന്‍ സഹായിക്കും. അതായത് ആ ഒരെണ്ണംതന്നെ സിട്രേറ്റില്‍ ഭക്ഷണം കണ്ടെത്താനുള്ള ശേഷിയുടെ ഒരു ഭാഗമെങ്കിലും കൊണ്ടുവരും. അതേസമയം രണ്ട് ഉല്‍പ്പരിവര്‍ത്തനങ്ങളും ഒരുമിച്ച് വരുന്നതുപോലെയുള്ള ഫലം ലഭിക്കുകയുമില്ല. അതായത് 'അരഫലം' ലഭിച്ചേക്കും. ശരീരവലുപ്പം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് ഇതിനകം സൂചിപ്പിച്ച ഉല്‍പ്പരിവര്‍ത്തനത്തിന് തത്തുല്യമായിത്തീരുകയാണ് കാര്യങ്ങളിവിടെ. എന്നാല്‍ അത്തരമൊരു സാഹചര്യം അത്ര അസാധാരണമാകാനിടയില്ല; മാത്രമല്ല Ara-3 യുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ തീരെ അപൂര്‍വമാകാന്‍ സാധ്യതയുമില്ല. സൃഷ്ടിവാദക്കാരുടെ പതിവുപല്ലവിയായ 'നിര്‍ധാരണം ചെയ്യാനാവാത്ത സങ്കീര്‍ണ്ണത' (irreducible complexity) എന്ന സങ്കല്‍പ്പത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയാണോ സിട്രേറ്റ് ദഹനശേഷി ചെയ്യുന്നത്? ഒരു രാസമാറ്റത്തിന്റെ ഫലം മറ്റൊരു രാസമാറ്റത്തിന് ഇന്ധനവും പ്രേരകവുമായി മാറുന്ന ജൈവരാസവീഥി ആയിരുന്നേക്കാമിത്. ഒന്നിനും മറ്റൊന്നിന്റെ സഹായമില്ലാതെ മുന്നേറ്റമുണ്ടാക്കാനാവില്ല. അങ്ങനെയെങ്കില്‍ രണ്ട് ഉല്‍പ്പരിവര്‍ത്തനങ്ങള്‍ നാം ഉദ്ദേശിച്ച രാസപ്രവര്‍ത്തനത്തിന്റെ ചാലകശക്തിയായിട്ടുണ്ടാവണം. അവയ്ക്ക് A, B എന്നിങ്ങനെ പേരുകൊടുക്കാം. അത്തരമൊരു വ്യവസ്ഥ അംഗീകരിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും മാറ്റം കാണുന്നതിനുമുമ്പ് രണ്ട് ഉല്‍പ്പരിവര്‍ത്തനവും സംഭവിച്ചിരിക്കണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ 12 ഗോത്രങ്ങളില്‍ ഒന്നില്‍ മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളുവെന്നത് തൃപ്തികരമായി വിശദീകരിക്കുക പ്രയാസകരമായിത്തീരും.

ഇതെല്ലാം സാങ്കല്‍പ്പികമാണ്. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പരീക്ഷിച്ചറിയാന്‍ ലെന്‍സ്‌കിക്കും സംഘത്തിനും കഴിയുമായിരുന്നില്ലേ? കൊള്ളാം, ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നതാണ് വാസ്തവം. ശീതികരിക്കപ്പെട്ട 'ജീവനുള്ള ഫോസിലുകള്‍' വിദഗ്ധമായി ഉപയോഗപ്പെടുത്തിയാണ് അവരാ നേട്ടം കൈവരിച്ചത്. പരീക്ഷണത്തിലുടനീളം ഈ ഫോസിലുകള്‍ വന്‍പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. വീണ്ടും പരികല്‍പ്പനയിലേക്ക് തിരിച്ചുവരാം. അജ്ഞാതമായ ഏതോ സമയത്ത് Ara-3 ഗോത്രത്തില്‍ ഒരു ഉല്‍പ്പരിവര്‍ത്തനം സംഭവിച്ചു. അതായത് ഉല്‍പ്പരിവര്‍ത്തനം-A. പറയത്തക്ക മാറ്റമൊന്നും A കൊണ്ടുണ്ടായില്ല. കാരണം ഉദ്ദേശിക്കപ്പെടുന്ന മാറ്റം സംഭവിക്കണമെങ്കില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഉല്‍പ്പരിവര്‍ത്തനമായ B ഇനിയും സംഭവിച്ചിട്ടില്ല. അതേസമയം ഉല്‍പ്പരിവര്‍ത്തനം-B മാത്രമായി മറ്റുചില ഗോത്രങ്ങളില്‍ സംഭവിച്ചിട്ടുണ്ടാവും. പക്ഷെ അതുമാത്രമായിട്ടും കാര്യമില്ല. കാരണം ഒറ്റയ്ക്ക് കാര്യം നടക്കില്ല. ഉല്‍പ്പരിവര്‍ത്തനം-A മുന്നാടിയായി വന്ന് നിലമൊരുക്കല്‍ നടത്തിയെങ്കില്‍ മാത്രമേ ഉല്‍പ്പരിവര്‍ത്തനം-B യ്ക്ക് പ്രഭാവമുണ്ടാക്കാനാവൂ. അതെ, Ara-3 ഗോത്രത്തില്‍ മാത്രമേ ഇതു രണ്ടും ഒരുപോലെ സംഭവിച്ചിട്ടുള്ളു.
പരിശോധിച്ചറിയാവുന്ന ഒരു പ്രവചനത്തിന്റെ (a testable prediction) രൂപത്തില്‍ ഈ പരികല്‍പ്പന അവതരിപ്പിക്കാനും ലെന്‍സ്‌കിക്ക് സാധിച്ചു. അതിന് മറ്റൊരു ന്യായവുമുണ്ടായിരുന്നു. എന്തെന്നാല്‍ ഭൂതകാലത്ത് സംഭവിച്ചിട്ടുള്ളതാണെങ്കിലും അത് ശരിക്കും ഒരു പ്രവചനം തന്നെയാണ്. ഇതിനെക്കുറിച്ച് വിഖ്യാത ഡാര്‍വിനിസ്റ്റായ റിച്ചാഡ് ഡോകിന്‍സ് ‘The Greatest Show On Earth’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു ശ്രദ്ധിക്കൂ:''ലെന്‍സ്‌കിയുടെ സ്ഥാനത്ത്  ഞാനായിരുന്നെങ്കില്‍ ഈ പ്രവചനം ഇപ്രകാരം പുനരവതരിപ്പിക്കുമായിരുന്നു: പല ഘട്ടങ്ങളില്‍ ശീതികരിക്കപ്പെട്ട Ara-3 ഗോത്രത്തിലെ 'ഫോസിലുകള്‍' പുറത്തെടുക്കും. വളരെ ആസൂത്രിതമായി പിറകോട്ടുപോയി തന്ത്രപ്രധാന ഘട്ടങ്ങളിലെ 'ഫോസിലുകളാ'യിരിക്കും മരവിപ്പില്‍നിന്നും മോചിപ്പിച്ച് പുനര്‍ജീവിപ്പിക്കുക. 'ലാസര്‍ ക്‌ളോണുകള്‍'('Lazarus clone') എന്നുവിളിക്കാവുന്ന ഈ ഫോസിലുകളില്‍ ഓരോന്നിനേയും തുടര്‍പരിണാമം നടത്താന്‍ അനുവദിക്കും. മുഖ്യപരീക്ഷണത്തില്‍ നടക്കുന്ന പുരോഗതിക്കൊപ്പം സഞ്ചരിക്കാന്‍ ഈ ഫോസിലുകളേയും അനുവദിക്കുമങ്കിലും മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്തിയായിരിക്കും ഇതുചെയ്യുന്നത്. ഇനിയാണ് എന്റെ പ്രവചനം. ലാസര്‍ ക്‌ളോണുകളില്‍ ചിലവ സിട്രേറ്റ് ഉപയോഗിക്കാനുള്ള വിദ്യ ഇതിനകം കണ്ടുപിടിച്ചിട്ടുണ്ടാവും. ശീതീകരണത്തില്‍നിന്ന് മോചിപ്പിക്കുമ്പോള്‍ മാത്രമാണത് പഠിക്കാനാവുന്നത്. പക്ഷെ മാറ്റം നടന്നുകഴിഞ്ഞ അവസ്ഥയില്‍ മാത്രമാണ് നാമവയെ കാണുന്നത്. അവിടെയാണ് പ്രശ്‌നം. ഈ മാന്ത്രികമാറ്റം സംഭവിച്ചത് എപ്പോഴാണെന്ന് കൃത്യമായി അറിയാനാവില്ലെങ്കിലും ആ തലമുറയെ നമുക്ക് കണ്ടെത്താനാവും. ഒപ്പം നമ്മുടെ പരികല്‍പ്പനയനുസരിച്ച് Ara-3 ഗോത്രത്തില്‍ ഉല്‍പ്പരിവര്‍ത്തനം-A അരങ്ങേറിയത് എപ്പോഴാണെന്നും നമുക്കറിയാനാവും.''
ഈ പ്രവചനം ശരിയാണെന്ന് ലെന്‍സ്‌ക്കിയുടെ വിദ്യാര്‍ത്ഥിയായ സാക്കറി ബ്‌ളൗണ്ട് (Zachary Blount) കണ്ടെത്തി. പല തലമുറകളില്‍ നിന്നായി ഇ.കോളി വിഭാഗത്തില്‍പ്പെട്ട 40 ട്രില്യണ്‍ (40,000,000,000,000) ബാക്റ്റീരിയകളെ നിരീക്ഷണത്തിന് വിധേയമാക്കികൊണ്ടാണ് അദ്ദേഹം ശ്രമകരമായ തന്റെ പരീക്ഷണങ്ങള്‍ നിര്‍വഹിച്ചത്. ആ മാന്ത്രികനിമിഷം എത്തിയതാകട്ടെ ഏകദേശം 20,000 തലമുറകള്‍ക്ക് ശേഷവും. Ara-3 യുടെ 20,000 തലമുറയ്ക്ക് ശേഷമുള്ള ഫോസില്‍ശേഖരം സിട്രേറ്റ് ആഹരിക്കാനുള്ള ശേഷിയില്‍ വര്‍ദ്ധിച്ചുവരുന്ന സാധ്യതകള്‍ കാണിച്ചുതുടങ്ങി. 20,000 തലമുറയ്ക്ക് മുമ്പുള്ള ഒരു ഫോസിലും അത്തരമൊരു സ്വഭാവം പ്രദര്‍ശിപ്പിച്ചിരുന്നില്ല. അതുവരെ മറ്റേത് ഗോത്രത്തേയും പോലെയായിരുന്നു Ara-3 യും. നമ്മുടെ പരികല്‍പ്പനയനുസരിച്ച് 20000 തലമുറയ്ക്ക് ശേഷമാണ് Ara-3 ഗോത്രം പിന്നീടെത്തുന്ന ഉല്‍പ്പരിവര്‍ത്തനം-B എപ്പോള്‍വന്നാലും പ്രഭാവിതമാകാന്‍ അനുവദിക്കുന്ന രീതിയില്‍'പാകപ്പെട്ടത്'('primed'). 20,000 തലമുറകള്‍ക്ക് ശേഷം സംഭവിച്ച ഈ മാറ്റത്തിന് അനുകൂലമായോ പ്രതികൂലമായോ പിന്നീട് യാതൊരു മാറ്റവുമുണ്ടായില്ല. 20,000 തലമുറയ്ക്ക് ശേഷമുള്ള ശീതികരിക്കപ്പെട്ട ഫോസിലുകള്‍ ബ്‌ളൗണ്ട് പുനര്‍ജീവിപ്പിച്ചപ്പോഴൊക്കെ സിട്രേറ്റ് ഉപയോഗിക്കാനുള്ള ശേഷി വര്‍ദ്ധിച്ചേക്കാവുന്ന സാധ്യതകള്‍ മാറ്റമില്ലാതെ നിലകൊണ്ടു. എന്നാല്‍ ഇരുപതിനായിരം തലമുറയ്ക്ക് മുകളിലുള്ള ശീതകരണ വിമുക്തമായ ഫോസിലുകള്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ പ്രകടമാക്കിയിരുന്നില്ല. അതായത് ഇരുപതിനായിരം തലമുറകള്‍ വരെ Ara-3 ഗോത്രവും മറ്റെല്ലാ ഗോത്രങ്ങളേയും പോലെയായിരുന്നു. ആ ഘട്ടത്തിലുള്ള Ara-3 ഫോസിലുകളില്‍ ഉല്‍പ്പരിവര്‍ത്തനം-A സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇരുപതിനായിരം തലമുറകള്‍ പിന്നിട്ടതോടെ ഉല്‍പ്പരിവര്‍ത്തനം-A സംഭവിച്ചതിലൂടെ ഉല്‍പ്പരിവര്‍ത്തനം-B യ്ക്ക് പ്രഭാവിയാകത്തക്കവിധം Ara-3 ഗോത്രം 'പാകപ്പെട്ടു'. അതുകൊണ്ടുതന്നെ അവയ്ക്ക് മാത്രമേ മറ്റ് പല ഗോത്രങ്ങളിലും നടന്നിരിക്കാനിടയുള്ളതുപോലെ ഉല്‍പ്പരിവര്‍ത്തനം-B സംഭവിച്ചപ്പോള്‍ അത് പ്രയോജനപ്പടുത്താനായുള്ളു. ശാസ്ത്രീയ ഗവേഷണങ്ങളില്‍ ആനന്ദമൂര്‍ച്ഛ പ്രദാനം ചെയ്യുന്ന നിരവധി നിമിഷങ്ങള്‍ ഉയര്‍ന്നുവരും;തീര്‍ച്ചയായും ഇത് അത്തരത്തിലൊന്നായിരുന്നു.

