Pages

Sunday 24 July 2011

സ്ഥൂലപരിണാമത്തിന്റെ രാജവീഥി

Dr.Richard Lenski
ബാക്റ്റീരിയ പരിണാമവാദികള്‍ക്ക് അമൂല്യസമ്മാനമായി മാറുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ഥൂലപരിണാമത്തിനനുകൂലമായി പുറത്തുവന്ന ഏറ്റവും ശക്തമായ തെളിവാണ് അമേരിക്കയിലെ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാക്റ്റീരിയോളജിസ്റ്റായ റിച്ചാഡ് ലെന്‍സ്‌കിയും (Richard Lenski) സഹപ്രവര്‍ത്തകരും ബാക്റ്റീരിയകളെ ഉപയോഗിച്ച് നടത്തിവരുന്ന സുദീര്‍ഘമായ പരീക്ഷണത്തിന്റെ ഫലം. 1988 ഫെബ്രുവരി 24 നാണ് ഈ പരീക്ഷണം തുടങ്ങിയത്. 2010 ഫെബ്രുവരിയില്‍ ബാക്റ്റീരിയകളുടെ 50000 തലമുറകള്‍ സൃഷ്ടിച്ച് പരീക്ഷണം തുടരുകയാണ്. വളരെ ബൃഹത്തായ ഈ പരീക്ഷണം ബാക്റ്റീരികളിലെ സ്പീഷിസ് മാറ്റം സംശയതീതമായി തെളിയിച്ചതിലൂടെയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 
പരിണാമനിരക്കിലുള്ള(rate of evolution) വ്യതിയാനങ്ങള്‍, സമാനപരിസ്ഥിതിയിലുള്ള വ്യത്യസ്ത പോപ്പുലേഷനുകളില്‍ സംഭവിക്കാവുന്ന ആവര്‍ത്തനസാധ്യത, ജീന്‍തലത്തിലും(genomic level) ഫീനോടെപ്പ് തലത്തിലും(phenotype level)അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അന്വേഷണമാണ് പരീക്ഷണം ലക്ഷ്യമിട്ടിരുന്നത്. പരീക്ഷണത്തിന്റെ ആരംഭത്തിലുള്ള ബാക്റ്റീരിയകളെ അപേക്ഷിച്ച് ആഹാരരീതി, വലുപ്പം, ജനിതകക്രമം(genome sequence), ജനിതക ഉള്ളടക്കം(genetic content) എന്നീ തലങ്ങളില്‍ പ്രകടമായ മാറ്റമുള്ള ബാക്റ്റീരിയകളെയാണ് പതിനായിരക്കണക്കിന് തലമുറകള്‍ക്ക് ശേഷം ലെന്‍സ്‌കിയും സംഘവും കണ്ടെത്തിയത്. സ്പീഷിസ് മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടുന്ന മാറ്റങ്ങളാണിവ. കേവലം മണിക്കൂറുകള്‍ക്കുള്ളില്‍-ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍-ഇരട്ടിച്ച് പുതുതലമുറകളെ ഉത്പ്പാദിപ്പിക്കുന്ന സൂക്ഷ്മജീവികളാണ് ബാക്റ്റീരിയകള്‍. അവയില്‍ സംഭവിക്കുന്ന പരിണാമം മൂന്നോനാലോ ദശകം പിന്തുടര്‍ന്നാല്‍ ലഭിക്കാനിടയുള്ള ഫലം വിസ്മയകരമായിരിക്കുമെന്ന പ്രവചനത്തിന് അക്ഷരാര്‍ത്ഥത്തില്‍ അടിവരയിടുന്നതാണ് ലെന്‍സ്‌കിയുടെ പരീക്ഷണഫലം. 




ബാക്റ്റീരിയകളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ ചില സാഹചര്യങ്ങളില്‍ അവയെ അനന്തമായി മരവിപ്പിച്ച് നിറുത്തുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യാമെന്നതാണ്. അപ്പോഴും ഒന്നും സംഭവിച്ചില്ലെന്നമട്ടില്‍ അവ പ്രജനനം തുടരും. പരിണാമശാസ്ത്രജ്ഞര്‍ക്ക് ജീവനുള്ള ഫോസിലുകളുടെ ശേഖരം സൃഷ്ടിക്കാനുള്ള അവസരവും ഇതുമൂലം ലഭ്യമാകുന്നു. ആവശ്യമുള്ള ഏതൊരു സമയത്തും പരിണാമപ്രക്രിയ എത്തിച്ചേരുന്നന്ന സൂക്ഷ്മഘട്ടങ്ങള്‍ ചിത്രീകരിച്ചുവെക്കുന്ന നിശ്ചലദൃശ്യബിന്ദുവാണ് ഈ ഫോസില്‍ശേഖരം. ഉദാഹരണമായി ഡോന്‍ ജോഹാന്‍സണ്‍ (Don Johanson) കണ്ടുപിടിച്ച ലൂസി എന്ന വശ്യസുന്ദരമായ മനുഷ്യഫോസിലിന്റെ കാര്യമെടുക്കുക. ശീതീകരിക്കപ്പെട്ട അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ലൂസിക്ക് അതേപടി പുതുജീവന്‍ നല്‍കുന്നതിനെപ്പറ്റി ഭാവനയില്‍ കാണുക. എന്നിട്ട് ഒരിക്കല്‍ക്കൂടി ലൂസിയുടെ വര്‍ഗ്ഗത്തെ പരിണമിക്കാന്‍ അനുവദിക്കുന്നതായും സങ്കല്‍പ്പിക്കുക! സത്യത്തില്‍ ഇഷെറിച്ചിയ കോളി (Escherichia.Coli) എന്ന ബാക്റ്റീരിയയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ലെന്‍സ്‌കിയും സഹപ്രവര്‍ത്തകരും സാധിച്ചെടുത്തത് ഇതൊക്കെയാണ്.പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ദ്ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിയ്ക്ക് ലഭിച്ചത്.

ഇ.കോളി ഒരു സാധാരണ ബാക്റ്റീരയയാണ്; വളരെ സാധരണമായ ഒന്ന്. ലോകത്തെമ്പാടും ഒരുസമയം കുറഞ്ഞത് നൂറ് ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ലെന്ന് മാത്രമല്ല പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്ക് ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഉല്‍പ്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ.കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടയ്ക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു ജീന്‍ ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ.കോളി ബാക്റ്റീരിയകളുടെ എണ്ണം അതിഭീമമായിതിനാല്‍ അതിന്റെ ജീനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവെച്ച് ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ 'പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണ്ണാവസരങ്ങളാ'ണത് പ്രദാനം ചെയ്യുന്നത്.

മനോഹരമായി അണിയിച്ചൊരുക്കിയ സമുജ്ജലമായ ആ പരീക്ഷണത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാം. വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി അതിസൂക്ഷ്മമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്. ഇ.കോളി ബാക്റ്റീരയകള്‍ ഇരട്ടിക്കുന്നത് അലൈംഗീക(asexual)മായാകുന്നു. തീര്‍ത്തും ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയൊരു പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്ന് സാരം. 1988 ഫെബ്രുവരിയില്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപ്പുലേഷന്‍ ശേഖരിച്ച് അവയെ സമാനമായ 12 ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യയളവില്‍ അവശ്യമായ ഗ്‌ളൂക്കോസുമുള്‍പ്പെടെയുള്ള പോഷകസൂപ്പ് (nutrient broth) കരുതിയിരുന്നു. ഈ 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്റ്റീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനായാണത് കമ്പനം ചെയ്തുകൊണ്ടിരുന്നത്. വാസ്തവത്തില്‍ 12 ഫ്‌ളസ്‌ക്കുകള്‍ രണ്ടു ദശകങ്ങളായി പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു. ഈ 12 ഫ്‌ളാസ്‌ക്കുകളെ ഇസ്രയേലിലെ 12 ജൂതഗോത്രങ്ങള്‍ക്ക് സമാനമായി പരിഗണിക്കാം. ഇസ്രയേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ പരസ്പരസങ്കലനം അനുവദനീയമായിരുന്നുവെന്ന ഏക വ്യത്യാസമേ ഈ താരതമ്യത്തിലുള്ളു.

ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്ന് കരുതരുത്. ഒരോ ഗോത്രത്തേയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ (infect) ബാക്റ്റീരിയെ അനുവദിക്കുകയെന്നതാണ് 'പകരുക' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒന്നു കണക്കുകൂട്ടിനോക്കൂ, ഓരോ ഗോത്രത്തിനും 7000 ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ട നിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍ നിന്നും ബാക്റ്റീരിയ കലര്‍ന്ന ദ്രാവകം ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക്. ഒരു സാമ്പിള്‍, കൃത്യമായി പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്റ്റീരിയ, മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍നിന്നും പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്റ്റീരിയ പുതിയ ഫ്‌ളാക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്‌ളൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്നുതന്നെ പെറ്റുപെരുകികൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്റ്റീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുവിധം വര്‍ദ്ധിക്കുന്നു. പക്ഷെ ഈ വര്‍ദ്ധനയ്ക്ക് തൊട്ടടുത്തദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കും. അതോടെ പട്ടിണി പിറക്കുകയും വര്‍ദ്ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയിലെത്തുകയും ചെയ്യും. പക്ഷെ അതിനിടെ നൂറിലൊരംശം തൊട്ടടുത്തദിവസം മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലേയും ബാക്റ്റീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ദ്ധിക്കുകയും വര്‍ദ്ധന പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേ പ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്തിരുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (high-speed equivalent) ഈ ബാക്റ്റീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമായിക്കൊണ്ടിരുന്നു. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടം (നൂറിലൊന്ന്) തെരഞ്ഞെടുക്കപ്പെട്ട് പുതിയ ഫ്‌ളാസ്‌ക്കിലെത്തും. ഇടവിട്ടുള്ള പട്ടിണിയും സമൃദ്ധിയും പ്രകൃതിനിയമമാണല്ലോ. മാറ്റപ്പെടുന്ന ബാക്റ്റീരിയകള്‍ക്കും വീണ്ടും താല്‍ക്കാലിക സമൃദ്ധി
യും പിറകെയെത്തുന്ന പട്ടിണിയും അനുഭവിക്കേണ്ടതായിട്ടുണ്ട്. പരിണാമത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണത്. 12 വ്യത്യസ്ത പരിണാമത്താവഴികളാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്രകാലത്തില്‍ (deep geological time) അനേകം തലമുറകള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്;വേഗത തീരെക്കുറവാണെന്നുമാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ; കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് ബാക്റ്റീരിയുടെ കാര്യത്തിലെന്നുമാത്രം.