ലെന്‍സ്‌കിയുടെ പരീക്ഷണം തെളിയിക്കുന്നതെന്തെന്നാല്‍ പരീക്ഷണശാലയില്‍ സൂക്ഷ്മജീവികള്‍ വളരെ വേഗത്തില്‍ ഇരട്ടിക്കുന്നതിനാല്‍ നമ്മുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ പരിണാമത്തിന്റെ അടിസ്ഥാനസവിശേഷതകള്‍ പ്രകടമാക്കുന്നുവെന്നതാണ്. അനിയതമായ ഉല്‍പ്പരിവര്‍ത്തനവും അതിനെ പിന്തുടരുന്ന നിയതമായ പ്രകൃതിനിര്‍ധാരണവും വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ക്കൂടിയുള്ള പരിസ്ഥിതിയോടുള്ള അനുകൂലനവും നമുക്കിവിടെ കാണാം. പിന്‍ഗാമികളായി വരുന്ന ഉല്‍പ്പരിവര്‍ത്തനങ്ങള്‍ ഭൂതകാല ഉല്‍പ്പരിവര്‍ത്തനത്തിന്റെ സഹായത്തോടെ പരിണാമവ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നുമിവിടെ പ്രകടമായി. ജീനുകള്‍ പ്രഭാവികളാനായി മറ്റ് ജീനുകളെ ആശ്രയിക്കുന്നതെങ്ങനെയെന്നും ലെന്‍സ്‌കി കാട്ടിത്തരുന്നു. എന്നിട്ടും ഇതെല്ലാം നടക്കാന്‍ സാധാരണ പരിണാമത്തിന് വേണ്ടിവരുന്ന സമയത്തിന്റെ ഒരംശം പോലും വേണ്ടിവന്നുതുമില്ല!

ഈ ശാസ്ത്രവിജയഗാഥയ്ക്ക് ഒരു അപഹാസ്യമായ ഒരനുബന്ധം കൂടിയുണ്ട്. എന്താണെന്നല്ലേ? സൃഷ്ടിവാദികള്‍ അതിനെ വെറുക്കുന്നു. 
ബാക്റ്റീരിയ പരിണമിച്ച് ബാക്റ്റീരിയ ആകുന്നതാണോ പരിണാമം?! ബാക്റ്റീരയയെ കുറഞ്ഞത് ഒരു എലിയെങ്കിലും ആക്കിക്കാണിക്കൂ,എന്നാല്‍ അംഗീകരിക്കാം'-ഇതാണവരുടെ 'ശാസ്ത്രീയ'നിലപാട്! പരിണാമം പ്രവര്‍ത്തിക്കുന്നത് നമ്മെ കാട്ടിത്തരുന്നുവെന്ന് മാത്രമല്ല ജീനോമിലേക്ക് പുതിയ 'വിവരങ്ങള്‍' (information) ആസൂത്രകന്റെ സഹായമില്ലാതെ എത്തിച്ചേരുമെന്നന്നതും ഈ പരീക്ഷണവിജയം സാക്ഷ്യപ്പെടുത്തുന്നു. ആസൂത്രകനില്ലാതെ എന്തെങ്കിലും സംഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ നിമിഷം ചാടിവീണ് നിഷേധിക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് സൃഷ്ടിവാദികള്‍(ശീലിപ്പിക്കപ്പെട്ടു എന്നുപറയുന്നതിന് ഒരു കാരണമുണ്ട്. അവരില്‍ ഒട്ടുമിക്കവര്‍ക്കും 'വിവരം' എന്നതിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല). പ്രകൃതിനിര്‍ധാരണത്തിന്റെ പ്രഭാവം കമനീയമായി വിശദീകരിക്കുന്ന ഈ പരീക്ഷണം സൃഷ്ടിവാദികളുടെ പല പ്രിയപ്പെട്ട ഗണിതസമവാക്യങ്ങളേയും അസാധ്യമാക്കുകയും 'നിര്‍ധാരണം ചെയ്യാനാവാത്ത സങ്കീര്‍ണ്ണത' എന്ന അവരുടെ കേന്ദ്രസിദ്ധാന്തത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോരസപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍.

വികിപീഡിയയുടെ കുപ്രസിദ്ധ അനുകരണമായ 'കണ്‍സര്‍വപീഡയയുടെ' ('conservapedia') സൃഷ്ടിവാദ എഡിറ്ററായ ആന്‍ഡ്രൂ ഷാഫ്‌ളീ (Andrew schlafly) പരീക്ഷണങ്ങളുടെ യഥാര്‍ത്ഥ ഡേറ്റ (original data) മുഴുവന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ലെന്‍സ്‌കിക്ക് എഴുതിയിരുന്നു. പരീക്ഷണത്തിന്റെ ആധികാരകതയെപ്പറ്റി സംശയമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സംസ്‌ക്കാരശൂന്യമായ ആ നിര്‍ദ്ദേശത്തോട് പ്രതികരിക്കേണ്ട യാതൊരു ബാധ്യതയും ഉണ്ടായിരുന്നില്ലെങ്കിലും വളരെ സൗമ്യമായി ലെന്‍സ്‌കി പ്രതികരിച്ചു. വിമര്‍ശനം നടത്തുന്നതിനുമുമ്പ് തന്റെ ഗവേഷണപ്രബന്ധം വായിക്കാന്‍ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം ഷാഫ്‌ളീയോട് അഭ്യര്‍ത്ഥിച്ചു. തന്റെ ഏറ്റവും അമൂല്യമായ തെളിവ് ശീതികരിക്കപ്പെട്ട ഫോസിലുകളായി സൂക്ഷിച്ചിരിക്കുന്ന പല പരിണാമ ഘട്ടങ്ങളിലുള്ള ബാക്റ്റീരിയയാണെന്നും ആര്‍ക്കുവേണമെങ്കിലും അവ പരിശോധിച്ച് സ്ഥിരീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലില്‍ പ്രവര്‍ത്തനപരിചയവും വൈദഗ്ധ്യമുള്ള ഏത് ബാക്റ്റീരിയോളജിസ്റ്റിനും സാമ്പിളുകള്‍ കൈമാറാന്‍ സന്തോഷമേയുള്ളുവെന്നും ലെന്‍സ്‌ക്കി അറിയിച്ചു. എന്നാല്‍ അവിദഗ്ധകരങ്ങളില്‍ അത്തരം സാമ്പിളുകള്‍ ഏല്‍പ്പിക്കുന്നത് അപകടകരമായേക്കും. തുടര്‍ന്ന് ഒരു ബാക്റ്റീരിയ വിദഗ്ധന് ഉണ്ടായിരിക്കേണ്ട യോഗ്യതയെപ്പറ്റിയുള്ള മുഴുവന്‍ വിശദാംശങ്ങളും ദയാശൂന്യമായ രീതിയില്‍തന്നെ അദ്ദേഹം വിവരിച്ചു. എത്ര സന്തോഷത്തോടെയാണ് അദ്ദേഹമത് ചെയ്തിരുന്നതെന്ന് നമുക്കൂഹിക്കാം. കാരണം അതിസങ്കീര്‍ണ്ണമായ ലബോറട്ടിറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതുപോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാവണ്ണം ഗ്രഹിക്കുന്നതിനുപോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രു ഷാഫ്‌ളീക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ വളരെ സുവ്യക്തമായ ഭാഷയില്‍ പ്രശസ്ത ജീവശാസ്ത്രജ്ഞനും ബ്‌ളോഗറുമായ പി.സി മെയേഴ്‌സ് (PZ Myers) ''ഒരിക്കല്‍ക്കൂടി റിച്ചാഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ്പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഡികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു, പ്രിയപ്പെട്ടവരെ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭമാക്കുന്നു'' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തില്‍ വിജയഭാവത്തില്‍ വിവരിച്ചിട്ടുണ്ട്. ഫോസിലുകള്‍ ശീതികരിച്ച് സൂക്ഷിക്കാനും പുനര്‍ജീവിപ്പിക്കാനുമുള്ള അതിവിദഗ്ധമായ നൂതന സാങ്കേതികവിദ്യയും പ്രകൃതിനിര്‍ധാരണത്തിന്റെ പ്രഭാവവും പരിണാമമാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള അതിന്റ ശേഷിയും ഒരു മനുഷ്യജന്മത്തിനുള്ളില്‍ കണ്ടറിയാവുന്ന രീതിയില്‍, നമ്മുടെ കണ്‍മുമ്പില്‍ തെളിയിക്കുകയാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ചെയ്യുന്നത്. ഒരുപക്ഷെ കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ 
പരിണാമസംബന്ധിയായി അരങ്ങേറിയ ഏറ്റവും മഹത്തായ പരീക്ഷണമാണിത്.****


Reference 
1.The Greatest Show on the Earth by Richard Dawkins
2. Richard lenski, myxo.css.msu.edu/,en.wikipedia.org/wiki/Richard_Lenski
3. rationalwiki.org/wiki/Richard_Lenski, 

4. www.evolutionnews.org/.../richard_lenski_evolvability_an045921.h.
5. "Richard Lenski has replied to the goons and fools at Conservapædia" by PZ Myers, @http://scienceblogs.com/pharyngula/2008/06/lenski_gives_conservapdia_a_le.php

Sunday 10 July 2011

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയത്തിലേക്ക്‌



വിഖ്യാത പരിണാമശാസ്ത്രജ്ഞനും എത്തനോളജിസ്റ്റുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാഡ് ഡോക്കിന്‍സ് അവിശ്വാസികളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തിയ 'ദൈവവിഭ്രാന്തി' ('The God Delusion'/2006) എന്ന പുസ്തകത്തിന്റെ രചയിതാവെന്ന നിലയിലാണ് കൂടുതലും അറിയപ്പെടുന്നത്. 'ഡാര്‍വിന്‍സ് റൊട്ട്വെയിലര്‍' (Darwin's Rottweiler)എന്ന വിളിപ്പേരുള്ള അദ്ദേഹം പരിണാമശാസ്ത്രത്തെപ്പറ്റി നിരവധി ബെസ്റ്റ് സെല്ലറുകള്‍ രചിച്ച ജീവശാസ്ത്രജ്ഞന്‍ കൂടിയാണ്. തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി ഡോക്കിന്‍സ് പരിഗണിക്കപ്പടുന്നു. ജെറി കോയന്റെ 'വൈ ഇവല്യൂഷന്‍ ഈസ് ട്രൂ' ('Why Evolution is True' (2009) by Jerry Coyne), കെന്നത്ത് മില്ലറുടെ'ഫൈന്‍ഡിംഗ് ഡാര്‍വിന്‍സ് ഗോഡ്' ('Finding Darwin's God' (2000) by Kenneth Miller) എന്നിവയാണ് പരിണാമസംബന്ധിയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ രണ്ട് ഗ്രന്ഥങ്ങള്‍. ഇരുവരും പരിണാമവാദത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെങ്കിലും ജെറി കോയന്‍ തികഞ്ഞ നിരീശ്വരവാദിയും കെന്നത്ത് മില്ലര്‍ റോമന്‍കത്തോലിക്കനുമാണ്. പരിണാമസിദ്ധാന്തത്തിനെതിരെ മതം ഒന്നടങ്കം വാളെടുക്കുന്നുവെന്ന വാദത്തില്‍ കഥയില്ലെന്ന സൂചനയാണിത് കൊണ്ടുവരുന്നത്. പരിണാമവിരുദ്ധവാദങ്ങളുടെ മുനയൊടിക്കുന്നതില്‍ മേല്‍പ്പറഞ്ഞ പുസ്തകങ്ങള്‍ ഏറെക്കൂറെ നല്ലവിജയം നേടിയതായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കടുത്ത യാഥാസ്ഥികരായ മതവാദികള്‍ ഡാര്‍വിനിസത്തെ പ്രതിക്കൂട്ടിലാക്കാന്‍ പുതിയ കാരണങ്ങള്‍ തേടിപ്പിടിക്കുന്ന തിരക്കിലായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'('The Greatest Show On Earth', Bentam Press, 2009) എന്ന തന്റെ പുതിയ ഗ്രന്ഥത്തിലൂടെ പരിണാശാസ്ത്രത്തിന്റെ ഭൂമികയിലേക്ക് തിരിച്ചുവരാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത് ഈ വെല്ലുവിളികളാണെന്ന് പറയാം. തന്റെ പുസ്തശൃംഖലയില്‍ നഷ്ടപ്പട്ടതായി കാണപ്പെട്ട 'ഇടക്കണ്ണി'യെന്നാണ് (“my missing link”)അദ്ദേഹം ഈ ഗ്രന്ഥത്തെ സ്വയം വിശേഷിപ്പിക്കുന്നത്.

Prof. Richard Dawkins

പതിവുപോലെ പുതിയ പുസ്തകവും ശാസ്ത്രലോകത്ത് ഒട്ടനവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. പ്രസിദ്ധീകരിച്ച് ആദ്യ ആഴ്ചയ്ക്കുള്ളില്‍തന്നെ ബ്രിട്ടണിലും കാനഡയിലും ഓസ്‌ട്രേലിയയിലും ബെസ്റ്റ്‌സെല്ലറായി മാറിയ ഈ പുസ്തകം ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. എഴുത്തുകാരനും ചിന്തകനുമെന്നനിലയില്‍ ഡോക്കിന്‍സിനുള്ള കീര്‍ത്തിയും താരപരിവേഷവും ഇതിലൊരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പരിണാമവാദത്തിന്റെ ആത്യന്തിക പ്രതിരോധമായി രചിക്കപ്പെട്ട 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പരിണാമവിരുദ്ധ കടന്നാക്രമണങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുന്നതില്‍ എത്രമാത്രം വിജയിക്കുമെന്ന ഉദ്വേഗം വായനാലോകത്തുണ്ടായിരുന്നു. കോയന്റേയും മില്ലറുടേയും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒട്ടുമിക്ക വിവരങ്ങളും ഡോക്കിന്‍സിന്റെതന്നെ ഏഴോളം മുന്‍പുസ്തകങ്ങളിലെ വിശദാംശങ്ങളും ഈ ഗ്രന്ഥത്തിലും സ്ഥാനംപിടിക്കുന്നുണ്ട്. ശാസ്ത്രം ഒരു പകല്‍ക്കിനാവോ വെളിപാടോ അല്ല; അതൊരു നൈരന്തര്യമാണ്-ഈ നിലപാടുയര്‍ത്തിപ്പിടിച്ചാണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പരിണാമവിജ്ഞാനീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നാഴികക്കല്ലായി മാറുന്നത്. 

പരിണാമം നടന്നുവെന്ന് ബോധ്യപ്പെടുത്തികൊടുക്കേണ്ടവരെ ലക്ഷ്യമാക്കിയുള്ളവയായിരുന്നില്ല തന്റെ മുന്‍കാലരചനകളെന്ന് ഡോക്കിന്‍സ് ഏറ്റുപറയുന്നുണ്ട്. പരിണാമം പ്രകൃതിനിയമമായി അംഗീകരിക്കപ്പെട്ടനിലയ്ക്ക് ഒരോ ലഘുവായ കാര്യങ്ങള്‍ക്കും പ്രത്യേകം തെളിവ് നിരത്തേണ്ടിവരുമെന്ന് അന്ന് കരുതിയിരുന്നില്ല. ഭൂഗുരുത്വനിയമത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ക്ക് വരെ തെളിവ് നിരത്തിയിട്ട് ക്വാണ്ടംസിദ്ധാന്തം അവതരിപ്പിച്ചാല്‍ മതിയെന്ന് വാദിച്ചാല്‍ കുഴങ്ങിയതുതന്നെ. പരിണാമസിദ്ധാന്തം സത്യവും വസ്തുനിഷ്ഠവുമാണെന്ന ധാരണയിലാണ് കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി ശാസ്ത്രം മുന്നോട്ടുപോകുന്നത്. എന്നാല്‍ അമേരിക്കയിലും മറ്റ് മതാധിഷ്ഠിതരാജ്യങ്ങളിലുമുള്ള നല്ലൊരുവിഭാഗം ജനങ്ങള്‍ക്കും അതിപ്പോഴും 'വെറുമൊരു സിദ്ധാന്തം'(“it is just a theory”) മാത്രമാണെന്ന നിലപാടാണുള്ളത്. ശാസ്ത്രരംഗത്ത് നിലവിലിരിക്കുന്ന മറ്റൊരു പ്രമുഖ സിദ്ധാന്തവും ഇത്രമാത്രം പ്രതിരോധിക്കപ്പെടുന്നില്ല. മതവിശ്വാസത്തിന്റെ അടിത്തറയിളക്കുമെന്ന ഭീതി തന്നെയാണ് പരിണാമസിദ്ധാന്തത്തോടുള്ള എതിര്‍പ്പിന്റെ മുഖ്യകാരണം. 

ജൈവപരിണാമം ഭൂമിയില്‍ സംഭവിച്ച 'ഏറ്റവും മഹത്തായ 
ദൃശ്യവിസ്മയം'(The Greatest Show) ആണെന്ന വാദത്തോടെയാണ് ഡോക്കിന്‍സ് ആരംഭിക്കുന്നത്. പരിണാമത്തിന് വേണ്ടിവന്ന കാലദൈര്‍ഘ്യം മനുഷ്യന്റെ ഭാവനയ്ക്ക് അതീതവും മസ്തിഷ്‌ക്കത്തിന്റെ നിര്‍ധാരണശേഷിക്കപ്പുറവുമാണ്. അമ്പതോ നൂറോ വര്‍ഷമെന്ന് പറയുമ്പോള്‍ ഏറെക്കുറെ ഒരു ധാരണ ലഭിക്കുന്ന നാം വര്‍ഷം ആയിരവും പതിനായിരവും കടക്കുമ്പോള്‍ പകച്ചുപോകുന്നു. സംഖ്യ ദശലക്ഷങ്ങളിലേക്കും കോടികളിലേക്കുമൊക്കെ നീളുമ്പോള്‍ വെറുതെ പൂജ്യമിട്ട് കളിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നിര്‍ഭാഗ്യവശാല്‍ പരിണാമസിദ്ധാന്തം അത്തരം സുദീര്‍ഘമായ കാലയളവുകളെപ്പറ്റിയാണ് സംസാരിക്കുന്നത്. പരിണാമം എന്തുകൊണ്ടാണ് നമുക്ക് അനുഭവപ്പെടാത്തത്? നിലവിലുള്ള ജീവികള്‍ എന്തുകൊണ്ട് പരിണമിക്കുന്നില്ല? തുടങ്ങിയ ഭാവനാരഹിതമായ ചോദ്യങ്ങള്‍ നിര്‍ദ്ദയമായി റദ്ദാക്കുന്ന യഥാര്‍ത്ഥ്യമാണിത്. കോടിക്കണക്കിന് വര്‍ഷം വേണ്ടിവരുന്ന മാറ്റങ്ങള്‍ ഒരാള്‍ക്ക് തന്റെ ജീവിതകാലത്തിനിടയ്ക്ക് കാണാനാവുന്നതെങ്ങനെ?! കുറ്റകൃത്യം നടന്ന ശേഷം സ്ഥലത്തെത്തുന്ന ഒരു കുറ്റാന്വേഷകനാണ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രജ്ഞന്‍. പരിണാമഫലമായ മനുഷ്യന്‍ തന്റെ നിര്‍മ്മിതിരഹസ്യങ്ങള്‍ ആരായുകയാണിവിടെ. നാമിന്ന് കാണുന്ന ജൈവലോകവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ അനിഷേധ്യമായ തെളിവ്. പരിണാമവിരോധികളെ 'ചരിത്രനിഷേധികള്‍'(‘History deniers’) എന്നാണ് ഡോക്കിന്‍സ് വിളിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ നാസിഭരണകൂടം 60 ലക്ഷത്തോളം ജൂതരെ കൂട്ടക്കൊല ചെയ്ത (The holocaust) ചരിത്രസംഭവം നുണയാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. മനുഷ്യബുദ്ധിയെ അപഹസിക്കുന്ന ഇത്തരം വാദങ്ങള്‍ മതപരമായ ആവശ്യകതയായി ന്യായീകരിക്കപ്പെടുന്നു. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നിജാദ് വരെ ജൂതകൂട്ടക്കൊല നിഷേധിക്കുന്നവരുടെ (‘The holocaust deniers’) മുന്‍നിരയിലുണ്ട്. റോമാസാമ്ര്യാജ്യം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നുവെന്ന് ചരിത്രക്‌ളാസ്സുകളില്‍ പഠിക്കുന്നവര്‍തന്നെ രണ്ടാം ലോകമഹായുദ്ധത്തില്‍ നടന്ന ജൂതകൂട്ടക്കൊല നുണയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ പന്തികേടുണ്ട്. റോമാസാമ്ര്യാജ്യത്തെ നിഷേധിക്കുന്നവര്‍ക്ക് ചരിത്രപഠനം താരതമ്യേന എളുപ്പമാണ്; ബി.സി.ഇ 2000 ത്തിന് മുമ്പുള്ള കാര്യങ്ങളൊന്നും പഠിക്കേണ്ടതില്ലല്ലോ! ഭൂമി ഉണ്ടായിട്ട് പതിനായിരം വര്‍ഷവും ജീവനുണ്ടായിട്ട് 4000 വര്‍ഷവും മാത്രമേ ആയിട്ടുള്ളുവെന്ന് വാദിക്കുന്നവരാണ് അമേരിക്കന്‍ സ്‌ക്കൂളുകളില്‍ വിവാദത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് (‘teach the controversy’)മുറവിളിക്കൂട്ടുന്നത്. പരിണാമവാദവും സൃഷ്ടിവാദവും തമ്മില്‍ തര്‍ക്കമുണ്ടെന്നും അതിനെപ്പറ്റി വിശദമായി ശാസ്ത്രക്‌ളാസ്സുകളില്‍ പഠിപ്പിക്കണമെന്നുമാണ് ആവശ്യം. ജൂതകൂട്ടക്കൊലയെ ചിലര്‍ നിഷേധിക്കുന്നുവെന്നതിനാല്‍ കൂട്ടക്കൊലയെ കുറിച്ച് പഠിപ്പിക്കാനും അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് പഠിപ്പിക്കാനും തുല്യസമയം നീക്കിവെക്കണണമെന്ന് വാദിച്ചാല്‍ എങ്ങനെയിരിക്കും!? 'പരിണാമത്തിനുള്ള തെളിവുകള്‍ കുറഞ്ഞപക്ഷം ജൂതകൂട്ടക്കൊലയ്ക്കുള്ള തെളിവുകളോളം ശക്തമാണ്; കൂട്ടക്കൊലയ്ക്ക് ദൃക്‌സാക്ഷികളുണ്ടായിരുന്നുവെന്ന് കണക്കിലെടുത്താല്‍പോലും'- ഡോക്കിന്‍സ് പ്രഖ്യാപിക്കുന്നു