ലെന്‍സ്‌കിയും സംഘവും തങ്ങളുടെ ഈ സവിശേഷ പരീ
ക്ഷണം 20 വര്‍ഷം തുടര്‍ന്നുകൊണ്ടുപോയി. അതായത് ഏകദേശം 7000 ബാക്റ്റീരിയ 'ഫ്‌ളാസ്‌ക്ക് തലമുറ'കളിലായി ബാക്റ്റീരിയകളുടെ ഏകദേശം 45000 നവതലമുറകളാണ് ഉത്പ്പാദിപ്പിക്കപ്പെട്ടത്. ശരാശരി ആറ്-ഏഴ് തലമുറകള്‍ ഓരോ ദിവസവും പിറവിയെടുക്കുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് 45000 എന്ന സംഖ്യയിലെത്തിച്ചേരുന്നത്. ഈപ്പറയുന്നത് ശരിയായ പശ്ചാത്തലത്തില്‍ വിലയിരുത്തണമെങ്കില്‍ മനുഷ്യന്റെ കാര്യം ചിന്തിച്ചാല്‍ മതിയാക്കാം. നമ്മുടെ 45000 തലമുറകള്‍ പിറകോട്ടുപോയാല്‍ ഏതാണ്ട് പത്തുലക്ഷം വര്‍ഷം പിന്നിലുള്ള ഹോമോ ഇറക്റ്റസിന്റെ(Homo Erectus) കാലഘട്ടത്തിലെത്താം. പത്ത് ലക്ഷം വര്‍ഷമെന്നത് മനുഷ്യപരിണാമത്തെ സംബന്ധിച്ചിടത്തോളം അത്ര ദൂരെയല്ല. ഇതേ പരീക്ഷണത്തില്‍ ലെന്‍സ്‌കിയും കൂട്ടരും പത്തുലക്ഷം വര്‍ഷങ്ങള്‍ നീട്ടിയാലുണ്ടാകുന്ന പരിണാമമാറ്റങ്ങളെ പറ്റി ആലോചിക്കുക. കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ പത്തുകോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സസ്തനങ്ങള്‍ കടന്നുപോകുന്ന തലമുറകളുടെ എണ്ണം സങ്കല്‍പ്പിച്ചുനോക്കുക. എന്നാല്‍ 10 കോടി വര്‍ഷമെന്നതുപോലും പരിണാമവുമായി ബന്ധപ്പെടുത്തുമ്പോള്‍ താരതമ്യേന 'അടുത്തിടെ'(recent) ആണെന്ന് പറയേണ്ടതുണ്ട്.


ഈ മുഖ്യ പരീക്ഷണത്തിനോടൊപ്പം മറ്റുചില പരീക്ഷണങ്ങള്‍ കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇല്യൂമിനേറ്റിംഗ് സ്പിന്‍-ഓഫ് എക്‌സ്പിരിമിന്റ് (Illuminating spin-off experiments) എന്നറിയപ്പെടുന്ന ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം ഭക്ഷണക്രമം മാറ്റികൊണ്ട് പരിണാമസാധ്യതകള്‍ പഠിക്കുക എന്നതായിരുന്നു. 2000 തലമുറകള്‍ക്കുശേഷം ആഹാരമായി കൊടുത്തുകൊണ്ടിരുന്ന ഗ്‌ളൂക്കോസിനു പകരം മറ്റൊരിനം പഞ്ചസാര, മല്‍ട്ടോസ്, എന്നിവ നല്‍കിയാണ് ഈ പരീക്ഷണം നടത്തിയത്. തല്‍ക്കാലം നമുക്കത് വിട്ടുകളയാം. ആദ്യാവസാനം ഗ്‌ളൂക്കോസ് മാത്രമുപയോഗിച്ച മുഖ്യപരീക്ഷണത്തില്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്. 20 വര്‍ഷങ്ങളിലായി കൃത്യമായ ഇടവേളകളിലൂടെ ഇ.കോളി ബാക്റ്റീരിയകളുടെ 12 ഗോത്രങ്ങളുടെ സാമ്പികളുകളാണല്ലോ ഉപയോഗപ്പെടുത്തിയത്. പരീക്ഷണത്തിനിടെയുള്ള വിവിധഘട്ടങ്ങളില്‍ അപ്പപ്പോള്‍ ലഭ്യമായ നവതലമുറകളുടെ ഒരു ഭാഗം ശീതികരിച്ച് (freeze) സൂക്ഷിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ചില നിര്‍ണ്ണായകഘട്ടങ്ങളിലെ പരിണാമനില പിന്നീട് പരിശോധിക്കാന്‍ സഹായിക്കുന്ന പുനരുജ്ജീവിപ്പിക്കാവുന്ന 'ഫോസിലുകളാ'യി(reauscitatable fossils) ഈ സാമ്പിളുകള്‍ നിലകൊണ്ടു. എത്ര സമുജ്ജലമായ ഭാവനയും രീതിശാസ്ത്രവുമാണ് ഈ പരീക്ഷണശൃംഖലയ്ക്ക് പിന്നിലുണ്ടായിരുന്നതെന്ന് ചിന്തിച്ചുനോക്കൂ!

പന്ത്രണ്ടു ഫ്‌ളാസ്‌ക്കുകളില്‍ ആദിമപോപ്പുലേഷന്‍ ശേഖരിച്ചതിനുശേഷം അതില്‍ നൂറിലൊരുഭാഗം ദിനംപ്രതി പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് മാറ്റുകയായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഒരോ പുതിയ തലമുറയും ആദ്യ പോപ്പുലേഷനിന്റെ ക്‌ളോണുകളെന്നപോലെ ജനിതകമായി സമാനമായിരുന്നു. എങ്കിലും തന്ത്രപരമായ ഒരു കാരണംമൂലം അത് പൂര്‍ണ്ണമായും വാസ്തവമായിരുന്നില്ല. Ara+, Ara - എന്നിങ്ങനെ രണ്ട് വകഭേദങ്ങളുള്ള 'അര'(ara) എന്ന ജീനിനെ ലെന്‍സ്‌കിയും കൂട്ടരും പരീക്ഷണശാലയില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക അത്ര എളുപ്പമല്ല. ബാക്റ്റീരിയ സാമ്പിളെടുത്ത് പോഷകസൂപ്പും ഷുഗര്‍ അരബിനോസും (sugar arabinose) ടെട്രാസോളിയം (tetrazolium) എന്നറിയപ്പെടുന്ന രാസ ഡൈയും അടങ്ങിയ ഒരു അഗാര്‍ പ്‌ളേറ്റില്‍ (agar plate) വെച്ച് സംസ്‌ക്കരിച്ചെങ്കിലേ(plating out) ഇവയെ വേര്‍തിരിച്ചറിയാനാവൂ. ഇത്തരം 'പ്‌ളേറ്റിംഗ് ഔട്ട്' ബാക്റ്റീരിയോളജിസ്റ്റുകള്‍ സാധാരണ നടത്തുന്നതാണ്. ബാക്റ്റീരിയ അടങ്ങുന്ന ദ്രാവകത്തിന്റെ ഒരു തുള്ളി അഗാര്‍ കുഴമ്പടങ്ങിയ ഷീറ്റ് പതിപ്പിച്ച ഒരു പ്‌ളേറ്റിലേക്ക് വീഴ്ത്തിയശേഷം അവയെ അവിടെ പരിപാലിച്ചാണ് (incubate) ഇത് നിര്‍വഹിക്കുന്നത്. ദ്രാവക തുള്ളിയില്‍നിന്നും ചെറു മായികവലയങ്ങളെപ്പോലെ പുറത്തേക്ക് വികസിക്കുന്ന വൃത്തങ്ങളായി ബാക്റ്റീരിയകളുടെ കോളനികള്‍ രൂപംകൊള്ളും. അഗാര്‍ കുഴമ്പില്‍ മിശ്രണംചെയ്ത പോഷകം ബാക്റ്റീരിയകള്‍ ആഹരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് അഗാര്‍മിശ്രിതത്തില്‍ അരബിനോസും ഇന്‍ഡിക്കേറ്റര്‍ ഡൈയും ഉണ്ടെങ്കില്‍ Ara+, Ara- എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവും. എങ്ങനെയെന്നല്ലേ? അദൃശ്യമായ ഏതോ മഷി ചൂടാക്കിയപോലെ ബാക്റ്റീരിയകള്‍ വെള്ളയും (Ara+) ചെമപ്പും (Ara-) നിറങ്ങളുള്ള കോളനികളായി പ്രത്യക്ഷപ്പെടും. ലെന്‍സ്‌കിയും സംഘവും ഈ നിറപ്രതിഭാസം ചിഹ്നം നല്‍കാനായി (labelling) പ്രയോജനപ്പെടുത്തി. മാത്രമല്ല മുമ്പ് നാം കണ്ട പന്ത്രണ്ട് ഗോത്രങ്ങളില്‍ 6 എണ്ണത്തിനെ Ara+ ആയും ബാക്കിയുള്ളവയെ Ara- ആയും മാറ്റി കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കി. അതായത് ബാക്റ്റീരിയയുടെ രണ്ട് കോളനികള്‍ തമ്മില്‍ നിറംകൊണ്ടുതന്നെ തിരിച്ചറിയാമെന്നായി. ഈ വര്‍ണ്ണാങ്കന (colour coding) സാങ്കേതികവിദ്യ ബാക്റ്റീരിയ കോളനികളെ വേറിട്ടറിയാന്‍ മാത്രമല്ല പരീക്ഷണത്തിലും ലബോറട്ടറി പ്രവര്‍ത്തനങ്ങളിലും പൊതുനിയന്ത്രണം കൊണ്ടുവരാനായും പ്രയോജനപ്പെടുത്തി. ഉദാഹരണമായി, ദിവസവും ഫ്‌ളാസ്‌ക്കുകളില്‍നിന്ന് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് ബാക്റ്റീരിയ കോളനികളെ പകരുമ്പോള്‍ ഈ നിറവ്യത്യാസം നോക്കിയാണ് കൃത്യത ഉറപ്പ് വരുത്തിയിരുന്നത്. ബാക്റ്റീരിയ പകര്‍ന്നിരുന്നത് Ara+, Ara- എന്നിങ്ങനെ ഒന്നിടവിട്ട രീതിയിലായിരുന്നു. കൈമാറ്റത്തിനിടയില്‍ ദ്രാവകം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പിപ്പറ്റുകളില്‍ നിന്ന് ദ്രാവകം തെറിച്ചുപോവുകയോ തെറ്റായ ദ്രാവകവുമായി അറിയാതെ സമ്പര്‍ക്കത്തില്‍ വരുകയോ ചെയ്യാമല്ലോ. എന്നാലങ്ങനെ സംഭവിച്ചാല്‍ പിന്നീട് നിറപരിശോധനയിലൂടെ അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ കണ്ടെത്താനാവും. നിറം അടയാളപ്പെടുത്തിയതോടെ ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമായിതീര്‍ന്നു എന്നര്‍ത്ഥം. പക്ഷിശാസ്ത്രജ്ഞര്‍ തിരിച്ചറിയല്‍ ചിഹ്നമായി പറവകളുടെ കാലില്‍ വര്‍ണ്ണവലയങ്ങള്‍ തീര്‍ക്കുന്നതു പോലെയായിരുന്ന ഈ 'വര്‍ണ്ണാങ്കനം'. ഉദാത്തമായ വൈഭവം അല്ലേ?! മാത്രമല്ല അത്യന്തം കണിശവും. ഒരുത്തമ ശാസ്ത്രജ്ഞനില്‍ ഈ രണ്ടുഗുണങ്ങളും സമജ്ഞസമായി സമ്മേളിക്കേണ്ടതുണ്ട്.

Ara+, Ara - എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം മാറ്റിവെക്കാം. 12 ഗോത്രങ്ങളിലുള്ള ബാക്റ്റീരിയകള്‍ ആദ്യം സ്വയവിഭജനത്തിലൂടെ സമാനമായ (identical) തുടര്‍ തലമുറകളെയാണ് ഉത്പ്പാദിപ്പിച്ചുകൊണ്ടിരുന്നത്. Ara+, Ara - ബാക്റ്റീരിയ കോളനികളില്‍ നിറത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊരു വ്യത്യാസവും പ്രഥമഘട്ടത്തില്‍ ദൃശ്യമായിരുന്നില്ല. നമുക്കിപ്പോള്‍ 12 ഗോത്രങ്ങളാണല്ലോ ഉള്ളത്. ഭൗമശാസ്ത്രകാലത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ പട്ടിണിയും സൂഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാനപരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്: ഈ തലമുറകള്‍ എക്കാലവും മുന്‍ഗാമികള്‍ക്ക് സമാനരായി തുടരുമോ? അതോ പരിണമിക്കുമോ? ഇനി അഥവാ പരിണമിക്കുമെങ്കില്‍ പന്ത്രണ്ട് ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്? അതോ അവ പരിണമിച്ച് വിഭിന്നമായിത്തീരുമോ? സൂപ്പില്‍ ഗ്‌ളൂക്കോസാണ് പ്രധാനമായും ഉള്ളതെന്ന് സൂചിപ്പിച്ചു. കേവലം ഭക്ഷണമായി മാത്രമല്ല ദിനംപ്രതി ഓരോ ഫ്‌ളാസ്‌ക്കിലേയും പ്രജനനത്തോത് ഉച്ചകോടിയിലെത്തുന്നത് തടയുന്ന നിയന്ത്രണവസ്തുവായി കൂടിയാണ് ഗ്‌ളൂക്കോസ് പ്രവര്‍ത്തിച്ചത്. ഇരട്ടിക്കല്‍മൂലം ബാക്റ്റീരിയകളുടെ എണ്ണം പരമകാഷ്ഠയിലെത്തുന്ന ഘട്ടം എന്നതാണ് ഉച്ചകോടി (Plateau) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരുതരത്തിത്തില്‍ പറഞ്ഞാല്‍ പരീക്ഷകര്‍ കൂടുതല്‍ അളവില്‍ ഗ്‌ളൂക്കോസ് ഫ്‌ളാസ്‌ക്കുകളില്‍ ഇട്ടുകൊടുത്തിരുന്നുവെങ്കില്‍ ദിനാന്ത്യമുള്ള പോപ്പുലേഷന്‍ ഉച്ചകോടി കുറേക്കൂടി ഉയരത്തിലാകുമായിരുന്നു. ദിനാന്ത്യത്തില്‍ ഗ്‌ളൂക്കോസിന്റെ അധിക തുള്ളികൂടി ഫ്‌ളാസ്‌ക്കിലിറക്കിയിരുന്നുവെങ്കില്‍ പ്രജനനം ഉച്ചകോടിയില്‍നിന്ന് രണ്ടാമതൊരു കുതിച്ചുകയറ്റം കൂടി നടത്തി കുറേക്കൂടി ശക്തമായ ഉച്ചകോടി സൃഷ്ടിക്കുമായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ ബാക്റ്റീരയകള്‍ ഏതെങ്കിലും ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമായാല്‍ ഗ്‌ളൂക്കോസ് ആഹരിക്കുന്ന കാര്യത്തില്‍ അധികമികവ് കാണിക്കുന്ന വ്യക്തഗത ബാക്റ്റീരിയകളെ പ്രകൃതിനിര്‍ധാരണം പിന്തുണയ്ക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുക. താമസിയാതെ അത്തരം ബാക്റ്റീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പ്പരിവര്‍ത്തനം വിധേയമാകത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്റ്റീരിയകളുടെ ഗോത്രത്തിന് ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇതുതന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്‌ളൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍ഗാമികളെക്കാള്‍ മികവ് (fitness) ഉള്ളവരായിത്തീര്‍ന്നു. ഈ പന്ത്രണ്ടു തലമുറകളും വ്യത്യസ്ത മാതൃകയിലുള്ള ഉല്‍പ്പരിവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് ഈ നില കൈവരിച്ചത്.

ഇതെങ്ങനെ ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലായി? പരിണമിക്കപ്പെട്ട തലമുറകളുടെ സാമ്പിള്‍ സമയാസമയം ശേഖരിച്ചതിലൂടെയാണ് അവരത് മനസ്സിലാക്കിയത്. പുതിയതായി ലഭിക്കുന്ന സാമ്പിളുകളെ തുടക്കത്തിലുണ്ടായിരുന്ന ബാക്റ്റീരിയ പോപ്പുലേഷന്റെ 'ഫോസിലു'കളുമായി താരതമ്യം ചെയ്ത് പുതുതലമുറയുടെ മികവ് തിരിച്ചറിഞ്ഞു. 'ഫോസിലു'കളെന്നുപറഞ്ഞാല്‍ ശീതികരിക്കപ്പെട്ട ബാക്റ്റീരിയ സാമ്പിള്‍ എന്നര്‍ത്ഥം. ഇത്തരം സാമ്പിളുകള്‍ എപ്പോള്‍വേണമെങ്കിലും പുനര്‍ജീവിപ്പിച്ച് ഇരട്ടിക്കല്‍ പ്രക്രിയ പുനരാരംഭിക്കാനാവുമെന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടാണല്ലോ നാമവയെ 'ജീവനുള്ള ഫോസിലുകള്‍'(living fossils) എന്ന് പരാമര്‍ശിച്ചത്. എങ്ങനെയാണ് ലെന്‍സ്‌കിയും സംഘവും ബാക്റ്റീരിയകള്‍ക്കിടയില്‍ അതിജീവന മികവ് സംബന്ധിച്ച താര്യതമ്യം നടത്തിയത്? എങ്ങനെയാണവര്‍ 'ആധുനിക'(modern) ബാക്റ്റീരിയകളെ 'ഫോസില്‍' ബാക്റ്റീരിയകളുമായി താരതമ്യം ചെയ്തത്? പുതിയതായി പരിണമിച്ച പോപ്പുലേഷനെ അവര്‍ ശുദ്ധിയോടെ പുതിയ ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളില്‍ സാമ്പിളായി ശേഖരിച്ചു. ശീതികരിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് വീണ്ടെടുത്ത ആദിമസാമ്പിള്‍ അതേ ഫ്‌ളാസ്‌ക്കിനുള്ളിലേക്ക് വ്യാപിക്കാന്‍ അനുവദിച്ചു. മരവിച്ച അവസ്ഥ ഇല്ലാതാക്കുന്നതോടെ ശീതികരിക്കപ്പെട്ട ഫോസിലുകള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റപോലെ ജീവിതം തുടരും. ഇങ്ങനെ മിശ്രിതപോപ്പുലേഷന്‍ നിറച്ച ഫ്‌ളാസ്‌ക്കുകള്‍ മുഖ്യപരീക്ഷണം നടത്തിയ 12 ഗോത്രങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാലപരീക്ഷണത്തിന്റെ പരിധിയില്‍നിന്നും മാറ്റി സൂക്ഷിച്ചു. അതായത്, ഈ ഫ്‌ളാസ്‌ക്കുകള്‍ പിന്നീട് ഒരു പ്രത്യേകവിഭാഗമാക്കി.