ഫോസിലുകള്‍ക്കുമപ്പുറം

ഭൂമിയില്‍ നടന്ന ഏറ്റവും 'മഹത്തായ സംഭവമായ' ജൈവപരിണാമത്തിന്റെ തെളിവുകളും അടയാളങ്ങളും ഭൂമിയിലെമ്പാടും വാരി വിതറപ്പെട്ടിട്ടുണ്ട്. ഡാര്‍വിന്റെ കാലത്ത് തെളിവായി കൂടുതലും സ്വീകരിക്കപ്പെടുന്നത് ഫോസിലുകളായിരുന്നത് ശരിതന്നെ. എന്നാല്‍ ഈ ഭൂമുഖത്ത് നശിപ്പിക്കപ്പെടുന്ന ഒരു ജീവിയുടെ ശരീരം ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് ഏവര്‍ക്കുമറിയാം. 99% ജീവികളും മരണശേഷം ജീര്‍ണ്ണിച്ച് മണ്ണോടുചേരുന്നു. അത്യപൂര്‍വമായി ഫോസിലീകരിക്കപ്പെട്ട ജൈവസമ്പത്തിന്റെ ഒരു ശതമാനംപോലും കണ്ടെത്തിയിട്ടുമില്ല. ഫോസിലീകരണം അപൂര്‍മാകാനുള്ള കാരണങ്ങള്‍ ഡോക്കിന്‍സും നിരത്തുന്നു. പരിണാമം തെളിയിക്കാന്‍ ഫോസിലുകളുടെ ആവശ്യമേയില്ലെന്ന വാദം തൊണ്ണൂറുകള്‍ മുതല്‍ നിയോഡാര്‍വിനിസ്റ്റുകള്‍ ഉയര്‍ത്തിവരുന്നതാണ്. ആ നിലപാട് തന്നെയാണ് തന്റെ പുതിയ ഗ്രന്ഥത്തില്‍ ഡോക്കിന്‍സും പിന്‍പറ്റുന്നത്. ''ഫോസിലുകളുണ്ടോ? വളരെ നല്ലത്, പക്ഷെ യാതൊരു നിര്‍ബന്ധവുമില്ല.''

ചര്‍ച്ച പുരോഗമിക്കുന്നത് ആ നിലയ്ക്കാണെങ്കിലും ഫോസിലുകളെ പൂര്‍ണ്ണമായും പരിത്യജിക്കാന്‍ പ്രതിബന്ധതയുള്ള ഒരു ഡാര്‍വിനിസ്റ്റിന് സാധ്യമല്ലല്ലോ. ശേഷം ഫോസില്‍ചരിത്രത്തെക്കുറിച്ച് നിലവിലിരിക്കുന്ന ജനകീയമായ ചില തെറ്റിദ്ധാരണകള്‍ പരിശോധിക്കപ്പെടുന്നുണ്ട്. കാലംതെറ്റിയോ, അടരുതെറ്റിയോ ഭൂഖണണ്ഡംതെറ്റിയോ ഒരൊറ്റ ഫോസില്‍പോലും ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നത് പരിണാമത്തെ പരിപൂര്‍ണ്ണമായി സാധൂകരിക്കുന്നു. പുതിയതായി ലഭിക്കുന്ന ഫോസിലുകള്‍ സിദ്ധാന്തത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യുന്നു. “Evolution could so easily be disproved if just a single fossil turned up in the wrong date order. Evolution has passed this test with flying colours.”-ഡോക്കിന്‍സിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേംബ്രിയന്‍ കാലഘട്ടത്തിന് മുമ്പ് ജീവിച്ചിരുന്ന ഒരു മുയലിന്റെ (‘Pre-cambrian rabbit’) ഫോസില്‍ കൊണ്ടുവന്നാല്‍ പരിണാമസിദ്ധാന്തം അപ്പടി തെറ്റാണെന്ന് സമ്മതിക്കാമെന്ന ജെ.ബി.എസ് ഹാള്‍ഡെയിന്റെ (JBS Haldane) വിശ്രുതപ്രസ്താവന പരാമര്‍ശിച്ചുകൊണ്ട് ഫോസിലുകള്‍ പരിണാമസിദ്ധാന്തത്തെ സംബന്ധിച്ച് ഒരു 'ബോണസ്സ്'(Bonus) മാത്രമാണെന്ന് ഡോക്കിന്‍സ് സ്ഥാപിക്കുന്നു. ലഭ്യമായ ഫോസിലുകള്‍ കൃത്യവും സഹായകരവുമാണ്. കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ. പക്ഷെ തീരെയില്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ല. ഫോസിലുകളുടെ എണ്ണം പൂജ്യമായാലും പരിണാമസിദ്ധാന്തം നിഷ്പ്രയാസം തെളിയിക്കാനാവും. 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലെ അടിസ്ഥാനനിലപാടാണിത്. 

ശിലാഭൂതവിജ്ഞാനീയം (Palaeontology), ഭ്രൂണശാസ്ത്രം (Embryology), ജനിതകശാസ്ത്രം (Genetics,), തന്മാത്രാ ജീവശാസ്ത്രം (Molecular Biology), കൃത്രിമസങ്കലനം (Artificial breeding), ഭൗമശാസ്ത്രം (Geography), ഘടനാശാസ്ത്രം (Anatomy) തുടങ്ങിയ അനുബന്ധ ശാസ്ത്രശാഖകളില്‍ ജൈവപരിണാമത്തിന് ആധികാരികമായ തെളിവുകളുണ്ടെന്ന് ഡോക്കിന്‍സ് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലകളില്‍നിന്ന് ജൈവപരിണാമത്തിന് വന്‍തോതില്‍ തെളിവുകളെത്തിക്കുകയും അവയൊക്കെ യഥാവിധി സംയോജിപ്പിക്കുകയും ചെയ്യുന്നിടത്താണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്' വേറിട്ടൊരു പുസ്തകമായി മാറുന്നത്. വന്യസ്വഭാവമുള്ള കാട്ടുചെന്നായ്ക്കളില്‍ ചിലവ പൂച്ചക്കുട്ടിയെപ്പോലെ സൗമ്യതയുള്ള വളര്‍ത്തുനായയായി പരിണമിച്ചത് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള മനുഷ്യന്റെ കൃത്രിമമായ തെരഞ്ഞെടുപ്പ് മൂലമാണെന്ന സത്യം ഡാര്‍വിന്‍ സ്വയം നിരീക്ഷിച്ചറിഞ്ഞതാണ്. പ്രകൃതിയില്‍ ഈ തെരഞ്ഞെടുപ്പ് സ്വഭാവികമായി നടക്കുന്നതിനാല്‍ വേണ്ടിവരുന്ന സമയദൈര്‍ഘ്യം വലുതായിരിക്കും. മനുഷ്യന്‍ 'കൈവെച്ച' ജീവജാതികളിലെല്ലാംതന്നെ അമ്പരപ്പിക്കുന്ന തോതിലുള്ള ജൈവവൈവിധ്യം ദൃശ്യമാണ്. മനുഷ്യനിലാകട്ടെ പറയത്തക്ക 

വ്യത്യസ്തത കാണാനുമില്ല. മനുഷ്യര്‍ക്കിടയില്‍ കൃത്രിമമായ തെരഞ്ഞടുപ്പും സങ്കലനവും നടത്താന്‍ ആരുമില്ലെന്നോര്‍ക്കണം. 

വിട്ടുപോയ ഇടക്കണ്ണികളെ(Missing links) സംബ്ധിച്ചും സമാനമായ നിലപാടാണ് ഡോക്കിന്‍സിനുള്ളത്. എല്ലാ പരിണാമത്തിനും ഇടക്കണ്ണികള്‍ ഉണ്ടായിക്കൊള്ളണമെന്ന് നിബന്ധനയില്ല. ഇടക്കണ്ണിയെന്ന സങ്കല്‍പ്പം തന്നെ ഒരര്‍ത്ഥത്തില്‍ ഒരു ജൈവമിഥ്യയാണ്. പൊതുപൂര്‍വികനില്‍നിന്ന് ശാഖകളായി വിഘടിച്ചാണ് ജൈവപരിണാമം സംഭവിച്ചിട്ടുള്ളത്. ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവിയുണ്ടാകുകയല്ല മറിച്ച് പൊതുപൂര്‍വികന്റെ വിഘടിത വകഭേദങ്ങള്‍ ഭിന്ന ദിശകളില്‍ ഉരുത്തിരിയുകയാണുണ്ടായിട്ടുള്ളത്. ഫോസില്‍രേഖയിലുള്ളതായി കാണപ്പെടുന്ന വിടവുകളില്‍ (gaps) അസ്വാഭാവികമായി ഒന്നുമില്ല. അതേസമയം മനുഷ്യന്റെ കാര്യത്തില്‍ പരിണാമം തൃപ്തികരമായി വിശദീകരിക്കുന്ന ഇടനില ഫോസിലുകള്‍ ലഭ്യമാണെന്ന് ഡോക്കിന്‍സ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ ഇടക്കണ്ണിഫോസിലുകളുടെ നാമകരണത്തിലെ (Denomination) സാങ്കേതികമായ കടുംപിടുത്തങ്ങള്‍ വന്‍തോതില്‍ ആശയംക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പരിണാമത്തിന്റെ തെളിവായി മാധ്യമങ്ങള്‍ ഏറെ കെട്ടിഘോഷിക്കുന്ന ടിക്ടാലിക്ക്(Tik talik), ഐഡ (Ida) തുടങ്ങിയ ഫോസിലുകളെക്കുറിച്ച് അമിതമായ ആഹ്‌ളാദം ഡോക്കിന്‍സിനില്ല. അവയുടെ കണ്ടുപിടുത്തം സഹായകരമാണെങ്കിലും ഇപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിച്ചതെന്ന മട്ടിലുള്ള പ്രചരണം സ്വീകാര്യമല്ല.

പ്രകൃതിനിര്‍ധാരണവും സൂക്ഷ്മപരിണാമവും അംഗീകരിക്കുമ്പോള്‍ തന്നെ സ്ഥൂലപരിണാമം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സൃഷ്ടിവാദികളില്‍ ഭൂരിഭാഗവും. 1988 ല്‍ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌ക്കിയും (Richard Lenski) കൂട്ടരും എഷറിച്ചിയ കോളി(Escherichia coli ) എന്ന ബാക്റ്റീരിയയയുടെ 45000 തലമുറകള്‍ പരീക്ഷണശാലയില്‍ കൃത്രിമമായ സൃഷ്ടിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ചാം അദ്ധ്യായത്തിലുണ്ട്. ആദ്യ തലമുറയില്‍നിന്നും തീര്‍ത്തും വിഭിന്നമായ ബാക്റ്റീരിയകളാണ് തലമുറകള്‍ കഴിയുന്തോറും ലഭിച്ചത്. വ്യവസായിക മെലനിസം (Industrial Melenism) പോലുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രകൃതിനിര്‍ധാരണം സാധൂകരിക്കാനാവും. എന്നാല്‍ സ്ഥൂലപരിണാമം അനുഭവിച്ചറിയാന്‍ കഴിയുമെന്ന് കാണിക്കാനാണ് ലെന്‍സ്‌ക്കിയുടെ പരീക്ഷണസപര്യ ഡോക്കിന്‍സ് ഉദ്ധരിക്കുന്നത്. അക്കാദമിക് പണ്ഡിതരുടെപോലും പ്രശംസ പിടിച്ചുപറ്റിയ ഒരു ഭാഗമാണിത്. റേഡിയോ ആക്റ്റീവിറ്റിയെക്കുറിച്ചും കാര്‍ബണ്‍ വാര്‍ഷികവലയങ്ങളെപ്പറ്റിയും നാലാം അദ്ധ്യായത്തില്‍ വിശദമായി പരിശോധിക്കുന്നു. ഭൂമിക്ക് പതിനായിരം വര്‍ഷം പഴക്കമേയുള്ളുവെന്ന വാദിക്കുന്നവര്‍ മുഖ്യപ്രതിബന്ധമായി കാണുന്നത് കാര്‍ബണ്‍ ടെസ്റ്റിംഗും റേഡിയോ ആക്റ്റിവിറ്റി പരിശോധനകളുമാണല്ലോ. അത്തരം പരിശോധനകള്‍ ആധികാരികമല്ലെന്ന് പ്രചരിപ്പിക്കുന്നവരുടെ കള്ളി വെളിച്ചത്താക്കുന്ന കൃത്യമായ ശാസ്ത്രീയവിശദീകരണങ്ങള്‍ ഈ അദ്ധ്യായത്തിലുണ്ട്. 

ഡാര്‍വിന്റെ ഐതിഹാസികമായ ഗലപ്പഗോസ് പര്യടനം(1831-35) അവതരിപ്പിക്കുന്നിടത്ത് കാല്‍പ്പനികചാരുതയും ഗൃഹാതുരതയും ഓളംവെട്ടുന്നു. ഗാലപ്പഗോസിലെ ചെറുകുരുവുകളുടെ(Finches) ചുണ്ടിന്റെ ആകൃതിയിലുണ്ടായ പരിണാമം മുതല്‍ ആമകളുടെ സവിശേഷതയെക്കുറിച്ച് വരെ ഡോക്കിന്‍സ് വാചാലമാകുന്നു. ഗാലപ്പഗോസ് ദ്വീപുകളെക്കുറിച്ച് പരിണാമസംബന്ധിയായ പുസ്തകങ്ങളില്‍ കാണപ്പെടുന്ന സ്ഥിരം വിഭവങ്ങള്‍ക്കുപരിയായ പലതും ഈ ഭാഗത്തുണ്ട്. ജൈവവൈവിധ്യത്തിന് (Bio diversity) അടിസ്ഥാനം 'ദ്വീപു'കളാണെന്ന ഡോക്കിന്‍സിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. ഗലപ്പഗോസ് ഡാര്‍വിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായിയിരുന്നു. സ്പീഷിയേഷന് (Speciation) പര്യാപ്തമാകത്തക്കവിധം ഒരു ജീവജാതിയെ ചിതറിപ്പിക്കാന്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ തൊട്ട് കാലവസ്ഥാവ്യതിയാനങ്ങള്‍ വരെ കാരണമാകാം. അത്തരമൊരു വിഘടനം തുടങ്ങിക്കിട്ടിയാല്‍ സ്പീഷിയേഷന്റെ വേണ്ടുന്ന നടപടകള്‍ പ്രകൃതി സ്വയം സ്വീകരിച്ചുകൊള്ളും. ദ്വീപുകളുണ്ടായിരുന്നില്ലെങ്കില്‍ ഈ ലോകം വളരെ വിരസമായിത്തീരുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്ന ('Life on Earth would be extremely boring if there were no islands'') ഡോക്കിന്‍സ് ഓരോ ജീവജാതിയും ഓരോ ദ്വീപുകളാണെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരു വര്‍ഗ്ഗവുമായി ഇണചേര്‍ന്ന് പ്രജനനം നടത്താനാവില്ലെന്നതാണ് ജീവികളുടെ 'ദ്വീപുവല്‍ക്കരണ'ത്തിന്റെ മുഖ്യ മാനദണ്ഡമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 'ദി ആര്‍ക്ക ഓഫ് കോണ്ടിനന്റ്' എന്ന അദ്ധ്യായം ഒരു ഭൂമിശാസ്ത്രഗ്രന്ഥം വായിക്കുന്ന അനുഭവം പ്രദാനംചെയ്യും. ആല്‍ഫ്രഡ് വെഗ്‌നറുടെ (Alfred Wegner)ഫലക ചലന സിദ്ധാന്തവും(Continental shift theory) തുടര്‍ന്നുവന്ന ഭൂസ്ഥര വിസ്ഥാപന സിദ്ധാന്തവുമൊക്കെ(floor spreading) സവിസ്തരം പ്രതിപാദിക്കപ്പെടുന്നുണ്ട്. മഡഗാസ്‌ക്കര്‍, ഇന്ത്യാ ഉപഭൂഖണ്ഡം, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലെ ജൈവവിവിധ്യങ്ങളുടെ പ്രത്യകതകള്‍ ഭൗമപരിണാമത്തിന്റെ പശ്ചാത്തലത്തില്‍ തിട്ടപ്പെടുത്താനാവും. ആഫ്രിക്കയ്ക്കും തെക്കെ അമേരിക്കയ്ക്കും ഇടയിലുള്ള അത്‌ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടുശിലകളുടെ പ്രായം ക്രമമമായി വ്യത്യാസപ്പെടുന്നതും അത് ജൈവപരിണാമത്തിന്റെ നേര്‍തെളിവായി മാറുന്നതും ഡോക്കിന്‍സ് ആവേശത്തോടെ വിശദീകരിക്കുന്നു. 

ലാറിങ്കല്‍ നാഡിയുടെ (Laryngeal nerve)പരിണാമചരിത്രം, വാവലിന്റെയും വംശനാശം സംഭവിച്ച ടെറോഡാക്‌റ്റൈല്‍സിന്റെയും ( Pterodactyls) ചിറകുകള്‍ സമാനപ്പെടുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ഡോക്കിന്‍സും പരിശോധിക്കുന്നുണ്ട്. തിമിംഗലത്തിന്റെയും കുതിരയുടേയും പരിണാമചരിത്രം ചിത്രങ്ങള്‍ സഹിതം വിവരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. 2000 ല്‍ സ്റ്റീവ് ജോണ്‍സ് (Steve Johns) പ്രസിദ്ധീകരിച്ച 'Almost Like A Whale' എന്ന പുസ്തകത്തില്‍ അണിനിരത്തിയ വാദങ്ങളുടെ ഒരു പരിഷ്‌ക്കരിച്ച പതിപ്പാണിവയെല്ലാം. എങ്കിലും ഡോക്കിന്‍സിന്റെ അവതരണശൈലിയും ഭാഷാവിന്യാസവും ആവര്‍ത്തനവിരസത ഒഴിവാക്കുന്നു. ഭ്രൂണശാസ്ത്രത്തില്‍ പരിണാമത്തിന് അതുല്യമായ തെളിവുകളുണ്ട്. സിക്താണ്ഡം (Zygot) എന്ന ഒരൊറ്റകോശം വളര്‍ന്ന് സങ്കീര്‍ണ്ണമായ അവയവഘടനയുള്ള ജീവകളുണ്ടാകുന്നതിന്റെ വിശദാംശങ്ങളാണ് എട്ടാം അദ്ധ്യായത്തില്‍. ജെ.ബി.എസ് ഹാള്‍ഡെയിനിന്റെ ''ഭവതീ നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു; ഒമ്പത് മാസം മാത്രമേ അതിന് വേണ്ടിവന്നുള്ളു'' ('But Madam, you did it yourself. And it only took you nine months'') എന്ന വിശ്രുതമായ മറ്റൊരു ഉദ്ധരണിയാണിയിലൂടെയാണ് ചര്‍ച്ചയ്ക്ക തുടക്കംകുറിക്കുന്നത്. ജീന്‍ നിര്‍ദ്ദേശങ്ങള്‍ ആധാരമാക്കി ഭ്രൂണത്തിന്റെ ഭിന്ന അനുപാതത്തിലുള്ള വളര്‍ച്ചയാണ് വ്യത്യസ്ത അവയവഘടനകള്‍ക്കും ജീവികള്‍ക്കും നിദാനമാകുന്നത്. ജീനോം നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്നത് കണ്ടെത്താന്‍ ഭാവിയില്‍ ശാസ്ത്രത്തിനാവുമെന്നുറപ്പാണ്. ഭ്രൂണവളര്‍ച്ച സംഭവിക്കുന്നത് മുകളില്‍നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏതെങ്കിലും നിര്‍ദ്ദേശാനുസരണമല്ല. ബ്‌ളൂപ്രിന്റില്ലാത്ത ഒരു നിര്‍മ്മിതിയാണത്. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രാദേശികമായ നിയമങ്ങളാണ്(Local rules). പ്രാദേശിക നിയമങ്ങള്‍ ഉരുത്തിരിയുന്നതാകട്ടെ ജീന്‍ഘടനയില്‍നിന്നും. ജീന്‍ നിര്‍ദ്ദേശങ്ങളുടെ രഹസ്യമറിയാന്‍ അവിടെനിന്നും പുറകോട്ട് സഞ്ചരിക്കണം. കൂടുതലറിയാന്‍ കൂടുതല്‍ പുറകോട്ട് പോകേണ്ടിവരുമെന്ന് സാരം. ആസൂത്രണം അനുഭവപ്പെടുന്നുവെങ്കില്‍ അത് താഴെനിന്ന് മുകളിലേക്കാണ്(Bottom to top). അതല്ലാതെ മുകളില്‍നിന്ന് താഴേക്കല്ല(Top to bottom). ജീവന്‍ പുറത്തുനിന്നുള്ള ഒരു കുത്തിവെയ്പല്ല നേരെമറിച്ച് അകത്തുനിന്നും ഉരുത്തിരിയുന്ന ഒരു സഹജഭാവമാകുന്നു. ഭ്രൂണവളര്‍ച്ച സ്വയം ആസൂത്രണംചെയ്യപ്പെടുന്ന (self assembly )ഒരു ജൈവ-രാസപരിണാമമാണ്. അവിടെ ആസൂത്രണപദ്ധതികള്‍ അനാവശ്യമാണ്; ആസൂത്രകനും(“There is no architects’s plan, no architect.”)-സ്വതസിദ്ധമായ ശൈലിയില്‍ ഡോക്കിന്‍സ് സ്ഥാപിക്കുന്നു. 