രണ്ട് പരീക്ഷണസാമ്പിളുകള്‍, 'ആധുനിക' സാമ്പിളുകളും 'ജീവിക്കുന്ന ഫോസിലു'കളും അടങ്ങിയ ഒരു സവിശേഷ മിശ്രിതമാണല്ലോ പുതിയ ഫ്‌ളാസ്‌ക്കില്‍ ലഭിച്ചിരിക്കുന്നത്. ഫ്‌ളാസ്‌ക്കുനുള്ളില്‍ ഇതിലേത് മറ്റേതിനെ പ്രജനനത്തിലൂടെ അധികരിക്കുമെന്നാണ് അറിയേണ്ടിയിരുന്നത്. പക്ഷെ രണ്ടും കൂട്ടിക്കലര്‍ത്തി കഴിഞ്ഞല്ലോ!? ഇനിയെങ്ങനെയാണ് തിരിച്ചറിയാനാവും? ഒരു 'മത്സരഫ്‌ളാസ്‌ക്കി'ല്‍ രണ്ടും ഇടകലര്‍ന്ന് ഇരട്ടിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് രണ്ടിനേയും വേര്‍തിരിക്കുന്നതെങ്ങനെ? അതിവിദഗ്ധമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് സൂചിപ്പിച്ചുവല്ലോ. കളര്‍ കോഡിംഗിന്റെ കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാവില്ലല്ലോ. Ara+ ന്റെ വെള്ളയും Ara-ന്റെ ചെമപ്പും ഓര്‍മ്മിയില്ലേ? ഇനിയിപ്പോള്‍ ആദിമപോപ്പുലേഷന്റെയേയും ആധുനികപോപ്പുലേഷന്‍ സാമ്പിളിന്റെയും(ഉദാഹരണമായി 
അഞ്ചാംഗോത്രത്തിന്റെ) ശേഷി നമ്മള്‍ താരതമ്യം ചെയ്യുന്നതിന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം. അഞ്ചാം ഗോത്രം Ara+ ആണെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ അതുമായി മിശ്രണം ചെയ്യാന്‍പോകുന്ന ആദിമ പോപ്പുലേഷന്‍ Ara- ആണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തന്നെ ആറാം ഗോത്രം Ara- ആണെങ്കില്‍ മിശ്രണത്തിന് തെരഞ്ഞടുക്കുന്ന ആദിമപോപ്പുലേഷന്‍ Ara+ തന്നെയാവണം. Ara+, Ara- എന്നിങ്ങനെയുള്ള ജീന്‍ വ്യത്യാസത്തിന് സ്വന്തംനിലയില്‍ പ്രജനനശേഷിയുടെ കാര്യത്തില്‍ കാര്യമായ പ്രഭാവമൊന്നുമില്ലെന്ന് ലെന്‍സ്‌കിയും കൂട്ടരും നേരത്തതന്നെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ രീതി മിശ്രിതത്തില്‍ ആദിമ-ആധുനിക പോപ്പുലേഷനുകളുടെ പരിണാമവികാസം രേഖപ്പെടുത്തി രണ്ടിനങ്ങളുടെ പ്രജനനശേഷി വേര്‍തിരിച്ചറിയാന്‍ സഹായകരമായ കളര്‍കോഡിംഗിനായി ഉപയോഗിക്കാം. ഇതിനായി അവര്‍ ചെയ്യേണ്ടിയിരുന്നത് വളരെ ലളിതമായ ഒരു കൃത്യം മാത്രം. അതായത് മിശ്രിത ബാക്റ്റീരിയ നിറഞ്ഞ ഫ്‌ളാസ്‌ക്കില്‍ നിന്ന് കുറച്ചെടുത്ത് അഗാര്‍ കുഴമ്പില്‍ ലയിപ്പിച്ച് പ്‌ളേറ്റ് ഔട്ട് ചെയ്യുക. മിശ്രിതത്തില്‍ വെള്ളയാണോ ചെമപ്പാണോ കൂടുതലെന്ന് അപ്പോഴറിയാം.

ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലേയും ബാക്റ്റീരിയയുടെ ശരാശരി മികവ് വര്‍ദ്ധിച്ചു. 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയകളും ഗ്‌ളൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കുന്തോറും 12 ഗോത്രങ്ങളിലേയും ബാക്റ്റീരിയയുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ദ്ധിക്കുകയും ചെയ്തു. ഏതാണ്ട് 2000 തലമുറകള്‍ കഴിഞ്ഞതോടെയാണ് ശരീരവലുപ്പത്തില്‍ കൂടുതല്‍ വ്യത്യാസം കണ്ടുതുടങ്ങിയത്. അടുത്ത കൗതുകകരമായ ചോദ്യമിതാണ്: 12 ഗോത്രങ്ങളും ഒരു പ്രത്യേക പരിണാമകാലഘട്ടം മുതല്‍ ശരീരവലുപ്പം വര്‍ദ്ധിപ്പിച്ചെന്ന് അംഗീകരിക്കാം. പക്ഷെ അവയെല്ലാം സമാന മാറ്റം കൈവരിച്ചത് ഒരേ രീതിയിലാണോ? സമാനമായ ജനിതകവഴിയാണോ പ്രയോജനപ്പെടുത്തിയത്? അല്ല, അങ്ങനെയായിരുന്നില്ല സംഭവിച്ചത്. അതായിരുന്നു രസകരമായ മറ്റൊരു ഫലം. പന്ത്രണ്ട് തലമുറകളും വ്യതിരിക്തവും വ്യത്യസ്തവുമായ ഉന്നതികളാണ് (plateau) വര്‍ദ്ധനയുടെ കാര്യത്തില്‍ ഗ്രാഫില്‍ രേഖപ്പെടുത്തിയത്. ഓരോ ഫ്‌ളാസ്‌ക്കുകളിലും ദിനംപ്രതിയുണ്ടാകുന്ന ഉന്നതിയുമായി ഇതിനെ താരതമ്യപ്പെടുത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. തലമുറകള്‍ മൊത്തമായി പരിഗണിക്കണം.


ഈ പരിണാമ മാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്: ഭക്ഷണസമൃദ്ധിയും പട്ടിണിയും പ്രകൃതിയിലെ സ്വഭാവികമായ സ്ഥിതിവിശേഷമാണ്. ഗ്‌ളൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറിവരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളി നിറഞ്ഞ സവിശേഷപരിസ്ഥിതിയില്‍ 'ശരീരവലിപ്പം വര്‍ദ്ധിപ്പിക്കുക'എന്നത് അതിജീവനത്തിന് സഹായകരകമായ ഒരു മാറ്റമാണ്. ശരീരവലിപ്പം വര്‍ദ്ധിപ്പിക്കുന്നത് അതിജീവനത്തെ സഹായിക്കുന്നത് എന്തുകൊണ്ടെന്ന് ഊഹിച്ചുപറയാനാവില്ല. അതിന് നിരവധി കാരണങ്ങളുണ്ടാവാം. കാരണമെന്തായാലും ഒരു കാര്യമുറപ്പിക്കാം: അതങ്ങനെയാണ്. ആകെയുള്ള 12 ഫ്‌ളാസ്‌ക്കുകളിലും അതുതന്നെയാണ് സംഭവിച്ചത്. പക്ഷെ വലുതാകാന്‍ വ്യത്യസ്തമായ നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെട്ടു. അതായത് വിഭിന്നമായ മ്യൂട്ടേഷനുകള്‍ സംഭവിച്ചുവെന്ന് അനുമാനിക്കാം. വ്യത്യസ്തഗോത്രങ്ങള്‍ സമാനഫലത്തിലെത്താന്‍ വ്യത്യസ്തമായ പരിണാമമാര്‍ഗ്ഗങ്ങളാണ് നടപ്പില്‍വരുത്തിയതെന്നു സാരം. എന്നാല്‍ അതിലും കൗതുകരമായ വസ്തുതയെന്തെന്നാല്‍ ചിലപ്പോള്‍ ഒരു ജോഡി വ്യത്യസ്ത ഗോത്രങ്ങള്‍ ഒരേസമയം സമാനമായ പരിണാമശൈലി സ്വീകരിച്ചുവെന്നതാണ്. ലെന്‍സ്‌കിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അടങ്ങുന്ന മറ്റൊരു സംഘം ( Team B)ഈ പ്രതിഭാസം പഠിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് ഇരുപതിനായിരം തലമുറകളിലായി സമാനമായ പരിണാമഗതി പിന്തുടര്‍ന്നപോന്ന ഒരു ജോടി ഗോത്രങ്ങള്‍ തെരഞ്ഞെടുത്ത് അവയ്ക്ക് Ara+1, Ara -1 എന്നിങ്ങനെയുള്ള ലേബലുകള്‍ നല്‍കി. തുടര്‍ന്നവയുടെ ഡി.എന്‍.എ പരിശോധിച്ചു. അമ്പരപ്പിക്കുന്നതായിരുന്നു ഡി.എന്‍.എ പരിശോധനാഫലം. രണ്ടു ഗോത്രങ്ങളിലും 59 ജീനുകളുടെ പ്രഭാവനിലയ്ക്ക് (level of expression) ഗണ്യമായ മാറ്റം വന്നതായി കണ്ടെത്തി. 59 ജീനുകളും സമാനദിശയിലുള്ള മാറ്റമാണ് കാണിച്ചത്. പ്രകൃതിനിര്‍ധാരണമായിരുന്നില്ലെങ്കില്‍ 59 ജീനുകള്‍ ഒറ്റയടിക്ക് ഒരേ ദിശയില്‍ മാറാന്‍ തുടങ്ങിയെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകുമായിരുന്നു. അങ്ങനെ സംഭവിക്കാനുള്ള സാധ്യത സ്റ്റാറ്റിസ്റ്റിക്‌സ് ആധാരമാക്കി പരിശോധിച്ചിരുന്നുവെങ്കില്‍ തീര്‍ത്തും അസാധ്യമായി തോന്നിയേനെ. ഇത്തരം വാദങ്ങളാണല്ലോ സമാനസാഹചര്യങ്ങളില്‍ സൃഷ്ടിവാദക്കാര്‍ പൊതുവെ എഴുന്നള്ളിക്കാറുള്ളത്. യാദൃശ്ചികമായി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നവര്‍ ശാഠ്യംപിടിക്കും. പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തീര്‍ത്തും അസാധ്യമെന്ന് വാദിക്കാനിടയുള്ളത് തന്നെയായിരുന്നു. എന്നാല്‍ കേവലം യാദൃശ്ചികമായിട്ടല്ല അങ്ങനെ സംഭവിച്ചതെന്ന് പ്രകൃതിനിര്‍ധാരണം നമ്മെ ബോധ്യപ്പെടുത്തും. മറിച്ച് പടിപടിയായ ക്രമനിബദ്ധമായ മാറ്റങ്ങള്‍ സഞ്ചിതമാകുകയും പ്രകൃതിനിര്‍ധാരണം ഈ മാറ്റത്തെ, എല്ലാ അര്‍ത്ഥത്തിലും, പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് മാറ്റം സംഭവ്യമായത്. മാത്രമല്ല തികച്ചും സ്വതന്ത്രമായ മാര്‍ഗ്ഗത്തിലൂടെയും അനുകൂലമായ മാറ്റങ്ങള്‍ ഇരു ഗോത്രങ്ങളിലും സ്വീകരിക്കപ്പെട്ടത്.

കോശവലുപ്പത്തിലുള്ള, അതായത് ബാക്റ്റീരിയയുടെ ശരീരവലുപ്പം, ക്രമമായ വ്യതിയാനം തലമുറകള്‍ പിന്നിടുന്തോറും പരിണാമം ക്രമേണ (gradual)മുന്നേറുകയായിരുന്നവെന്ന് തെളിയിച്ചു. ശരിക്കും ക്രമനിബദ്ധമായ മാറ്റം തന്നെയായിരുന്നുവോ അത്? അതായത് ഓരോ പടവിലും പരിണാമത്തിന്റെ തൊട്ടടുത്ത പടി (step) സംഭവിക്കാനായി പോപ്പുലേഷന്‍ മുഴുവന്‍ കാത്തിരിക്കുകയായിരുന്നോ? അങ്ങനെയാവണമെന്ന് നിര്‍ബന്ധമില്ല. ഇതാകട്ടെ പലതരം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉള്‍പ്പെട്ടിട്ടുള്ള മ്യൂട്ടേഷനുകളുടെ എണ്ണം, ഓരോ മ്യൂട്ടേഷന്റെയും പ്രഭാവപരിധി, മേല്‍പ്പറഞ്ഞ 59 ജീനുകള്‍ ഒഴികെയുള്ള ജീനുകളുടെ സഹായത്തോടെ കോശവലുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങള്‍, എങ്ങനെയാണ് ബാക്റ്റീരിയ സാമ്പിള്‍ ശേഖരിച്ചത്...തുടങ്ങി നിരവധി വിഷയങ്ങള്‍ അവിടെ നിര്‍ണ്ണായകമാണ്. വലുപ്പം മാത്രമല്ല ബാക്റ്റീരിയകളുടെ അതിജീവന മികവും ഇതുപോലെയാണ് വര്‍ദ്ധിച്ചതെന്ന് കണ്ടെത്താനായി. നിരീക്ഷിക്കപ്പെട്ട പരിണാമമാറ്റങ്ങളൊക്കെ പടിപടിയായുള്ള ഉല്‍പ്പരിവര്‍ത്തനങ്ങളുടെ സഞ്ചിതഫലമാണെന്ന വസ്തുത സ്ഥിരീകരിക്കാന്‍ പരീക്ഷകര്‍ക്ക് സാധിച്ചു. പരിണാമം പ്രവര്‍ത്തിക്കുന്നതിന്റെ കമനീയ മാതൃകയായിരുന്നുവത്. ശരിക്കും കണ്‍മുമ്പില്‍ നടന്ന പരിണാമം! 12 വ്യത്യസ്ത താവഴികളെ പരസ്പരം താരതമ്യപ്പെടുത്തിയും അവയെ ജീവിക്കുന്ന ഫോസിലുകളുമായി താരതമ്യപ്പെടുത്തിയുമാണ് ഈ മാറ്റം തിരിച്ചറിയുന്നത്. ആരംഭത്തിലും അന്ത്യത്തിലുമുള്ള ഇ.കോളി ബാക്റ്റീരിയകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഈ ജീവനുള്ള ഫോസിലുകളാണ്. 'ജീവനുള്ള ഫോസില്‍' എന്നത് ആലങ്കാരികമായി മാത്രമല്ല വാച്യാര്‍ത്ഥത്തിലും ശരിയാണിവിടെ. എന്തെന്നാല്‍ അവ ഫോസിലുകളാണ്, ജീവനുമുണ്ട്. കൃത്യമായും ഭൂതകാലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

ഇനി കുറേക്കൂടി രസകരമായ മറ്റൊരു പഠനഫലത്തിലേക്ക് പോകാം. 12 ബാക്റ്റീരിയാ ഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത വര്‍ദ്ധിപ്പച്ചത് ഒരു പൊതു മാര്‍ഗ്ഗത്തിലൂടെ ആണെന്നാണല്ലോ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശാദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും മികവ് വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്തു. എന്നാല്‍ ഇതിന് അപവാദമെന്ന് പറയാവുന്ന ഒരു നാടകീയ സംഭവവികാസം ഈ ദീര്‍ഘപരീക്ഷണത്തിനിടയിലുണ്ടായി. 33000 തലമുറകള്‍ പിന്നിട്ടതോടെയാണത് സംഭവിച്ചത്. 12 ഗോത്ര താവഴികളിലൊന്നില്‍,ഒന്നില്‍ മാത്രം, പരിണാമനിരക്ക് വന്യമായി കുതിച്ചുകയറി. Ara-3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. പോപ്പുലേഷന്‍ സാന്ദ്രതയുടെ സൂചകം വഴി (Index of population density)ലെന്‍സ്‌കി അത് കൃത്യമായി ഒപ്പിയെടുത്തു. ശ്രദ്ധിച്ചാലും, ഏകദേശം 330000 തലമുറകള്‍ വരെ Ara-3 യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റ് 12 ഗോത്രങ്ങളുടേതിനൊപ്പം മുന്നോട്ടുനീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara-3 (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) അസാധാരണമായ ഒരു കുതിച്ചുകയറ്റം നടത്തി-ആറുമടങ്ങായിരുന്നു വര്‍ദ്ധന! ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായരീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കില്‍ മുന്നോട്ടുപോകുകയായിരുന്നു. Ara-3 യുടെ എല്ലാ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടരുകയും ചെയ്തു. Ara-3 യുടെ ഫ്‌ളാസ്‌ക്കില്‍ മാത്രം അധികം ഗ്‌ളൂക്കോസ് നിക്ഷേപിച്ചതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചതെന്നായിരിക്കും നമുക്ക് പെട്ടെന്ന് തോന്നുക. ക്ഷമിക്കണം, അങ്ങനെ യാതൊന്നും സംഭവിച്ചിരുന്നില്ല. 12 ഫ്‌ളാസ്‌ക്കുകളിലും ഒരേ അളവിലുള്ള ഗ്‌ളൂക്കാസാണ് വളരെ കണിശമായ അളവില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നത്.

പിന്നെന്താണ് സംഭവിച്ചത്? Ara-3 നുമാത്രം ഇത്രപെട്ടെന്ന് അപ്രതീക്ഷിതമാറ്റം സംഭവിക്കാന്‍ കാരണമെന്ത്? ലെന്‍സ്‌കിയും മറ്റ് രണ്ടു സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തുടരന്വേഷണങ്ങളിലൂടെള്‍ കാരണം കണ്ടെത്തുകതന്നെ ചെയ്തു. ഒന്നോര്‍ക്കുക, ഗ്‌ളൂക്കോസ് ഭക്ഷണം മാത്രമല്ല ഒരു നിയന്ത്രണശക്തി (controlling agent) കൂടിയാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ശേഷിയെ പിന്തുണയ്ക്കുന്ന ഒരു ഉല്‍പ്പരിവര്‍ത്തിത വ്യതിയാനത്തിന് പ്രകൃതിനിര്‍ധാരണപരമായി മുന്‍തൂക്കമുണ്ടാകുമല്ലോ. 12 ഗോത്രങ്ങളുടേയും കാര്യത്തില്‍ പൊതുവായി സംഭവിച്ചത് അതുതന്നെയാണ്. ഒപ്പംതന്നെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, അതായത് പോഷകസൂപ്പില്‍ ഗ്‌ളൂക്കോസ് മാത്രമല്ല ഉണ്ടായിരുന്നത്. അതിലെ മറ്റൊരു ഘടകം സിട്രേറ്റ് (citrate) ആയിരുന്നു(നാരങ്ങ പുളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വസ്തു). പോഷകസൂപ്പില്‍ ധാരാളം സിട്രേറ്റുണ്ടായിരുന്നു. എന്നാല്‍ ഇ.കോളി ബാക്റ്റീരിയകള്‍ക്ക് സാധാരണയായി സിട്രേറ്റ് ഉപയോഗിക്കാനുള്ള കഴിവില്ല;ജലത്തില്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടെങ്കില്‍ വിശേഷിച്ചും. ലെന്‍സ്‌കിയുടെ ഫ്‌ളാസ്‌ക്കുകളില്‍ ഓക്‌സിജന്റെ സാന്നിധ്യം സുലഭമായിരുന്നുവല്ലോ. അങ്ങനെയാണ് 12 ഗോത്രങ്ങളും ഗ്‌ളൂക്കോസ് മാത്രം സ്വീകരിച്ച് സമാനനിരക്കില്‍ പ്രജനനം നടത്തിപ്പോന്നത്. എന്നാല്‍ പെട്ടെന്ന് ഒരുഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു-ശരിക്കും ലോട്ടറിയടിച്ചതുപോല! അതെ, Ara-3 ഫ്‌ളാസ്‌ക്കില്‍ അതാണ് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം, പെട്ടെന്ന് ഗ്‌ളൂക്കോസിന് പുറമേ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും ഗ്‌ളൂക്കോസ് മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. അങ്ങനെ Ara-3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടതല്‍ ഉയരത്തിലെത്തി സ്ഥിരതയാര്‍ജ്ജിക്കുകയും ചെയ്തു. തികച്ചും അവിശ്വനീയം അല്ലേ? പക്ഷെ അതുതന്നെയാണ് സംഭവിച്ചത്.