സൃഷ്ടിപരമല്ലാത്ത ബൗദ്ധികവ്യായാമം 

സൃഷ്ടിവാദക്കാരെ നേരിടാനായി ഡോക്കിന്‍സ് വേണ്ടതിലധികം ഊര്‍ജ്ജം ചെലവഴിക്കുന്നോയെന്ന സംശയം അസ്ഥാനത്തല്ല. സഹപ്രവര്‍ത്തകനും സൂഹൃത്തുമായിരുന്ന അന്തരിച്ച സ്റ്റീഫന്‍ ജെയ് ഗോള്‍ഡ് ഒരിക്കലും ചെയ്യരുതെന്ന് ഡോക്കിന്‍സിനെ ഉപദേശിച്ച ഒരു കാര്യമാണിതെന്നോര്‍ക്കണം. സൃഷ്ടിവാദികള്‍ അന്ധമായ മതവിശ്വാസത്താല്‍ പ്രചോദിതരാണ്. അവരുടെ മുന്നില്‍ ശാസ്ത്രീയവസ്തുതകളും ലോജിക്കുമൊന്നും വിലപ്പോകില്ല. അമേരിക്കന്‍ സൃഷ്ടിവാദക്കാരിലെ തീവ്രവാദിയായ വെന്‍ഡി റൈറ്റുമായി (Wendy Wright, President of Concerned Women for America) ഡോക്കിന്‍സ് നടത്തിയ അഭിമുഖത്തിന്റെ തിരക്കഥയുടെ കുറച്ച് ഭാഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത് വായനാരസത്തെ പോഷിപ്പിക്കുന്നുണ്ട്. പക്ഷെ ഡോക്കിന്‍സ് ഉന്നയിക്കുന്ന ശാസ്ത്രവസ്തുതകളും യുക്ത്യാധിഷ്ഠിത വിശദീകരണങ്ങളും പൊട്ടന്‍കളിയിലൂടെ ''എനിക്ക് ബോധ്യപ്പെട്ടില്ല'' എന്ന ഒരൊറ്റ ഉത്തരംകൊണ്ട് നിസ്സാരവല്‍ക്കരിക്കുന്ന വെന്‍ഡി റൈറ്റ് വെടിയുണ്ടകളെ പുഞ്ചിരിയോടെ അതിജീവിക്കുന്ന അകംപൊള്ളയായ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെ വായനക്കാരന്റെ മുന്നില്‍ തൂങ്ങിയാടുകയാണ്. മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലുള്ള ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നെയ്‌റോബി മ്യൂസിയമടക്കമുള്ള സ്ഥലങ്ങള്‍ ഡോക്കിന്‍സ് പേരുപറഞ്ഞ് ചൂണ്ടിക്കാട്ടുമ്പോഴും 'ഞാന്‍ കണ്ടിട്ടില്ല' എന്ന എളുപ്പമുള്ള മറുപടിയാണ് വെന്‍ഡി നല്‍കുന്നത്. വസ്തുനിഷ്ഠമായി പ്രതികരിക്കാനാവാതെ വന്നപ്പോള്‍ ശാസ്ത്രവിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സംവാദത്തിലാണ് താന്‍ പങ്കെടുക്കുന്നതെന്ന കാര്യംപോലും വെന്‍ഡി മറക്കുന്നു. അഞ്ച് പേജുവരുന്ന ദീര്‍ഘമായ ഈ അഭിമുഖത്തിന്റെ പരിസമാപ്തിയാണ് ഏറെ രസകരം:

റിച്ചാഡ് ഡോക്കിന്‍സ്- ''തമാശയായി പറഞ്ഞതല്ല. പോകൂ, പോയി പരിശോധിച്ചറിയൂ, കൃത്യമായും അതുതന്നെയാണ് ഞാനുദ്ദേശിക്കുന്നത്. ഹോമിനിഡ് ഫോസിലുകളെക്കുറിച്ച് താങ്കളോട് സവിസ്തരം പറഞ്ഞുകഴിഞ്ഞു. കുതിരയുടെ പരിണാമമെങ്ങനെയെന്ന് പരിശോധിച്ചറിയാനുള്ള ഫോസിലുകള്‍ ലഭ്യമാണ്. ആദ്യകാല സസ്തനികള്‍ പരിണമിച്ചതെങ്ങനെയെന്നും സ്വയം തിരിച്ചറിയാം. ആദ്യകാല മത്സ്യങ്ങളില്‍ ചിലവ പരിണമിച്ച് ഉഭയജീവികളും പിന്നീട് ഉരഗങ്ങളുമുണ്ടായതും എങ്ങനെയെന്നും കണ്ടറിയാം. നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സുവോളജിക്കല്‍ മ്യൂസിയത്തിലും ഈ തെളിവുകളൊക്കെ ലഭ്യമാണ്. കണ്ണ് തുറക്കുക, വസ്തുതകള്‍ നോക്കികാണുക, അത്രമാത്രം.''

വെന്‍ഡി റൈറ്റ്:''താങ്കള്‍ കണ്ണ് തുറക്കണമെന്നും നമ്മെയെല്ലാം സൃഷ്ടിച്ച് ദൈവത്തിന്റെ സ്‌നേഹത്താല്‍ ഒന്നിപ്പക്കപ്പെട്ട് ദൈവസമൂഹങ്ങളെ തിരിച്ചറിയണമെന്നുമാണ് എനിക്ക് പറയാനുള്ളത്.....''

പരിണാമത്തെക്കുറിച്ചുള്ള ഒരു സംവാദം ഇതിലും മോശമായി അവസാനിപ്പാക്കാമോ എന്ന് സംശയമുയരുക സ്വാഭാവികമാണ്. മ്യൂസിയവും ഫോസിലുമൊന്നും സൃഷ്ടിവാദിക്കാരുടെ അജണ്ടയില്‍ പ്രധാന്യമുള്ള വിഷയങ്ങളല്ല. ഈ അഭിമുഖം ഉള്‍പ്പെടുത്തിയതിലൂടെ അനാവശ്യമായ പ്രാധാന്യമാണ് ഡോക്കിന്‍സ് ഇക്കൂട്ടര്‍ക്ക് നല്‍കിയതെന്ന് ആരോപിക്കാമെങ്കിലും സൃഷ്ടിവാദികളുടെ പാപ്പരത്വവും ചപലതയും കൃത്യമായി വെളിവാക്കാന്‍ ഇത് സഹായകരമായിത്തീരുന്നുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് അവര്‍ തങ്ങളോട് സംവദിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വീമ്പിളക്കാറുണ്ട്. ഈ അഭിമുഖം വായിച്ചറിയുന്ന ആര്‍ക്കും ഈ അവകാശവാദത്തിന് പിന്നിലെ കാപട്യം ബോധ്യപ്പെടും. അഭിമുഖത്തിന്റെ വീഡിയോ ഇന്റര്‍നെറ്റിലും (You tube) ലഭ്യമാണ്.വെന്‍ഡി റൈറ്റുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തിയിരിക്കുന്ന അധ്യായത്തിന് ഡോക്കിന്‍സ് നല്‍കിയിരിക്കുന്ന പേര് ചിന്തോദ്ദീപകമാണ്: Just go and look! 

'ദൈവവിഭ്രാന്തി'യിലെന്നപോലെ 'ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലും ബഹുവിഷയ സംബന്ധിയായ (Multi-disciplinary)അവലോകനരീതിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഗര്‍ഭാവസ്ഥയിലെ ഭ്രൂണവളര്‍ച്ചയ്ക്ക് സമാനമായ പരിണാമം ശൈശവത്തില്‍നിന്നും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴും ജീവികളില്‍ സംഭവിക്കുന്നുണ്ട്. ശൈശവഘട്ടത്തില്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും തലയോടുകള്‍ തമ്മിലുള്ള അവിശ്വസനീയമായ സാദൃശ്യവും മുതിര്‍ന്നശേഷം വര്‍ദ്ധിച്ചുവരുന്ന വ്യതിയാനങ്ങളും ഡോക്കിന്‍സ് ഉദാഹരിക്കുന്നു. കോംഗോ സന്ദര്‍ശനത്തിനിടെ (1909-15) പ്രശസ്ത ഫോട്ടോഗ്രാഫറായ ഹെര്‍ബര്‍ട്ട് ലാങ് (Herbert Lang) എടുത്ത സ്റ്റഫ് ചെയ്ത ഒരു ചിമ്പാന്‍സിക്കുഞ്ഞിന്റെ കൗതുകരമായ ഫോട്ടോ പുസ്തകത്തിലുണ്ട്. വിദഗ്ധാഭിപ്രായം തേടി സുഹൃത്തായ ഡെസ്മണ്ട് മോറിസിന് (Desmond Morris) ഈ ഫോട്ടോ ഡോക്കിന്‍സ് അയച്ചുകൊടുത്തതും അതിനദ്ദേഹം നല്‍കിയ വിശദീകരണവുമൊക്കെ രസകരമായ വായനാനുഭവം സമ്മാനിക്കും. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ജനിതകഘടനയില്‍ 98 ശതമാനത്തിലധികം സാമ്യമുണ്ടെന്ന് നാം വായിച്ചറിയുന്നുണ്ട്. ഇവിടെ സമാനത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്തെന്ന് കൃത്യമായി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു സഹായിയായിരിക്കും. മനുഷ്യരിലെ ലുപ്ത(Vestige) സവിശേഷതകളെക്കുറിച്ച് പാരമര്‍ശിക്കവെ നമുക്കുണ്ടാകുന്ന 'രോമാഞ്ചം' (Goosebumps) പൊതുപൂര്‍വികനെ ഓര്‍മ്മിപ്പിക്കുന്ന സഹജഗുണമാണെന്ന് ഡോക്കിന്‍സ് വാദിക്കുന്നു. ഒട്ടുമിക്ക സസ്തനികളിലും രോമം എഴുന്നുവരുന്നത് അമിതമായ തോതിലുള്ള ചൂട്, തണുപ്പ്, കോപം, ഭീതി തുടങ്ങിയ വൈകാരികാവസ്ഥകളോടുള്ള പ്രതിസ്ഫുരണമായിട്ടാണ്. ചിമ്പാന്‍സിപോലുള്ള ജീവികളുടെ മുമ്പില്‍ ഒരു പ്‌ളാസ്റ്റിക്ക് പാമ്പിനെ കാട്ടിയാലും അവയുടെ രോമം ഭീതികൊണ്ട് പൊങ്ങിവരുന്നത് കാണാം. മനുഷ്യനിലും ഇതുതന്നെ സംഭവിക്കുന്നു. അധികം രോമം ഇല്ലാത്തതിനാല്‍ മനുഷ്യചര്‍മ്മം വല്ലാതെ ത്രസിച്ചുവരുമ്പോള്‍ അത് 'രോമാഞ്ച'മാകുന്നു. നേത്രപരിണാമം ചര്‍ച്ച ചെയ്യുന്നിടത്ത് പതിവുപോലെ വിവിധയിനം നേത്രങ്ങളുടെ പരിണാമവും ശ്രേണിബന്ധവും വിശദമായി വിവരിക്കപ്പെടുന്നുണ്ട്. വിശിഷ്ടമെന്ന് നാം പാടിപുകഴ്ത്തുന്ന മനുഷ്യനേത്രം ഉദാത്തമായ ആസൂത്രണവൈഭത്തിന് (brilliance in design)ഉദാഹരണമായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. മനുഷ്യനേത്രത്തിന്റെ നിലവിലുള്ള ന്യൂനതകളില്‍ പലതും സാമാന്യബുദ്ധിയുള്ള ഒരു ആസൂത്രകനുണ്ടായിരുന്നെങ്കില്‍ നിസ്സാരമായി ഒഴിവാക്കപ്പെടുമായിരുന്നു. പ്രകൃതി പൂര്‍ണ്ണതയുടെ പര്യായമാണെന്ന പരമ്പരാഗത മതവാദം പരിണാമത്തിന്റെ അടിസ്ഥാനവ്യാകരണം തന്നെ അട്ടിമറിക്കുന്നതാണ്. 'ദി ജീനിയസ് ഓഫ് ചാള്‍സ് ഡാര്‍വിന്‍' എന്ന ഡോക്കുമെന്ററിയില്‍ ഡോക്കിന്‍സ് പറയുന്നതും മറ്റൊന്നല്ല: പ്രകൃതിയില്‍ മുഴുവന്‍ ഒത്തുതീര്‍പ്പുകളും അപൂര്‍ണ്ണതുകളുമാണുള്ളത്(Compromises and imperfections). ലക്ഷ്യബോധവും ആസൂത്രണബുദ്ധിയും പിന്തുണയ്ക്കാത്ത മാറ്റങ്ങളുടെ(Changes) സമുച്ചയമാണ് പരിണാമം.