Ara-3 ഗോത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ച സവിശേഷമായ മാറ്റത്തിന്റെ കാരണം ഗ്രഹിച്ചശേഷം ലെന്‍സ്‌കിയും സംഘവും കൂടുതല്‍ രസകരമായ ചോദ്യങ്ങളുടെ ഉത്തരംതേടാന്‍ തുടങ്ങി. 12 ഗോത്രങ്ങളിലും വളരെ അപൂര്‍വമായി മാത്രം സംഭവിക്കാനിടയുളള ഏതെങ്കിലുമൊരു നാടകീയമായ ഉല്‍പ്പരിവര്‍ത്തനം കാരണമാണോ സിട്രേറ്റ് ഉപയോഗിക്കാനുള്ള ശേഷി Ara-3 യിലെ ബാക്റ്റീരിയകള്‍ കണ്ടുപിടിച്ചത്? അതോ പടിപടിയായിട്ടുള്ള ഒരു വ്യതിയാനമായിരുന്നോ ഈ മാറ്റം കൊണ്ടുവന്നത്? ഇ.കോളി ബാക്റ്റീരിയ ജിനോമിന്റെ ഉല്‍പ്പരിവര്‍ത്തന നിരക്കിന്റെ ശരാശരി ലെന്‍സ്‌കി നേരത്തെ കണക്കാക്കിയിരുന്നു. അതനുസരിച്ച് ഏതെങ്കിലും ഒരോ ജീനിനും 12 താവഴികളിലും കൂടി ഒരു തവണയെങ്കിലും ഉല്‍പ്പരിവര്‍ത്തനം സംഭവിക്കാനായി മുപ്പതിനായിരം തലമുറകള്‍ മതിയായ കാലയളവാണെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയെങ്കില്‍ Ara-3 യില്‍ സംഭവിച്ചത് തീര്‍ത്തും അപൂര്‍വമായ ഒരു ഉല്‍പ്പരിവര്‍ത്തനമാകാന്‍ ഇടയില്ലെന്നും മറ്റ് ഗോത്രങ്ങളും ഇതു 'കണ്ടുപിടിച്ചി'ട്ടുണ്ടാകാനിടയുണ്ടെന്നും ലെന്‍സ്‌കി അനുമാനിച്ചു.

സിട്രേറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ജൈവരാസ മാന്ത്രികത കൈവരിക്കാന്‍ ഒരു ഉല്‍പ്പരിവര്‍ത്തനം മതിയോ? കുറഞ്ഞത് രണ്ടെണ്ണമെങ്കിലും(അതോ മൂന്നോ?) ആവശ്യമാണെന്ന് വന്നാലോ? ഇ.കോളി ജീനോമിന്റെ ശരാശരി ഉല്‍പ്പരിവര്‍ത്തനനിരക്ക് കണക്കിലെടുക്കുമ്പോഴാണ് ഇങ്ങനെ ആരായേണ്ടിവരുന്നത്. ഒന്നിനുപിറകെ ഒന്നായി സങ്കലനമാതൃകയില്‍ സംഭവിക്കാവുന്ന രണ്ടു ഉല്‍പ്പരിവര്‍ത്തനങ്ങളെ കുറിച്ചല്ല നാമിപ്പോള്‍ സംസാരിക്കുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ എപ്പോഴെങ്കിലും സംഭവിക്കുന്ന ആ രണ്ടെണ്ണം ഏതൊക്കെയെന്ന് കണ്ടെത്തിയാല്‍ മതിയായിരുന്നു. അതില്‍ ഏതെങ്കിലും ഒരെണ്ണം സ്വന്തംനിലയില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള പകുതിദൂരം പിന്നിടാന്‍ സഹായിക്കും. അതായത് ആ ഒരെണ്ണംതന്നെ സിട്രേറ്റില്‍ ഭക്ഷണം കണ്ടെത്താനുള്ള ശേഷിയുടെ ഒരു ഭാഗമെങ്കിലും കൊണ്ടുവരും. അതേസമയം രണ്ട് ഉല്‍പ്പരിവര്‍ത്തനങ്ങളും ഒരുമിച്ച് വരുന്നതുപോലെയുള്ള ഫലം ലഭിക്കുകയുമില്ല. അതായത് 'അരഫലം' ലഭിച്ചേക്കും. ശരീരവലുപ്പം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് ഇതിനകം സൂചിപ്പിച്ച ഉല്‍പ്പരിവര്‍ത്തനത്തിന് തത്തുല്യമായിത്തീരുകയാണ് കാര്യങ്ങളിവിടെ. എന്നാല്‍ അത്തരമൊരു സാഹചര്യം അത്ര അസാധാരണമാകാനിടയില്ല; മാത്രമല്ല Ara-3 യുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ തീരെ അപൂര്‍വമാകാന്‍ സാധ്യതയുമില്ല. സൃഷ്ടിവാദക്കാരുടെ പതിവുപല്ലവിയായ 'നിര്‍ധാരണം ചെയ്യാനാവാത്ത സങ്കീര്‍ണ്ണത' (irreducible complexity) എന്ന സങ്കല്‍പ്പത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയാണോ സിട്രേറ്റ് ദഹനശേഷി ചെയ്യുന്നത്? ഒരു രാസമാറ്റത്തിന്റെ ഫലം മറ്റൊരു രാസമാറ്റത്തിന് ഇന്ധനവും പ്രേരകവുമായി മാറുന്ന ജൈവരാസവീഥി ആയിരുന്നേക്കാമിത്. ഒന്നിനും മറ്റൊന്നിന്റെ സഹായമില്ലാതെ മുന്നേറ്റമുണ്ടാക്കാനാവില്ല. അങ്ങനെയെങ്കില്‍ രണ്ട് ഉല്‍പ്പരിവര്‍ത്തനങ്ങള്‍ നാം ഉദ്ദേശിച്ച രാസപ്രവര്‍ത്തനത്തിന്റെ ചാലകശക്തിയായിട്ടുണ്ടാവണം. അവയ്ക്ക് A, B എന്നിങ്ങനെ പേരുകൊടുക്കാം. അത്തരമൊരു വ്യവസ്ഥ അംഗീകരിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും മാറ്റം കാണുന്നതിനുമുമ്പ് രണ്ട് ഉല്‍പ്പരിവര്‍ത്തനവും സംഭവിച്ചിരിക്കണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ 12 ഗോത്രങ്ങളില്‍ ഒന്നില്‍ മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളുവെന്നത് തൃപ്തികരമായി വിശദീകരിക്കുക പ്രയാസകരമായിത്തീരും.

ഇതെല്ലാം സാങ്കല്‍പ്പികമാണ്. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പരീക്ഷിച്ചറിയാന്‍ ലെന്‍സ്‌കിക്കും സംഘത്തിനും കഴിയുമായിരുന്നില്ലേ? കൊള്ളാം, ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നതാണ് വാസ്തവം. ശീതികരിക്കപ്പെട്ട 'ജീവനുള്ള ഫോസിലുകള്‍' വിദഗ്ധമായി ഉപയോഗപ്പെടുത്തിയാണ് അവരാ നേട്ടം കൈവരിച്ചത്. പരീക്ഷണത്തിലുടനീളം ഈ ഫോസിലുകള്‍ വന്‍പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. വീണ്ടും പരികല്‍പ്പനയിലേക്ക് തിരിച്ചുവരാം. അജ്ഞാതമായ ഏതോ സമയത്ത് Ara-3 ഗോത്രത്തില്‍ ഒരു ഉല്‍പ്പരിവര്‍ത്തനം സംഭവിച്ചു. അതായത് ഉല്‍പ്പരിവര്‍ത്തനം-A. പറയത്തക്ക മാറ്റമൊന്നും A കൊണ്ടുണ്ടായില്ല. കാരണം ഉദ്ദേശിക്കപ്പെടുന്ന മാറ്റം സംഭവിക്കണമെങ്കില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഉല്‍പ്പരിവര്‍ത്തനമായ B ഇനിയും സംഭവിച്ചിട്ടില്ല. അതേസമയം ഉല്‍പ്പരിവര്‍ത്തനം-B മാത്രമായി മറ്റുചില ഗോത്രങ്ങളില്‍ സംഭവിച്ചിട്ടുണ്ടാവും. പക്ഷെ അതുമാത്രമായിട്ടും കാര്യമില്ല. കാരണം ഒറ്റയ്ക്ക് കാര്യം നടക്കില്ല. ഉല്‍പ്പരിവര്‍ത്തനം-A മുന്നാടിയായി വന്ന് നിലമൊരുക്കല്‍ നടത്തിയെങ്കില്‍ മാത്രമേ ഉല്‍പ്പരിവര്‍ത്തനം-B യ്ക്ക് പ്രഭാവമുണ്ടാക്കാനാവൂ. അതെ, Ara-3 ഗോത്രത്തില്‍ മാത്രമേ ഇതു രണ്ടും ഒരുപോലെ സംഭവിച്ചിട്ടുള്ളു.
പരിശോധിച്ചറിയാവുന്ന ഒരു പ്രവചനത്തിന്റെ (a testable prediction) രൂപത്തില്‍ ഈ പരികല്‍പ്പന അവതരിപ്പിക്കാനും ലെന്‍സ്‌കിക്ക് സാധിച്ചു. അതിന് മറ്റൊരു ന്യായവുമുണ്ടായിരുന്നു. എന്തെന്നാല്‍ ഭൂതകാലത്ത് സംഭവിച്ചിട്ടുള്ളതാണെങ്കിലും അത് ശരിക്കും ഒരു പ്രവചനം തന്നെയാണ്. ഇതിനെക്കുറിച്ച് വിഖ്യാത ഡാര്‍വിനിസ്റ്റായ റിച്ചാഡ് ഡോകിന്‍സ് ‘The Greatest Show On Earth’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു ശ്രദ്ധിക്കൂ:''ലെന്‍സ്‌കിയുടെ സ്ഥാനത്ത്  ഞാനായിരുന്നെങ്കില്‍ ഈ പ്രവചനം ഇപ്രകാരം പുനരവതരിപ്പിക്കുമായിരുന്നു: പല ഘട്ടങ്ങളില്‍ ശീതികരിക്കപ്പെട്ട Ara-3 ഗോത്രത്തിലെ 'ഫോസിലുകള്‍' പുറത്തെടുക്കും. വളരെ ആസൂത്രിതമായി പിറകോട്ടുപോയി തന്ത്രപ്രധാന ഘട്ടങ്ങളിലെ 'ഫോസിലുകളാ'യിരിക്കും മരവിപ്പില്‍നിന്നും മോചിപ്പിച്ച് പുനര്‍ജീവിപ്പിക്കുക. 'ലാസര്‍ ക്‌ളോണുകള്‍'('Lazarus clone') എന്നുവിളിക്കാവുന്ന ഈ ഫോസിലുകളില്‍ ഓരോന്നിനേയും തുടര്‍പരിണാമം നടത്താന്‍ അനുവദിക്കും. മുഖ്യപരീക്ഷണത്തില്‍ നടക്കുന്ന പുരോഗതിക്കൊപ്പം സഞ്ചരിക്കാന്‍ ഈ ഫോസിലുകളേയും അനുവദിക്കുമങ്കിലും മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്തിയായിരിക്കും ഇതുചെയ്യുന്നത്. ഇനിയാണ് എന്റെ പ്രവചനം. ലാസര്‍ ക്‌ളോണുകളില്‍ ചിലവ സിട്രേറ്റ് ഉപയോഗിക്കാനുള്ള വിദ്യ ഇതിനകം കണ്ടുപിടിച്ചിട്ടുണ്ടാവും. ശീതീകരണത്തില്‍നിന്ന് മോചിപ്പിക്കുമ്പോള്‍ മാത്രമാണത് പഠിക്കാനാവുന്നത്. പക്ഷെ മാറ്റം നടന്നുകഴിഞ്ഞ അവസ്ഥയില്‍ മാത്രമാണ് നാമവയെ കാണുന്നത്. അവിടെയാണ് പ്രശ്‌നം. ഈ മാന്ത്രികമാറ്റം സംഭവിച്ചത് എപ്പോഴാണെന്ന് കൃത്യമായി അറിയാനാവില്ലെങ്കിലും ആ തലമുറയെ നമുക്ക് കണ്ടെത്താനാവും. ഒപ്പം നമ്മുടെ പരികല്‍പ്പനയനുസരിച്ച് Ara-3 ഗോത്രത്തില്‍ ഉല്‍പ്പരിവര്‍ത്തനം-A അരങ്ങേറിയത് എപ്പോഴാണെന്നും നമുക്കറിയാനാവും.''
ഈ പ്രവചനം ശരിയാണെന്ന് ലെന്‍സ്‌ക്കിയുടെ വിദ്യാര്‍ത്ഥിയായ സാക്കറി ബ്‌ളൗണ്ട് (Zachary Blount) കണ്ടെത്തി. പല തലമുറകളില്‍ നിന്നായി ഇ.കോളി വിഭാഗത്തില്‍പ്പെട്ട 40 ട്രില്യണ്‍ (40,000,000,000,000) ബാക്റ്റീരിയകളെ നിരീക്ഷണത്തിന് വിധേയമാക്കികൊണ്ടാണ് അദ്ദേഹം ശ്രമകരമായ തന്റെ പരീക്ഷണങ്ങള്‍ നിര്‍വഹിച്ചത്. ആ മാന്ത്രികനിമിഷം എത്തിയതാകട്ടെ ഏകദേശം 20,000 തലമുറകള്‍ക്ക് ശേഷവും. Ara-3 യുടെ 20,000 തലമുറയ്ക്ക് ശേഷമുള്ള ഫോസില്‍ശേഖരം സിട്രേറ്റ് ആഹരിക്കാനുള്ള ശേഷിയില്‍ വര്‍ദ്ധിച്ചുവരുന്ന സാധ്യതകള്‍ കാണിച്ചുതുടങ്ങി. 20,000 തലമുറയ്ക്ക് മുമ്പുള്ള ഒരു ഫോസിലും അത്തരമൊരു സ്വഭാവം പ്രദര്‍ശിപ്പിച്ചിരുന്നില്ല. അതുവരെ മറ്റേത് ഗോത്രത്തേയും പോലെയായിരുന്നു Ara-3 യും. നമ്മുടെ പരികല്‍പ്പനയനുസരിച്ച് 20000 തലമുറയ്ക്ക് ശേഷമാണ് Ara-3 ഗോത്രം പിന്നീടെത്തുന്ന ഉല്‍പ്പരിവര്‍ത്തനം-B എപ്പോള്‍വന്നാലും പ്രഭാവിതമാകാന്‍ അനുവദിക്കുന്ന രീതിയില്‍'പാകപ്പെട്ടത്'('primed'). 20,000 തലമുറകള്‍ക്ക് ശേഷം സംഭവിച്ച ഈ മാറ്റത്തിന് അനുകൂലമായോ പ്രതികൂലമായോ പിന്നീട് യാതൊരു മാറ്റവുമുണ്ടായില്ല. 20,000 തലമുറയ്ക്ക് ശേഷമുള്ള ശീതികരിക്കപ്പെട്ട ഫോസിലുകള്‍ ബ്‌ളൗണ്ട് പുനര്‍ജീവിപ്പിച്ചപ്പോഴൊക്കെ സിട്രേറ്റ് ഉപയോഗിക്കാനുള്ള ശേഷി വര്‍ദ്ധിച്ചേക്കാവുന്ന സാധ്യതകള്‍ മാറ്റമില്ലാതെ നിലകൊണ്ടു. എന്നാല്‍ ഇരുപതിനായിരം തലമുറയ്ക്ക് മുകളിലുള്ള ശീതകരണ വിമുക്തമായ ഫോസിലുകള്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ പ്രകടമാക്കിയിരുന്നില്ല. അതായത് ഇരുപതിനായിരം തലമുറകള്‍ വരെ Ara-3 ഗോത്രവും മറ്റെല്ലാ ഗോത്രങ്ങളേയും പോലെയായിരുന്നു. ആ ഘട്ടത്തിലുള്ള Ara-3 ഫോസിലുകളില്‍ ഉല്‍പ്പരിവര്‍ത്തനം-A സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇരുപതിനായിരം തലമുറകള്‍ പിന്നിട്ടതോടെ ഉല്‍പ്പരിവര്‍ത്തനം-A സംഭവിച്ചതിലൂടെ ഉല്‍പ്പരിവര്‍ത്തനം-B യ്ക്ക് പ്രഭാവിയാകത്തക്കവിധം Ara-3 ഗോത്രം 'പാകപ്പെട്ടു'. അതുകൊണ്ടുതന്നെ അവയ്ക്ക് മാത്രമേ മറ്റ് പല ഗോത്രങ്ങളിലും നടന്നിരിക്കാനിടയുള്ളതുപോലെ ഉല്‍പ്പരിവര്‍ത്തനം-B സംഭവിച്ചപ്പോള്‍ അത് പ്രയോജനപ്പടുത്താനായുള്ളു. ശാസ്ത്രീയ ഗവേഷണങ്ങളില്‍ ആനന്ദമൂര്‍ച്ഛ പ്രദാനം ചെയ്യുന്ന നിരവധി നിമിഷങ്ങള്‍ ഉയര്‍ന്നുവരും;തീര്‍ച്ചയായും ഇത് അത്തരത്തിലൊന്നായിരുന്നു.

ലെന്‍സ്‌കിയുടെ പരീക്ഷണം തെളിയിക്കുന്നതെന്തെന്നാല്‍ പരീക്ഷണശാലയില്‍ സൂക്ഷ്മജീവികള്‍ വളരെ വേഗത്തില്‍ ഇരട്ടിക്കുന്നതിനാല്‍ നമ്മുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ പരിണാമത്തിന്റെ അടിസ്ഥാനസവിശേഷതകള്‍ പ്രകടമാക്കുന്നുവെന്നതാണ്. അനിയതമായ ഉല്‍പ്പരിവര്‍ത്തനവും അതിനെ പിന്തുടരുന്ന നിയതമായ പ്രകൃതിനിര്‍ധാരണവും വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ക്കൂടിയുള്ള പരിസ്ഥിതിയോടുള്ള അനുകൂലനവും നമുക്കിവിടെ കാണാം. പിന്‍ഗാമികളായി വരുന്ന ഉല്‍പ്പരിവര്‍ത്തനങ്ങള്‍ ഭൂതകാല ഉല്‍പ്പരിവര്‍ത്തനത്തിന്റെ സഹായത്തോടെ പരിണാമവ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നുമിവിടെ പ്രകടമായി. ജീനുകള്‍ പ്രഭാവികളാനായി മറ്റ് ജീനുകളെ ആശ്രയിക്കുന്നതെങ്ങനെയെന്നും ലെന്‍സ്‌കി കാട്ടിത്തരുന്നു. എന്നിട്ടും ഇതെല്ലാം നടക്കാന്‍ സാധാരണ പരിണാമത്തിന് വേണ്ടിവരുന്ന സമയത്തിന്റെ ഒരംശം പോലും വേണ്ടിവന്നുതുമില്ല!