പുസ്തകത്തിന്റെ അവസാനഭാഗത്ത് പരിണാമവിഷയത്തില്‍ പാശ്ചാത്യലോകത്ത് നിലനില്‍ക്കുന്ന ധാരണകളെ പ്രതിഫലിപ്പിക്കുന്ന ഗാലപ്പ് പോള്‍-യൂറോബാരോമീറ്റര്‍ ഫലങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. മതപരത കൂടുന്തോറും പരിണാമത്തില്‍ സംശയം പ്രകടപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്നാണ് പോള്‍ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ മുമ്പുണ്ടായിരുന്ന ഒരു ജീവിവര്‍ഗ്ഗത്തില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഐസ്‌ലന്‍ഡില്‍ 85 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ട്. ഇത് സ്വീഡനില്‍ 82% ഉം ഡെന്മാര്‍ക്കില്‍ 83% ഉം ഫ്രാന്‍സില്‍ 80% ഉം ബ്രിട്ടണില്‍ 79 ശതമാനവുമാണ്. 90 ശതമാനത്തോളം മുസ്‌ളീം ജനസംഖ്യയുള്ള മാള്‍ട്ടയില്‍പോലും 63% പേര്‍ ഈ നിഗമനം ശരിവെക്കുമ്പോള്‍ മതപരത രൂക്ഷമായ തുര്‍ക്കിയില്‍ കേവലം 27% ംപേര്‍ മാത്രമേ അങ്ങനെ വിശ്വസിക്കുന്നുള്ളു. അമേരിക്കയിലെ 40% പേര്‍ സൃഷ്ടിവാദത്തില്‍ ഏറിയും കുറഞ്ഞും വിശ്വസിക്കുന്നവരാണെന്നും സര്‍വെ സൂചിപ്പിക്കുന്നു. പരിണാമം സത്യമായി അംഗീകരിച്ചുകൊണ്ടുതന്നെ അത് 'ദൈവപദ്ധതി' യായി കാണാനിഷ്ടപ്പെടുന്നവരും കുറവല്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെങ്കിലും അമിതമായ ആത്മവിശ്വാസം പാടില്ലെന്ന് ഡോക്കിന്‍സ് ഓര്‍മ്മിപ്പിക്കുന്നു. സൃഷ്ടിവാദം ഡാര്‍വിനിസത്തിന് ബദലായി വെക്കാവുന്ന ഒരു ശാസ്ത്രസിദ്ധാന്തമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മതവിശ്വാസികളുണ്ട്. പുറമെ നോക്കുമ്പോള്‍ നിരുദ്രപകരമെന്ന് തോന്നാമെങ്കിലും സൃഷ്ടിവാദം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിനിടയുണ്ട്. ഭാവിതലമുറയെ പഠിപ്പിക്കേണ്ടത് സൃഷ്ടിവാദമാണെന്ന ദുര്‍വാശിയാണ് ഏറ്റവും അപകടകരം. സൃഷ്ടിവാദമെന്നത് കേവലം ഒരു മതസങ്കല്‍പ്പമാണ്(Religious fantasy); തെളിവ് പൂജ്യവും-ഡോക്കിന്‍സ് നിര്‍മലമായി പ്രതിഷേധിക്കുന്നു.

'ദൈവവിഭ്രാന്തി'പോലെ ഒരു മതവിരുദ്ധഗ്രന്ഥമായി (“This is not an anti-religious book”) തന്റെ പുതിയ പുസ്തകത്തെ കാണരുതെന്ന് തുടക്കംമുതലേ ഭംഗിവാക്ക് പറയുന്നുണ്ടെങ്കിലും മതത്തിനെതിരെയുള്ള നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത രചയിതാവ് തന്നെയാണ് ഇവിടെയുമുള്ളത്. തന്റെ അനാദിയായ ജീവിതകാലത്തിനിടയില്‍ ഇന്നുവരെ ഒരു കുഞ്ഞിച്ചിറകുപോലും നിര്‍മ്മിക്കാന്‍ ദൈവത്തിനായിട്ടില്ലെന്നും (“God, to repeat this point, which ought to be obvious, but isn’t, never made a tiny wing in his eternal life.”) ആധുനിക സൃഷ്ടിവാദികള്‍ മനോവിഭ്രാന്തി മൂര്‍ച്ഛിച്ച്് പരിപൂര്‍ണ്ണ വിലക്ഷണതയ്ക്ക് അടിമപ്പെട്ടതായും (“deluded to the point of perversity”) പതിവുശൈലിയില്‍ ഡോക്കിന്‍സ് തുറന്നടിക്കുന്നുണ്ട്. ദീര്‍ഘമായ ചില അടിക്കുറിപ്പുകളില്‍ (Foot notes)മുനവെച്ച ആക്ഷേപഹാസ്യം കൗശലപൂര്‍വം ഒളിച്ചുവെച്ചിട്ടുണ്ട്. ഒരു ശാസ്ത്രഗ്രന്ഥത്തിന് അവശ്യംവേണ്ട മിതത്വവും കുലീനതയും പുസ്തകത്തിലുടനീളം പ്രകടമാണെങ്കിലും ചുരുക്കം ചില അവസരങ്ങളില്‍ കാര്യംപറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് നടിക്കുന്നവരുടെ നിലപാടുകള്‍ ഡോക്കിന്‍സിനെ അലോരസപ്പെടുത്തുന്നത് കാണാം. സൃഷ്ടിവാദികളെ അജ്ഞരെന്നും പരിഹാസ്യരെന്നും (“ignorant,” “fatuously ignorant” and “ridiculous.”) വിശേഷിപ്പിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. പരിണാമത്തെ സാധൂകരിക്കുന്ന കാര്യത്തില്‍ ഉജ്ജ്വലപ്രകടനം കാഴ്ചവെക്കുന്ന ജെറി കോയന്റെ പുസ്തകത്തില്‍ കാണുന്ന അനുനയരൂപേണയുള്ള ആഖ്യാനശൈലി (persuasive rhetoric) ഡോക്കിന്‍സ് സ്വീകരിക്കുന്നില്ല. അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് എഴുതിയതാണെന്ന പ്രതീതിയുളവാക്കുന്നുണ്ടെങ്കിലും കടുത്ത സൃഷ്ടിവാദികള്‍ തന്റെ പുസ്തകം വായിച്ച് മനസ്സിലാക്കാണമെന്ന ഉദ്ദേശ്യം ഡോക്കിന്‍സിനുള്ളതായി വായനക്കാര്‍ക്ക് തോന്നുകയില്ല. 

ചില ഭാഗങ്ങളില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ എല്ലാം ഏവര്‍ക്കും അറിയാവുന്നതാണെന്നമട്ടില്‍ (taken for granted )കാര്യങ്ങള്‍ പറഞ്ഞുപോകുന്ന ശൈലി 'ദൈവവിഭ്രാന്തി' യിലെന്നപോലെ ഈ പുസ്തകത്തിലും ദൃശ്യമാണ്. വായനക്കാര്‍ ശാസ്ത്രജ്ഞരും പണ്ഡിതരും മാത്രമാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷെ ഒരു ജനകീയശാസ്ത്രഗ്രന്ഥത്തെ സംബന്ധിച്ച് അതൊരു ന്യൂനതയായി തോന്നാം. ഉദാഹരണമായി രണ്ടാമദ്ധ്യായത്തില്‍ വളര്‍ത്തുനായയെ ചെന്നായില്‍നിന്നും(wolf.), ബ്രൊക്കോളി(broccoli), ക്വാളിഫ്‌ളവര്‍(cauliflower), തുടങ്ങിയ പച്ചക്കറികളെ ഒരിനം കാട്ടുകാബേജില്‍നിന്നും (wild cabbage) മനുഷ്യര്‍ കൃത്രിമതെരഞ്ഞെടുപ്പിലൂടെ സൃഷ്ടിച്ചതാണെന്ന് പറയുന്നുണ്ട്(പേജ്-71-81). എങ്ങനെയാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍ സാധാരണവായനക്കാരുടെ കാര്യം വ്യത്യസ്തമാണ്. മൂന്നാമദ്ധ്യായത്തില്‍ പൂക്കളെയും ഷഡ്പദങ്ങളെയും(insects) കഥാപാത്രങ്ങളാക്കി പ്രകൃതി നിര്‍ധാരണം വിശദീകരിക്കാനുള്ള ശ്രമമുണ്ട്(പേജ് 80). ഇവിടെയും വിശദീകരണം തൃപ്തികരമല്ല. ഉദാഹരണമായി, പൂമ്പൊടി (pollen) നിര്‍മ്മിക്കുന്ന പൂക്കളും അത് നുകരുന്ന ഷഡ്പദങ്ങളും തമ്മിലുള്ള പൊരുത്തപ്പെടല്‍ പാരസ്പര്യപരിണാമത്തിന്റെ (co-evolution) ഫലമായുണ്ടായതാണെന്ന് നാമെങ്ങനെയാണ് മനസ്സിലാക്കുന്നത്? പൂമ്പൊടിയുള്ള പൂക്കളും പൂമ്പൊടി നുകരുന്ന ഷഡ്പദങ്ങളും പണ്ട് ഇങ്ങനെയായിരുന്നില്ലെന്ന് ആരുപറഞ്ഞു? അവ പിന്നീട് എങ്ങനെയോ പരസ്പരം കണ്ടുമുട്ടി അനുകൂലമായ 'നീചെ' (niche) ഉപയോഗപ്പെടുത്തി പരിണമിച്ചതിന്റെ തെളിവെന്താണ്? അപഹാസ്യമാണെന്ന് തോന്നാമെങ്കിലും ചില സൃഷ്ടിവാദഗ്രന്ഥങ്ങളില്‍ പ്രത്യപ്പെടുന്ന ഒരു സ്ഥിരംചോദ്യമാണിത്. ഹെയ്ക്ക ജപ്പോണിക്ക (Heikea japonica crab) എന്ന ഞണ്ടിനെക്കുറിച്ചുള്ള വിവരണത്തിലും (പേജ്-57) വ്യക്തതയില്ല. ഈ ഞണ്ടിന്റെ തോടിന്റെ പുറംഭാഗത്തിന് ഒരു സമുറായി യോദ്ധാവിന്റെ മുഖത്തോട് നല്ല സാദൃശ്യമുണ്ട്. പ്രകൃതിനിര്‍ധാരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാള്‍ സാഗന്‍ വിശേഷിപ്പിക്കുമ്പോള്‍ അത്തരം സാദ്യശ്യം കേവലം യാദൃശ്ചികമാണെന്നാണ് ഡോക്കിന്‍സ് പറയുന്നത്. ആര് പറയുന്നതാണ് ശരി? പ്രകൃതിനിര്‍ധാരണത്തിന് ഉദാഹരണമായി കാണാനാവുന്നില്ലെങ്കില്‍ എന്തിന് അതേ അദ്ധ്യായത്തില്‍ ഡോക്കിന്‍സ് ഇക്കാര്യം പരാമര്‍ശിക്കുന്നു? പരിണിതപ്രജ്ഞനായ ഒരു ശാസ്ത്രജ്ഞനും അദ്ദേഹത്തില്‍നിന്ന് കാര്യങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന വായനക്കാര്‍ക്കുമിടയില്‍ ഒരു മതില്‍ രൂപംകൊള്ളുകയാണിവിടെ. ഇത്തരം സാധ്യതകള്‍ സൃഷ്ടിവാദിക്കാരെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്യുന്നു.