ഈ ശാസ്ത്രവിജയഗാഥയ്ക്ക് ഒരു അപഹാസ്യമായ ഒരനുബന്ധം കൂടിയുണ്ട്. എന്താണെന്നല്ലേ? സൃഷ്ടിവാദികള്‍ അതിനെ വെറുക്കുന്നു. 
ബാക്റ്റീരിയ പരിണമിച്ച് ബാക്റ്റീരിയ ആകുന്നതാണോ പരിണാമം?! ബാക്റ്റീരയയെ കുറഞ്ഞത് ഒരു എലിയെങ്കിലും ആക്കിക്കാണിക്കൂ,എന്നാല്‍ അംഗീകരിക്കാം'-ഇതാണവരുടെ 'ശാസ്ത്രീയ'നിലപാട്! പരിണാമം പ്രവര്‍ത്തിക്കുന്നത് നമ്മെ കാട്ടിത്തരുന്നുവെന്ന് മാത്രമല്ല ജീനോമിലേക്ക് പുതിയ 'വിവരങ്ങള്‍' (information) ആസൂത്രകന്റെ സഹായമില്ലാതെ എത്തിച്ചേരുമെന്നന്നതും ഈ പരീക്ഷണവിജയം സാക്ഷ്യപ്പെടുത്തുന്നു. ആസൂത്രകനില്ലാതെ എന്തെങ്കിലും സംഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ നിമിഷം ചാടിവീണ് നിഷേധിക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് സൃഷ്ടിവാദികള്‍(ശീലിപ്പിക്കപ്പെട്ടു എന്നുപറയുന്നതിന് ഒരു കാരണമുണ്ട്. അവരില്‍ ഒട്ടുമിക്കവര്‍ക്കും 'വിവരം' എന്നതിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല). പ്രകൃതിനിര്‍ധാരണത്തിന്റെ പ്രഭാവം കമനീയമായി വിശദീകരിക്കുന്ന ഈ പരീക്ഷണം സൃഷ്ടിവാദികളുടെ പല പ്രിയപ്പെട്ട ഗണിതസമവാക്യങ്ങളേയും അസാധ്യമാക്കുകയും 'നിര്‍ധാരണം ചെയ്യാനാവാത്ത സങ്കീര്‍ണ്ണത' എന്ന അവരുടെ കേന്ദ്രസിദ്ധാന്തത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോരസപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍.

വികിപീഡിയയുടെ കുപ്രസിദ്ധ അനുകരണമായ 'കണ്‍സര്‍വപീഡയയുടെ' ('conservapedia') സൃഷ്ടിവാദ എഡിറ്ററായ ആന്‍ഡ്രൂ ഷാഫ്‌ളീ (Andrew schlafly) പരീക്ഷണങ്ങളുടെ യഥാര്‍ത്ഥ ഡേറ്റ (original data) മുഴുവന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ലെന്‍സ്‌കിക്ക് എഴുതിയിരുന്നു. പരീക്ഷണത്തിന്റെ ആധികാരകതയെപ്പറ്റി സംശയമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സംസ്‌ക്കാരശൂന്യമായ ആ നിര്‍ദ്ദേശത്തോട് പ്രതികരിക്കേണ്ട യാതൊരു ബാധ്യതയും ഉണ്ടായിരുന്നില്ലെങ്കിലും വളരെ സൗമ്യമായി ലെന്‍സ്‌കി പ്രതികരിച്ചു. വിമര്‍ശനം നടത്തുന്നതിനുമുമ്പ് തന്റെ ഗവേഷണപ്രബന്ധം വായിക്കാന്‍ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം ഷാഫ്‌ളീയോട് അഭ്യര്‍ത്ഥിച്ചു. തന്റെ ഏറ്റവും അമൂല്യമായ തെളിവ് ശീതികരിക്കപ്പെട്ട ഫോസിലുകളായി സൂക്ഷിച്ചിരിക്കുന്ന പല പരിണാമ ഘട്ടങ്ങളിലുള്ള ബാക്റ്റീരിയയാണെന്നും ആര്‍ക്കുവേണമെങ്കിലും അവ പരിശോധിച്ച് സ്ഥിരീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലില്‍ പ്രവര്‍ത്തനപരിചയവും വൈദഗ്ധ്യമുള്ള ഏത് ബാക്റ്റീരിയോളജിസ്റ്റിനും സാമ്പിളുകള്‍ കൈമാറാന്‍ സന്തോഷമേയുള്ളുവെന്നും ലെന്‍സ്‌ക്കി അറിയിച്ചു. എന്നാല്‍ അവിദഗ്ധകരങ്ങളില്‍ അത്തരം സാമ്പിളുകള്‍ ഏല്‍പ്പിക്കുന്നത് അപകടകരമായേക്കും. തുടര്‍ന്ന് ഒരു ബാക്റ്റീരിയ വിദഗ്ധന് ഉണ്ടായിരിക്കേണ്ട യോഗ്യതയെപ്പറ്റിയുള്ള മുഴുവന്‍ വിശദാംശങ്ങളും ദയാശൂന്യമായ രീതിയില്‍തന്നെ അദ്ദേഹം വിവരിച്ചു. എത്ര സന്തോഷത്തോടെയാണ് അദ്ദേഹമത് ചെയ്തിരുന്നതെന്ന് നമുക്കൂഹിക്കാം. കാരണം അതിസങ്കീര്‍ണ്ണമായ ലബോറട്ടിറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതുപോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാവണ്ണം ഗ്രഹിക്കുന്നതിനുപോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രു ഷാഫ്‌ളീക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ വളരെ സുവ്യക്തമായ ഭാഷയില്‍ പ്രശസ്ത ജീവശാസ്ത്രജ്ഞനും ബ്‌ളോഗറുമായ പി.സി മെയേഴ്‌സ് (PZ Myers) ''ഒരിക്കല്‍ക്കൂടി റിച്ചാഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ്പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഡികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു, പ്രിയപ്പെട്ടവരെ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭമാക്കുന്നു'' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തില്‍ വിജയഭാവത്തില്‍ വിവരിച്ചിട്ടുണ്ട്. ഫോസിലുകള്‍ ശീതികരിച്ച് സൂക്ഷിക്കാനും പുനര്‍ജീവിപ്പിക്കാനുമുള്ള അതിവിദഗ്ധമായ നൂതന സാങ്കേതികവിദ്യയും പ്രകൃതിനിര്‍ധാരണത്തിന്റെ പ്രഭാവവും പരിണാമമാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള അതിന്റ ശേഷിയും ഒരു മനുഷ്യജന്മത്തിനുള്ളില്‍ കണ്ടറിയാവുന്ന രീതിയില്‍, നമ്മുടെ കണ്‍മുമ്പില്‍ തെളിയിക്കുകയാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ചെയ്യുന്നത്. ഒരുപക്ഷെ കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ 
പരിണാമസംബന്ധിയായി അരങ്ങേറിയ ഏറ്റവും മഹത്തായ പരീക്ഷണമാണിത്.****


Reference 
1.The Greatest Show on the Earth by Richard Dawkins
2. Richard lenski, myxo.css.msu.edu/,en.wikipedia.org/wiki/Richard_Lenski
3. rationalwiki.org/wiki/Richard_Lenski, 

4. www.evolutionnews.org/.../richard_lenski_evolvability_an045921.h.
5. "Richard Lenski has replied to the goons and fools at Conservapædia" by PZ Myers, @http://scienceblogs.com/pharyngula/2008/06/lenski_gives_conservapdia_a_le.php

4 comments:

  1. ഈ ശാസ്ത്രവിജയഗാഥയ്ക്ക് ഒരു അപഹാസ്യമായ ഒരനുബന്ധം കൂടിയുണ്ട്. എന്താണെന്നല്ലേ? സൃഷ്ടിവാദികള്‍ അതിനെ വെറുക്കുന്നു. പരിണാമം പ്രവര്‍ത്തിക്കുന്നത് നമ്മെ കാട്ടിത്തരുന്നുവെന്ന് മാത്രമല്ല ജീനോമിലേക്ക് പുതിയ 'വിവരങ്ങള്‍' (information) ആസൂത്രകന്റെ സഹായമില്ലാതെ എത്തിച്ചേരുമെന്നന്നതും ഈ പരീക്ഷണവിജയം സാക്ഷ്യപ്പെടുത്തുന്നു. ആസൂത്രകനില്ലാതെ എന്തെങ്കിലും സംഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ നിമിഷം ചാടിവീണ് നിഷേധിക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് സൃഷ്ടിവാദികള്‍

    ReplyDelete
  2. "തിരയും മതങ്ങളുമെതിര്‍ത്തു,'ബീഗിള്‍ '
    കടലിനെ ചുറ്റി കുതിച്ചു !
    അറിവിന്റെ ചെപ്പുകള്‍ തേടി ഡാര്‍വിന്റെ
    ഹൃദയം സഹര്‍ഷം തുടിച്ചു !!"
    ('ഡാര്‍വിന്‍' എന്ന എന്റെ കവിതയുടെ ആദ്യഭാഗം )

    ReplyDelete
  3. ഉജ്വലമായ ഒരു പരീക്ഷണം. ഉഗ്രന്‍ പോസ്റ്റും. നന്ദി.

    ReplyDelete
  4. പക്ഷെ ഇപ്പറയുന്ന ഇ.കോളി ബാക്ടീരിയയെ ആര് സൃഷ്ടിച്ചു ?

    ReplyDelete