രൂപകങ്ങളുടെ തമ്പുരാന്‍

അലങ്കാരപ്രയോഗങ്ങളുടേയും രൂപകങ്ങളുടേയും തമ്പുരാനാണ് ഡോക്കിന്‍സ്. ശാസ്ത്രജ്ഞരില്‍ അപൂര്‍വമായി കാണുന്ന ഒരു ഗുണവിശേഷമാണിത്. കുറ്റം നടന്നശേഷം അന്വേഷണത്തിനെത്തുന്ന ഡിറ്റക്റ്റീവും കുറ്റം നടന്ന മുറിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചാരക്യാമറയുമൊക്കെ ഭാവനാസമ്പന്നനായ ഒരു എഴുത്തുകാരന്റെ കൊടിയടയാളമാണ്. വിരസമായ ശാസ്ത്രവസ്തുതകള്‍ സരളവും ഉദ്വേഗജനകമായും അവതരിപ്പിക്കാനുള്ള ഡോക്കിന്‍സിന്റെ കഴിവ് പ്രസിദ്ധമാണ്. പരിണാമത്തെക്കുറിച്ച് പലതും നാം അറിഞ്ഞിട്ടുണ്ടെങ്കിലും കുതിരയുടെ കുളമ്പും മനുഷ്യന്റെ ചൂണ്ടുവിരലും സമാനമാണെന്നും (homologous)ചില ദിനോസറുകള്‍ക്ക് ഗാംഗ്‌ളിയന്‍ കോശങ്ങളാല്‍ (ganglion cells)നിര്‍മ്മിതമായ ഒരു രണ്ടാംതലച്ചോര്‍ അവയുടെ വസ്തിപ്രദേശത്തുണ്ടായിരുന്നതായും(pelvis) ഡോക്കിന്‍സ് പറയുമ്പോള്‍ ഒരു യക്ഷിക്കഥ കേട്ടിരിക്കുന്ന ഉദ്വേഗവും യിജ്ഞാസയും സാധാരണവായനക്കാരില്‍ നിറയുന്നു. 'ദൈവവിഭ്രാന്തി'യിലേതുപോലുള്ള ഇംഗ്‌ളിഷ്-യൂറോപ്യന്‍ കേന്ദ്രീകിതസ്വഭാവം (Euro- and Anglo-centric) 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലും പ്രകടമാണ്. ഡോക്കിന്‍സിന്റെ വംശീയമായ പക്ഷപാതിത്വമായിവരെ ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. തനിക്ക് ഏറെ പരിചിതമായ സാംസ്‌ക്കാരികപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഗ്രന്ഥകാരനില്‍ കുറ്റംകാണാനാവില്ല. നിരവധി വര്‍ണ്ണച്ചിത്രങ്ങളും സ്‌ക്കെച്ചുകളും ഉള്‍പ്പെടുത്തിയാണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പുറത്തിറക്കിട്ടുള്ളത്. The Selfish Gene(1976), The Extended phenotype(1982), The Blind Watchmaker(1986), River out of Eden(1995),Climbing Mount Improbabale(1996), Unweaving the Rainbow(1998), A Devil’s Chaplain(2003), The Ancester’s Tale(2004) തുടങ്ങിയ പരിണാമസംബന്ധിയായ തന്റെ ബെസ്റ്റ് സെല്ലറുകളില്‍ ലളിതവല്‍ക്കരണത്തിനും ചിത്രങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് ഡോക്കിന്‍സ് സമ്മതിച്ചിട്ടുള്ളതാണ്. ആ കുറവ് ഈ പുസ്തകത്തില്‍ പരിഹരിക്കപ്പെടുന്നുണ്ട്.

ശാസത്രബോധമുണ്ടാകാന്‍ ശാസ്ത്രജ്ഞനാകേണ്ട കാര്യമില്ല. ശാസ്ത്രം സങ്കീര്‍ണ്ണവും അജ്ഞേയവുമായി നിലകൊണ്ടാല്‍ അത് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടും; പരിഹാസ്യമായ അന്ധവിശ്വാസങ്ങള്‍ അവരെ നിസ്സാരമായി കീഴടക്കുകയും ചെയ്യും. 'അരവിജ്ഞാന'മാണ് കൂടുതല്‍ അപകടകരം. സാധാരണവായനക്കാരുടെ ഭാഷാജ്ഞാനത്തേയും ശാസ്ത്രബോധത്തേയും പരീക്ഷിക്കുന്ന ഭാഗങ്ങള്‍ 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലുമുണ്ടെന്നതില്‍ തര്‍ക്കമില്ല. ജീവശാസ്ത്രത്തിലുള്ള അടിസ്ഥാനവിജ്ഞാനം ഈ പുസ്തകവും ആവശ്യപ്പെടുന്നുമുണ്ട്. അമിതലളിതവല്‍ക്കരണം ശാസ്ത്ര
ഗഹനതയ്ക്ക്‌ സാരമായി പരിക്കേല്‍പ്പിക്കുമെന്നതിനാല്‍ ഇതിലൊന്നും അസ്വാഭാവികമായി യാതൊന്നുമില്ല. എങ്കിലും കുട്ടികള്‍ക്കുപോലും അനായാസം വായിച്ചുപോകാവുന്ന ആഖ്യാനശൈലി സഹായകരമാണ്. ഡോക്കിന്‍സിന്റ കുലീനഭാഷ ഭാഷാപ്രേമികളുടെകൂടി ആദരവ് നേടുന്നതാണ്. ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ കവിതയാണെന്ന (‘Science is the poetry of reality’) അദ്ദേഹത്തിന്റെതന്നെ പ്രശസ്തനിര്‍വചനത്തെ സാധൂകരിക്കുന്ന അവതരണശൈലിയും ഭാഷഘടനയും അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഡോക്കിന്‍സ് നടത്തിവരുന്ന പ്രഭാഷണങ്ങളുടേയും മാധ്യമപരമായ ഇടപെടലുകളുടേയും രത്‌നച്ചുരുക്കമായി 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'നെ വിലയിരുത്തുന്നതില്‍ തെറ്റില്ല. പുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്ന ചില ഗവേഷണഫലങ്ങളും കണക്കുകളും പുതുതായി ചേര്‍ത്തിട്ടുമുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ കമനീയമായി അണിനിരത്തിയിടത്താണ് ഗ്രന്ഥകാരന്റെ വിജയം. 


“There is a grandeur in this view of life”- പരിണാമത്തിന് ഡാര്‍വിന്‍ ന്‌ലകിയ ഈ വിശേഷണം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ന്റെ ആന്തരികസത്തയായി മാറുന്നുണ്ട്. പുസ്തകത്തിന്റെ 13 ാം അദ്ധ്യായത്തിന് നല്‍കിയിരിക്കുന്ന പേര് തന്നെ ഇതാണ്. കേവലം പരിണാമത്തിന്റെ വിശകലനമോ വിശദീകരണമായോ മാത്രം ഈ പുസ്തകത്തെ ലഘൂകരിക്കാനാവില്ല. മനുഷ്യന്‍ ഇന്നോളം കണ്ടെത്തിയതില്‍ വച്ചേറ്റവും മഹത്തായ കണ്ടെത്തലിന്റെ ആഘോഷമാണ് 470 പേജുകളിലായി ഇതള്‍ വിരിയുന്നത്. തന്റെ ഇഷ്ടഗ്രന്ഥമായി ഡോക്കിന്‍സ് എപ്പോഴും ചൂണ്ടിക്കാട്ടുന്നത് 'റിവര്‍ ഔട്ട് ഓഫ് ഏഡനാ'ണ്. 'ദി സെല്‍ഫിഷ് ജീനി'ന്റെ 33 പതിപ്പുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നതും 'ദൈവവിഭ്രാന്തി'യുടെ 30 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുന്നെതും യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ ഡോക്കിന്‍സിന്റെ ഏറ്റവും മികച്ച ഗ്രന്ഥം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്താ'ണെന്ന് തിരിച്ചറിയുന്നതിന് മേല്‍പ്പറഞ്ഞ വസ്തുതകള്‍ തടസ്സമാകുന്നില്ല. ജൈവപരിണാമത്തെപ്പറ്റി സാമാന്യം അവബോധമുള്ളവരെല്ലാം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. എന്തെന്നാല്‍ ഡോക്കിന്‍സ് കൗതുകരമായ പല സൂചകങ്ങളും ഇതില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. പരിണാമവാദം തള്ളിക്കളയുന്നവര്‍ക്കും വേറിട്ടൊരനുഭവം സുനിശ്ചിതമാണ്; ദുരഭിമാനം വിഴുങ്ങി വായനയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ മാത്രം. 21 നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്ന് വെറുതെ സങ്കല്‍പ്പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ ഒരു പുസ്തശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം മിക്കവാറും 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്' തന്നെയായിരിക്കും. റിച്ചാഡ് ഡോക്കിന്‍സ് ശാസ്ത്രവുമായി അഗാധമായ പ്രണയത്തിലാണെന്ന് നാമറിയുന്നു. ശാസ്ത്രസത്യങ്ങള്‍ പകര്‍ന്നേകുന്ന ജീവിതലഹരി അദ്ദേഹത്തിന്റെ രചനാശൈലിയില്‍ അപൂര്‍വമായ ഒരുതരം ആവേശം നിറയ്ക്കുന്നുണ്ട്. തന്റെ പ്രണയം ലോകംമുഴവന്‍ അറിയണമെന്ന് ഏതൊരു കാമുകനാണ് ആഗ്രഹിക്കാത്തത്?!******